Breaking News

Trending right now:
Description
 
Oct 06, 2012

ഡെങ്കിപ്പനി പകരുന്നു: തിരുവനന്തപുരത്തിന്‌ രണ്ടാം സ്ഥാനം

image തിരുവനന്തപുരം: രാജ്യത്ത്‌ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്‌ രണ്ടാം സ്ഥാനം. കേന്ദ്ര ആരോഗ്യവകുപ്പ്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഈ വര്‍ഷം 2,000 പേര്‍ക്ക്‌ ഡെങ്കിപ്പനി ബാധിച്ചുവെന്നാണ്‌ കണക്കുകള്‍. ഒക്‌ടോബര്‍ മാസത്തിലെ ആദ്യ മൂന്ന്‌ ദിവസത്തില്‍ തന്നെ 23 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത്‌ പശ്ചിമ ബംഗാളിലാണ്‌ ഏറ്റവും അധികം ഡെങ്കിപ്പനി ബാധിതര്‍ ഉള്ളതെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. മാലിന്യനീക്കം നിലച്ച നഗരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒന്‍പത്‌ മാസത്തിനുള്ളില്‍ രണ്ടായിരം പേര്‍ക്ക്‌ തിരുവനന്തപുരത്ത്‌ ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്‌. എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി പുറത്തുവന്നാല്‍ എണ്ണം ഇരട്ടിയാകും. തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതാണ്‌ ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നതെന്നാണു പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌. എലിപ്പനി, ഹെപ്പറ്റൈറ്റിസ്‌-ബി രോഗങ്ങള്‍ ബാധിച്ച്‌ തലസ്ഥാനത്ത്‌ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണം അയ്യായിരം കവിയും. ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക്‌ വീണ്ടും ഈ രോഗം വരാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ മരണംവരെ സംഭവിക്കാമെന്നും ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.