Breaking News

Trending right now:
Description
 
May 16, 2013

എഡിജിപി സന്ധ്യ വീണ്ടും കവിതയെഴുതി പ്രതിഷേധിച്ചു

image കവിതയെഴുതിയതിന്റെ പേരില്‍ ഡിജിപിക്കു വിശദീകരണം നല്‍കേണ്ടിവന്ന എഡിജിപി ബി. സന്ധ്യ പുതിയ കവിത എഴുതി വീണ്ടും വിവാദത്തിലായി. നേരത്തെ ഒരു വാരികയില്‍ എനിക്ക്‌ ഇങ്ങിനെയേ ആവാന്‍ കഴിയൂ- എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതയില്‍ രാഷ്‌ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈ കവിത വന്‍ വിവാദമായതോടെയാണു കവയത്രിയോട്‌ വകുപ്പുതലത്തില്‍ വിശദീകരണം തേടിയത്‌. തന്നോടു വിശദീകരണം തേടിയതിനോടുള്ള പ്രതികരണമെന്നോണമാണു സന്ധ്യയുടെ പുതിയ കവിത. ഗള്‍ഫില്‍നിന്നു പുറത്തിറങ്ങുന്ന മലയാള പ്രസിദ്ധീകരണത്തിലാണ്‌ - അലിയൂ ആ നീലവിഹായസില്‍ എന്ന പേരിലുള്ള കവിത പ്രസിദ്ധീകരിച്ചത്‌. ചുഴലിക്കൊടുങ്കാറ്റെത്ര നാള്‍ തളയ്‌ക്കും വിലങ്ങുകളാല്‍ നിങ്ങള്‍, ഗര്‍ജിക്കും പേമാരി എത്ര നാള്‍ തടുക്കും വിലക്കുകളില്‍ നിങ്ങള്‍ എന്ന്‌ തുടങ്ങുന്ന കവിതയിലുടനീളം തന്റെ ആദ്യ കവിതയ്‌ക്കെതിരേ വാളോങ്ങിയവര്‍ക്കുള്ള പരിഹാസമാണ്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌. പൊലീസുകാര്‍ക്ക്‌ സാഹിത്യ സൃഷ്ടി നടത്തുന്നതിന്‌ സര്‍വീസ്‌ ചട്ടം തടസമല്ലെങ്കിലും സമൂഹവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കുന്ന വരികള്‍ സാഹിത്യസൃഷ്ടിയായി പരിഗണിക്കാവുന്നതല്ലെന്ന വിലയിരുത്തലില്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു സന്ധ്യയോടു ഡിജിപി വിശദീകരണം തേടിയത്‌. സന്ധ്യയുടെ വിശദീകരണത്തിന്മേല്‍ എന്തു തീരുമാനമെടുക്കണമെന്ന്‌ ആഭ്യന്തര വകുപ്പ്‌ ആലോചിക്കുന്നതിനിടയിലാണു സന്ധ്യ തന്റെ പുതിയ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. അക്ഷരത്തിന്റെ അഭിമാനത്തിനേറ്റ ആഘാതത്തിനെതിരേയുള്ള കവയത്രിയുടെ പ്രതികരണമാണിതെന്ന പത്രാധിപരുടെ കുറിപ്പോടു കൂടിയാണു കവിത പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്‌.