Breaking News

Trending right now:
Description
 
May 15, 2013

ഡ്രീംലൈനര്‍ വിമാന സര്‍വീസ്‌ ഇന്നുമുതല്‍ പുനരാരംഭിക്കും

image സാങ്കേതിക തകരാറുകളെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ്‌ 787 ഡ്രീംലൈനര്‍ വിമാന സര്‍വീസ്‌ ബുധനാഴ്‌ച മുതല്‍ പുനരാരംഭിക്കുമെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാണ്‌ നടത്തുക. മേയ്‌ 22 മുതല്‍ അന്താരാഷ്‌ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ ആറ്‌ ഡ്രീംലൈനര്‍ വിമാനങ്ങളില്‍ രണ്ടെണ്ണമാണ്‌ ഇപ്പോള്‍ സര്‍വീസ്‌ ആരംഭിക്കുന്നത്‌. ഡല്‍ഹി-കൊല്‍ക്കത്ത-ഡല്‍ഹി റൂട്ടിലാണ്‌ ബുധനാഴ്‌ച സര്‍വീസ്‌ ആരംഭിക്കുക. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ആറ്‌ ഡ്രീംലൈനര്‍ വിമാനങ്ങളില്‍ രണ്ടെണ്ണത്തിന്റെ ബാറ്ററി തകരാര്‍ മാത്രമാണ്‌ ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നതെന്ന്‌ വ്യോമയാനമന്ത്രി അജിത്‌ സിംഗ്‌ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ എല്ലാവിമാനങ്ങളും പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും അജിത്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു. 

മേയ്‌ 22നു ഡ്രീംലൈനര്‍ വിമാനങ്ങളുടെ അന്താരാഷ്‌ട്ര സര്‍വീസ്‌ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നും ബര്‍മിംഗ്‌ഹാം, സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളിലേക്കുള്ള ഡ്രീംലൈനര്‍ സര്‍വീസ്‌ ആഗസ്റ്റില്‍ ആരംഭിക്കും. റോം, മിലാന്‍ സര്‍വീസുകള്‍ ഒക്‌ടോബറിലും മോസ്‌കോ സര്‍വീസുകള്‍ 2014 ആദ്യം ആരംഭിക്കാനാണ്‌ പദ്ധതി ഇട്ടിരിക്കുന്നതെന്നും അജിത്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഇന്ധനക്ഷമതയും സാധാരണ വിമാനങ്ങളേക്കാളും വലുപ്പവും സൗകര്യങ്ങളുമുള്ള ബോയിംഗ്‌ ഡ്രീംലൈനര്‍ 787 വിമാനങ്ങള്‍ക്ക്‌ ആഗോളതലത്തില്‍ വന്‍സ്വീകരണമായിരുന്നു ലഭിച്ചത്‌. എന്നാല്‍ സര്‍വീസ്‌ ആരംഭിച്ചു മാസങ്ങള്‍ക്ക്‌ ശേഷം വിമാനത്തിന്റെ ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ജപ്പാനിലെ നിപ്പോണ്‍ എയര്‍വെയ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംലൈനര്‍ വിമാനങ്ങളിലാണ്‌ തകരാര്‍ ആദ്യം ശ്രദ്ധയില്‍ പെട്ടത്‌. തീപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ നിപ്പോണ്‍ എയര്‍വെയ്‌സ്‌ ഡ്രീംലൈനര്‍ വിമാനങ്ങളുടെ സര്‍വീസ്‌ ജനുവരി 17നു നിര്‍ത്തിവെച്ചു. പിന്നാലെ അമേരിക്കന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ആഗോളതലത്തില്‍ ഡ്രീംലൈനര്‍ വിമാനങ്ങള്‍ നിലത്തിറക്കുകയായിരുന്നു. ഡ്രീംലൈനര്‍ വിമാനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ലിഥിയം ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ബോയിംഗും സ്ഥിരീകരിച്ചിരുന്നു. ഡ്രീംലൈനര്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ബോയിംഗും നിര്‍ദേശിച്ചിരുന്നു.