Breaking News

Trending right now:
Description
 
May 15, 2013

നാടുനന്നാക്കാന്‍ ലാത്തിക്കവിതകള്‍...

image

പണ്ട്‌ പണ്ട്‌ കേരളത്തില്‍ പോലീസുകാര്‍ പലരെയും തല്ലുവാനും കൊല്ലുവാനും ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്‌ ലാത്തി. എന്നാല്‍ കാലം മാറി പോലീസിന്റെ കോലവും മാറി. തല്ലുക എന്നത്‌ പോലീസിന്‌ അചിന്തനീയം. അതോടെ ലാത്തി എന്തിന്‌ എന്ന ചോദ്യം സാദാ സിവില്‍ പോലീസ്‌ മുതല്‍ അങ്ങ്‌ ഡിജിപി ഏമാന്‍ വരെ ചോദിച്ചു തുടങ്ങിയിരുന്നു. അങ്ങനെയാണ്‌ ലാത്തിയുടെ പുതിയ ഉപയോഗം കണ്ടെത്തിയത്‌. കവിത എഴുതുക എന്നതാണ്‌ ഇവരുടെ പുതിയ നിയോഗം.

പോലീസുകാര്‍ വൃത്തഭംഗിയില്‍ എഴുതുന്ന കവിത പ്രതികളാണെന്ന്‌ ആരോപിക്കപ്പെടുന്നവരെ വായിച്ചു കേള്‍പ്പിക്കുന്നു. അതോടെ ഏത്‌ കള്ളനും സത്യം പറയും. കഴിഞ്ഞ ദിവസമായിരുന്നു പാവം ബി. സന്ധ്യ ഐപിഎസ്‌ കവിതകള്‍ വഴി എങ്ങനെ പ്രതികളെ നന്നാക്കാമെന്ന്‌ കാണിച്ചു കൊടുത്തത്‌. നാവുള്ള മാധ്യമ പ്രവര്‍ത്തകരെയാണ്‌ ആദ്യം നന്നാക്കിയത്‌. ഒരു പോലീസുകാരനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ പത്രക്കാര്‍ നടത്തുന്ന പൂരപ്പാട്ടിനെയും കൈക്കൂലി, കാല്‍ക്കൂലി, നോട്ടക്കൂലി, തുടങ്ങിയ വിവിധതരത്തിലുള്ള ജനകീയ നേവനവ്യവസ്ഥകളെ നാട്ടില്‍ ലൈവായി കാണിക്കുന്ന ദ്യശ്യന്‍മാരെയും കവിതകൊണ്ട്‌ നന്നാക്കിയെടുത്തു നമ്മുടെ ഐ പിഎസ്‌. പണ്ടൊരു മുന്തിയൊരു വനിതാ പോലീസുകാരി ലഹരികുറഞ്ഞൊരു പാനീയം സേവിച്ചുവെന്നത്‌ വാര്‍ത്തയാക്കിയതിന്‌ പത്രക്കാര്‍ കോടതി കയറിയത്‌ ഈ കവിത വായിച്ച ചിലരെങ്കിലും ഓര്‍ത്തുകാണും.

കണ്ടു പഠിക്കട്ടെ നമ്മുടെ സുരേഷ്‌ ഗോപി, 'ഭാ, പുല്ലേ....' എന്നുപറയാതെ പെണ്ണുങ്ങള്‍ നാടു നന്നാക്കുന്നത്‌. പിന്നെ രാഷ്ട്രീയക്കാരെയും ഇത്തിരി നന്നാക്കി. പിന്നെ ആരെന്തു പറഞ്ഞാലും നാണമില്ലാത്ത വര്‍ഗമാണല്ലോ ഈ രാഷ്ട്രീയക്കാര്‍. അതുകൊണ്ട്‌ അവര്‍ നന്നായില്ലെന്ന്‌ തോന്നുന്നു. ഇനി അറിയില്ല, അടുത്ത പ്രസംഗത്തിന്‌ ആന്റണി അച്ചായന്‍ കേന്ദ്രത്തില്‍ നിന്ന്‌ വരുമ്പോള്‍ ഈ കവിത എടുത്ത്‌ പ്രയോഗിച്ചാല്‍ മഹത്തായ ഈ പോലീസ്‌ കവിതകള്‍ ലക്ഷ്യം കണ്ടുവെന്ന്‌ സമാധാനിക്കാം.

സത്യത്തില്‍ ഈ ഐ പിഎസുകാര്‍ കവിത എഴുതുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഈ അടുത്തകാലത്താണ്‌ മനസിലായത്‌. സിവില്‍ സര്‍വീസില്‍ റാങ്ക്‌ മേടിച്ച മിടുക്കി കുട്ടികള്‍ അല്ലേ ഈ കവിതാരഹസ്യം പുറത്ത്‌ പറഞ്ഞത്‌. മലയാളം ഇവരുടെ വീക്ക്‌നസാണത്രേ. അങ്ങനെയുള്ള ഇവര്‍ സര്‍വീസില്‍ എത്തിയാല്‍ കവിത എഴുതി പോകും. എന്തായാലും ഈ പുതിയ ശിക്ഷാമാര്‍ഗത്തെക്കുറിച്ച്‌ പഠിക്കാന്‍ പോലീസ്‌ മന്ത്രിയും ഡിജിപിയും സന്ധ്യയോട്‌ വിശദീകരണം ചോദിച്ചിട്ടുണ്ട്‌. ഈ കവിതകള്‍ വായിച്ച്‌ വേണം കൊടി സുനിയെയും പാര്‍ട്ടികളെയും നന്നാക്കിയെടുക്കാന്‍.