
അരുണ്‍ വില്‍സണ്‍
തൃശൂര്‍: സമരങ്ങള്‍ സങ്കീര്ണ്ണതയിലെത്തുമ്പോള് മാത്രം ഇടപെടുന്ന രീതി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവെടിയണമെന്ന് പ്രമുഖ മനുഷ്യാവകാശ-പാരിസ്ഥിതിക പ്രവര്‍ത്തകനായ സി.ആര്. നീലകണ്ഠന് അഭിപ്രായപ്പെട്ടു. മദര്‍ ആശുപത്രി നഴ്സുമാര്‍ 32 ദിവസമായി തുടരുന്ന സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ സമരങ്ങളെ അട്ടിമറിക്കാനാണ് എല്ലാ കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നഴ്സുമാര്‍ നടത്തുന്ന ജീവന്മരണ പോരാട്ടത്തിനെയും ഒതുക്കിതീര്‍ക്കാനാണ് കരുനീക്കം.
മദര്‍ സമരത്തിന് പിന്തുണയുമായി സമരപന്തലില്‍ എത്തുമെന്ന് ഫേസ്ബുക്ക് വഴി നഴ്സുമാര്‍ പ്രചരിപ്പിച്ചതുമുതല് തന്നെ പിന്തിരിപ്പിക്കാന് നേരിട്ടും മറ്റുള്ളവര്‍ വഴിയും ആശുപത്രി എം.ഡി ശ്രമം നടത്തി. ഇത്രയും പണിപ്പെടുന്ന മാനേജ്മെന്റിന് സമരം നല്ല രീതിയില്‍ തീര്‍ക്കാന്‍ മനസ്സുതോന്നാത്തതെന്താണെന്ന് സി.ആര് ചോദിച്ചു.
നഴ്സുമാരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 23 മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്സുമാരും അനിശ്ചിതകാലത്തേക്ക് പണിമുടക്കി മദര്‍ ആശുപത്രിക്ക് മുന്നില്‍ സത്യഗ്രഹം ആരംഭിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ മുന്നറിയിപ്പ് നല്കി.
സെക്രട്ടറി സുധീപ് കൃഷ്ണന്, ജില്ലാ പ്രസിഡന്റ് എം.വി. സുധീപ്, സംസ്ഥാന കമ്മിറ്റിയംഗം രശ്മി, യൂണിറ്റ് ഭാരവാഹികളായ അരുണ്‍ വില്‍സണ്‍, സുദീപ് ദിലീപ് എന്നിവര്‍ സംസാരിച്ചു.