Breaking News

Trending right now:
Description
 
May 15, 2013

ആറാഴ്‌ചയില്‍ ഗുഡ്‌ സോള്‍സ്‌ അവരെ പുതിയ മനുഷ്യരാക്കി

ഫ്രാന്‍സിസ്‌ തടത്തില്‍
image
ന്യൂജേഴ്‌സി: ആറാഴ്‌ചമുമ്പ്‌ നാലാളുകള്‍ക്കുമുന്നില്‍ എഴുന്നേറ്റുനിന്ന്‌ സഭാകമ്പംകൂടാതെ രണ്ടുവാക്കു പറയാന്‍ ഇവരില്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ചിലര്‍ സംസാരിക്കുമ്പോള്‍ തലകുനിച്ചിരിക്കും, മുഖത്തേക്കു നോക്കില്ല, കൈകള്‍ വിറപൂണ്ട്‌ ഡസ്‌കില്‍ പിടിച്ചിരിക്കും, ചിലരെ കുത്തി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചാലും എഴുന്നേല്‍ക്കില്ല... ദിവസങ്ങള്‍ കടന്നുപോയി. ഇന്നവര്‍ പ്രൗഢഗംഭീരമായി സംസാരിക്കുന്നു. സഭാകമ്പമില്ലാതെ, ചങ്കൂറ്റത്തോടെ അറിയുന്ന വിഷയങ്ങളെക്കുറിച്ച്‌ വാചാലരാകുന്നു. മുഖത്തോടുമുഖംനോക്കി പ്രസന്നഭാവത്തോടെ. 

ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ ഇന്റര്‍നാഷണലിന്റെ കീഴില്‍ ഗാര്‍ഫീല്‍ഡ്‌ ബ്ലെസ്‌ഡ്‌ ജോണ്‍ പോള്‍ സെക്കന്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ആറു ശനിയാഴ്‌ചകളില്‍ സംഘടിപ്പിച്ച ഇന്റര്‍പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ പരിശീലന പരിപാടിയിലാണ്‌ യുവജനങ്ങള്‍ അത്ഭുതകരമായ പ്രസംഗപാടവം വളര്‍ത്തിയെടുത്തത്‌. 

ഇരുപതുപേര്‍ക്കായി സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ സമാപനയോഗത്തില്‍ റോക്ക്‌ലാന്‍ഡ്‌ കൗണ്ടി ലെജിസ്ലേച്ചര്‍ ആനി പോള്‍ മുഖ്യാതിഥിയായിരുന്നു. നല്ല നാളെകള്‍ക്കായി സ്വപ്‌നം കണ്ടാലേ ഉയരങ്ങളിലേക്ക്‌ എത്തിച്ചേരാന്‍ കഴിയൂ എന്ന്‌ ആനി പോള്‍ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ ആനി പോള്‍ കീര്‍ത്തിപത്രം സമ്മാനിച്ചു. 

ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ ഇന്റര്‍നാഷണലിന്റെ ഡിസ്‌ട്രിക്ട്‌ 8 നുകീഴിലുള്ള നിരവധി പ്രമുഖര്‍ വിവിധ സെഷനുകളിലായി ക്ലാസെടുത്തു. ടോസ്‌റ്റ്‌ മാസ്‌റ്റര്‍ ഇന്റര്‍നാഷണല്‍ ഏരിയ 61 പ്രസിഡന്റ്‌ും ഡിസ്റ്റിന്‍ഗ്വിഷ്‌ഡ്‌ ടോസ്‌റ്റ്‌ മാസ്‌റ്റര്‍മാരായ കരണ്‍ സീമാന്‍, കെവിന്‍ തോംസണ്‍, ബ്രയണ്‍ ലിന്‍ തുടങ്ങിയ പ്രമുഖരാണ്‌ ക്ലാസുകള്‍ നയിച്ചത്‌. 

ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ ക്ലബ്‌ വൈസ്‌ പ്രസിഡന്റ്‌ (എഡ്യുക്കേഷന്‍) തോമസ്‌ തോട്ടുകാവിലിന്റെ നേതൃത്വത്തിലാണ്‌ ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്‌. ഗാള്‍ഫീല്‍ഡ്‌ മിഷന്‍ വിമന്‍സ്‌ ഫോറത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ മുന്‍ പ്രസിഡന്റ്‌ വിന്‍സെന്റ്‌ തോട്ടുമാരില്‍, സെക്രട്ടറി റോസ്‌്‌ലിന്‍ തോട്ടുമാരില്‍, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ മരിയ തോട്ടുകടവില്‍ എന്നിവര്‍ എല്ലാ ആഴ്‌ചയിലും നേതൃത്വംനല്‍കാന്‍ എത്തിയിരുന്നു. 

ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ പ്രസിഡന്റ്‌ ഷൈനി സാബു, വൈസ്‌ പ്രസിഡന്റുമാരായ സജിമോന്‍ ആന്റണി, ഫ്രാന്‍സിസ്‌ തടത്തില്‍, മറ്റു ക്ലബ്‌ ഭാരവാഹികളായ സെബാസ്റ്റ്യന്‍ ടോം, മഞ്‌ജു ബിനു തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി ക്ലാസ്‌ നയിച്ചു.

ഇത്തവണ അവസരം ലഭിക്കാത്ത കുട്ടികള്‍ക്കായി വീണ്ടും പരിശീലനപരിപാടി സംഘടിപ്പിക്കുമെന്ന്‌ തോമസ്‌ തോട്ടുകടവില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ ഇടവകകളിലും, മറ്റു ക്രിസ്‌തീയ സഭകളിലും ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ ക്ലബ്‌ നിലവില്‍ വരണമെന്നും അതുവഴി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രസംഗ പാടവം സ്വായത്തമാക്കാന്‍ സാധിക്കണമെന്നുമാണ്‌ തന്റെ ആഗ്രഹമെന്ന്‌ തോമസ്‌ പറഞ്ഞു. അതിനായി എന്തു സാങ്കേതിക സഹകരണവും ചെയ്‌തുതരാന്‍ ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: