Breaking News

Trending right now:
Description
 
May 15, 2013

ഫാ. കുന്നത്ത്‌ ഫൗണ്ടേഷന്‍ വാര്‍ഷികം 27-ന്‌, ജോര്‍ജ്‌ കള്ളിവയലില്‍ മുഖ്യാതിഥി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: ഫാ.മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ എട്ടാം വാര്‍ഷികവും ഫാ. മാത്യു കുന്നത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 53-ാം വാര്‍ഷികവും 82-ാം പിറന്നാളും മേയ്‌ 19-ന്‌ നട്‌ലി ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മ്മല്‍ പള്ളിയില്‍ ആഘോഷിക്കുന്നു. വൈകീട്ട്‌ നാലിന്‌ നിരവധി വൈദികര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയോടെയാണ്‌ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്നു നടക്കുന്ന സ്‌നേഹവിരുന്നിനുശേഷം ഫൗണ്ടേഷന്‍ കുടുംബാംഗങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ണശബളമായ കലാവിരുന്നും അരങ്ങേറും.
വൈകുന്നേരം ആറിന്‌ ആരംഭിക്കുന്ന കലാവിരുന്ന്‌ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദീപികയുടെ അസോസിയേറ്റ്‌ എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലില്‍ ഉദ്‌ഘാടനംചെയ്യും. സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട പ്രമുഖര്‍ ആഘോഷപരിപാടികളില്‍ പങ്കുചേരും.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഒരു വേറിട്ട മുഖത്തിനുടമയായ ഫാ. മാത്യു കുന്നത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന്‌ ആരംഭിച്ച ഫാ. മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ മൂന്നേകാല്‍ ലക്ഷത്തില്‍പ്പരം ഡോളറിന്റെ സാമ്പത്തിക സഹായമാണ്‌ കേരളത്തിലുള്ള നിരവധി നിര്‍ധനര്‍ക്കായി ചെയ്‌തത്‌. അമേരിക്കയിലെ നിരവധി മലയാളി കുടുംബങ്ങളുടെ ആത്മീയഗുരുവായ മാത്യു അച്ചന്‍വഴി അഞ്ഞൂറില്‍പ്പരം കുടുംബങ്ങളാണ്‌ അമേരിക്കയില്‍ എത്താനിടയായത്‌. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ തന്നാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്കു ചെയ്യുക എന്ന ധാര്‍മ്മിക മൂല്യം ഉയര്‍ത്തിപ്പിടിച്ച മാത്യു അച്ചന്റെ അശ്രാന്തപരിശ്രമം മൂലം ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പലരുടെയും ഇമിഗ്രേഷന്‍ പേപ്പറുകള്‍ ശരിയാക്കിയെടുക്കാന്‍ കഴിഞ്ഞു. കാല്‍നൂറ്റാണ്ടിലേറെ മലയാളി നഴ്‌സുമാരെ അമേരിക്കയിലെത്തിക്കാന്‍വേണ്ടി സേവനംചെയ്‌ത മാത്യു അച്ചന്‍ ന്യുവാര്‍ത്ത്‌ അതിരൂപതയിലെ വിവിധ പള്ളികളില്‍ സേവനംചെയ്‌തുകൊണ്ടാണ്‌ തന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയത്‌. ഇപ്പോള്‍ 82-ാം വയസ്സില്‍ വിശ്രമജീവിതത്തിനായി മൗണ്ട്‌ കാര്‍മല്‍ പള്ളിയില്‍ താമസിക്കുമ്പോഴും ഒരു യുവ വൈദികന്റെ പ്രസരിപ്പോടെ മുഴുവന്‍സമയ ജോലിയും ചെയ്‌തുവരികയാണ്‌.

ജീവകാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിവച്ചിരിക്കുന്ന മാത്യു അച്ചന്‍ മൂന്നു പതിറ്റാണ്ടിലേറെയായി നാട്ടിലുള്ള നിര്‍ധനര്‍ക്ക്‌ പഠന, ചികിത്സാ സഹായങ്ങളും, വീടുകള്‍ നിര്‍മിക്കാന്‍ സഹായവും ചെയ്‌തിരുന്നു. എട്ടുവര്‍ഷം മുമ്പ്‌ അദ്ദേഹംവഴി അമേരിക്കയില്‍ എത്തിയവരും, ഏതെങ്കിലും വിധത്തില്‍ അദ്ദേഹം സഹായിച്ചിട്ടുള്ളവരും ചേര്‍ന്ന്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണയേകാന്‍ ഫാ. മാത്യു കുന്നത്ത്‌ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ട്രസ്റ്റിനു രൂപംനല്‍കുകയായിരുന്നു. അദ്ദേഹംവഴി അമേരിക്കയിലെത്തിയവര്‍ ഇന്ന്‌ അമേരിക്കയുടെ പല ഭാഗങ്ങളിലായാണ്‌ താമസിക്കുന്നത്‌. എങ്കിലും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു തടസവും വന്നിട്ടില്ല. അച്ചനിലെ നന്മ തിരിച്ചറിഞ്ഞ, യാതൊരു സഹായവും വേണ്ടിവന്നിട്ടില്ലാത്ത നിരവധിപേരാണ്‌ ഇന്ന്‌ ഈ പ്രസ്ഥാനത്തിന്റെ അമരത്തുള്ളത്‌. എങ്കിലും അച്ചന്‍വഴി അമേരിക്കയിലെത്തിയവരുടെ കൂട്ടായ്‌മ ബലപ്പെടുത്താന്‍ ഫൗണ്ടേഷനുമായി എല്ലാവരും സഹകരിക്കണമെന്ന്‌ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ആല്‍ബര്‍ട്ട്‌ ആന്റണി കണ്ണമ്പള്ളി അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ albertantony@yahoo.com, kunncyriac@verizon.net എന്നീ ഇ-മെയില്‍ വിലാസത്തിലോ, 973-715-3406 (ആല്‍ബര്‍ട്ട്‌ ആന്റണി), 908-591-8422 (സിറിയക്ക്‌ കുന്നത്ത്‌) എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

ആഘോഷ പരിപാടികളുടെ വിശദാംശങ്ങള്‍ക്ക്‌ സജിമോന്‍ ആന്റണി (862-438-2361), റോസലിന്‍ തോട്ടുമാരിക്കല്‍ (973-902-1614) എന്നിവരെ ബന്ധപ്പെടാം. വിലാസം: 120, Prospect Street, Nutley, NJ- 07110.