Breaking News

Trending right now:
Description
 
May 18, 2013

സംസ്ഥാനത്ത്‌ 18 വയസില്‍താഴെയുള്ള കുട്ടികളുടെ ചികിത്സാചെലവ്‌ സര്‍ക്കാര്‍ നടത്തും

image സംസ്ഥാനത്ത്‌ 18 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളുടെയും ചികിത്സാച്ചെലവു സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച ആരോഗ്യകിരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 18 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഏതു രോഗത്തിനും ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്‌. എപിഎല്‍- ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും ആദായനികുതി അടയ്‌ക്കുന്നവരുടെയും ആശ്രിതരെ പദ്ധതിയില്‍നിന്ന്‌ ഒഴിവാക്കി. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ അവകാശനിയമം കൊണ്ടുവരേണ്ടതുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു തെരഞ്ഞെടുത്ത 30 രോഗങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സൗജന്യചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. എന്നാല്‍, രോഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതിലൂടെ ഒട്ടേറെപ്പേര്‍ക്കു ചികിത്സ ലഭിക്കില്ല. ഇതു മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ്‌ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുന്നത്‌. സംസ്ഥാനത്ത്‌ ജനറിക്‌ മരുന്നുകളുടെ വിതരണം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെയുള്ള എല്ലാ ആശുപത്രികളിലും ഓഗസ്റ്റ്‌ 15 മുതല്‍ ആരംഭിക്കും. നിലവില്‍ മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലുമാണ്‌ ഇവ ലഭിക്കുന്നത്‌. രണ്ടു ലക്ഷം രൂപ അപകടമരണ ധനസഹായവും സൗജന്യ ചികിത്സയും ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുകൂടി ലഭ്യമാകുന്ന തരത്തില്‍ വിപുലീകരിക്കാനും തീരുമാനമുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.