Breaking News

Trending right now:
Description
 
May 16, 2013

കാന്‍സറിനെ ഭയന്ന്‌ നടി ആഞ്‌ജലീന ജോളി ഇരു സ്‌തനങ്ങളും നീക്കം ചെയ്‌തു

image
സ്‌തനാര്‍ബുദ സാധ്യതയുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന്‌ ഇരു സ്‌തനങ്ങളും ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തുവെന്ന്‌ ഹോളിവുഡ്‌ നടി ആന്‍ജലീന ജോളി വെളിപ്പെടുത്തി. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ചൊവ്വാഴ്‌ച എഴുതിയ ലേഖനത്തിലൂടെയാണ്‌ ഓസ്‌കര്‍ പുരസ്‌കാരം നേടിയ ജോളി ശസ്‌ത്രക്രിയയുടെ കാര്യം വെളിപ്പെടുത്തിയത്‌. അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ ഗുഡ്‌വില്‍ അംബാസഡറായി പ്രവര്‍ത്തിച്ചുവരികയാണ്‌ 37കാരിയായ ജോളി. അര്‍ബുദത്തിനു കാരണമായേക്കാവുന്ന ഒരു ജീന്‍ തനിക്കുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഇത്തരമൊരു നടപടിക്കു തയാറായതെന്ന്‌ അവര്‍ പറഞ്ഞു.

സ്‌തനാര്‍ബുദത്തിന്‌ 87% സാധ്യതയും അണ്ഡാശയ കാന്‍സറിന്‌ 50% സാധ്യതയുമുണ്ടായിരുന്നു. ശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ സ്‌തനാര്‍ബുദ സാധ്യത അഞ്ചു ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 27നാണ്‌ ശസ്‌ത്രക്രിയകള്‍ പൂര്‍ത്തിയായത്‌. മൂന്നു മാസം ദീര്‍ഘിച്ച ചികിത്സാവേളയില്‍ ജീവിത പങ്കാളി ബ്രാഡ്‌ പിറ്റ്‌ ജോളിക്ക്‌ സമീപത്തുണ്ടായിരുന്നു. 


ജോളിയുടെ തീരുമാനം ധീരോദാത്തമായിരുന്നുവെന്ന്‌ പിറ്റ്‌ ലണ്ടന്‍ ഈവനിംഗ്‌ സ്റ്റാന്റാര്‍ഡിന്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കുട്ടികളോടും എന്നോടുമൊപ്പം ആരോഗ്യകരമായ ദീര്‍ഘജീവിതം അവള്‍ക്കുണ്ടാവണമെന്നു മാത്രമാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദത്തെടുത്ത മൂന്നു പേര്‍ ഉള്‍പ്പെടെ ആറുകുട്ടികളാണ്‌ ഇവര്‍ക്കുള്ളത്‌.