Breaking News

Trending right now:
Description
 
May 19, 2013

എല്‍ദോ ഖത്തറില്‍ നിന്ന്‌ തിരിച്ചെത്തി

ഗ്ലോബല്‍ മലയാളം ഇംപാക്ട്‌: : ഏജന്‍സിയുടെ കബളിപ്പിക്കലിന്‌ ഇരയായവര്‍ക്ക്‌ പണം തിരികെ നല്‌കാന്‍ ഏജന്‍സി നിര്‍ബന്ധിതമായി
image കൊച്ചി: ട്രാവല്‍ ഏജന്‍സിയുടെ കബളിപ്പിക്കലിന്‌ ഇരയായി ഖത്തറില്‍ കുരുങ്ങിയ മലയാളി നഴ്‌സ്‌ എല്‍ദോ ഞായറാഴ്‌ച നാട്ടില്‍ മടങ്ങിയെത്തി.

ഗ്ലോബല്‍ മലയാളവും യുഎന്‍പിഎ ഖത്തര്‍ കോര്‍ഡിനേറ്റര്‍ നൗഫല്‍ പുളിങ്ങവും നടത്തിയ ശക്തമായ ഇടപെടലാണ്‌ രക്ഷപ്പെടലിന്‌ വഴി ഒരുക്കിയത്‌. 

ജോലി നല്‌കാമെന്ന വാഗ്‌ദാനത്തില്‍ ലക്ഷങ്ങള്‍ വാങ്ങി വിസിറ്റിങ്ങ്‌ വീസയില്‍ ഖത്തറില്‍ എത്തിച്ചതായിരുന്നു ഏജന്‍സി. എന്നാല്‍ വീസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ മൂന്നരലക്ഷം ഫൈന്‍ അടയ്‌ക്കാതെ ഏജന്‍സി മുങ്ങുകയായിരുന്നു. ഇൗ വിഷയം യുഎന്‍പിഎ ഖത്തര്‍ കോര്‍ഡിനേറ്റര്‍ നൗഫല്‍ ഏറ്റെടുത്തു. ഇതിനു മുമ്പ്‌ ഏജന്‍സിയുടെ കബളിപ്പിക്കലിന്‌ ഇരയായവര്‍ക്ക്‌ പണം തിരികെ നല്‌കാന്‍ ഏജന്‍സി നിര്‍ബന്ധിതമായത്‌ ഗ്ലോബല്‍ മലയാളത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌. ഗ്ലോബല്‍ മലയാളം ഓണ്‍ലൈന്‍ പത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന്‌ നഴ്‌സിങ്ങ്‌ സംഘടനയായ യുഎന്‍എയുടെ പ്രവര്‍ത്തകര്‍ എല്‍ദോയുടെ മാതാപിതാക്കള്‍ക്കൊപ്പം എത്തി കൊച്ചിയിലെ അല്‍ റാസി ഏജന്‍സിയുടെ ഓഫീസ്‌ ഉപരോധിച്ചു. പോലീസ്‌ നേതാക്കളുമായ നടത്തിയ അനുരഞ്‌ജന ചര്‍ച്ചയില്‍ പത്തു ദിവസത്തിനകം എല്‍ദോയെ നാട്ടില്‍ എത്തിക്കാന്‍ വ്യവസ്ഥ ചെയ്യുകയായിരുന്നു.

എന്നാല്‍ പോലീസ്‌ ഇടപെടലിനു ശേഷവും ഗ്ലോബല്‍ മലയാളം പത്രവും നൗഫലും നിരന്തരമായി അല്‍റാസിയുടെ ഖത്തര്‍ ഓഫീസുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്നു. കൂടാതെ ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പ്രമുഖരുമായും നടത്തിയ ഇടപെടലാണ്‌ മോചനത്തിന്‌ വഴി ഒരുക്കിയത്‌. നാട്ടിലെത്തിയ എല്‍ദോ ഗ്ലോബല്‍ മലയാള പത്രത്തിന്റെ ഇടപെടലിന്‌ നന്ദി അറിയിച്ചു. യുഎന്‍എയുടെ എല്ലാ നേതാക്കള്‍ക്കും പ്രത്യേകിച്ച്‌ കൊച്ചി ജില്ലാഭാരവാഹികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി എല്‍ദോ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. 

കൊച്ചിയിലേയ്‌ക്കുള്ള എമിറേറ്റ്‌സ്‌ വിമാനത്തില്‍ കയറ്റിവിടുന്നതു വരെ നൗഫല്‍ കൂടെയുണ്ടായിരുന്നു.
ഇന്നലെ രാത്രിയില്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ എത്തിയ എല്‍ദോ ഖത്തര്‍ എയര്‍പോര്‍ട്ടില്‍ നൗഫലിനൊപ്പം.