Breaking News

Trending right now:
Description
 
May 15, 2013

മൊബൈല്‍ഫോണ്‍വഴി ഇനി മണം അയയ്‌ക്കാം

image മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ മണം അയക്കുന്നതിനുള്ള സാങ്കേതിക വിദ്യ ജാപ്പനീസ്‌ സ്ഥാപനമായ ചാറ്റ്‌പെര്‍ഫ്‌ കണ്ടെത്തി. മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാവുന്ന ചെറിയ ഉപകരണം വഴിയാണ്‌ മണം അയക്കാന്‍ കഴിയുക. സന്ദര്‍ഭത്തിനനുസരിച്ച്‌ വിവിധ മണങ്ങള്‍ അയക്കാന്‍ കഴിയും. ഉപകരണത്തിന്റെ പ്രോട്ടോടൈപ്പാണ്‌ പുറത്തു വിട്ടിരിക്കുന്നതെന്ന്‌ കമ്പനി അറിയിച്ചു. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ ഉപകരണം എന്നു പുറത്തിറക്കുമെന്ന്‌ ചാറ്റ്‌പെര്‍ഫ്‌ വ്യക്തമാക്കിയിടില്ല. ഇപ്പോള്‍ പുറത്തിറക്കിയ ഉപകരണം ഐഫോണ്‍ 4എസുമായി കണക്‌റ്റ്‌ ചെയ്‌ത്‌ മണം അയക്കാന്‍ കഴിയുമെന്ന്‌ ചാറ്റ്‌പെര്‍ഫ്‌ പിആര്‍ മാനേജര്‍ അകി യാമ്‌ജി വ്യക്തമാക്കി. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്‌. 

സമീപഭാവിയില്‍ തന്നെ ആന്‍ഡ്രോയിഡ്‌ ഫോണില്‍ ഘടിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണം പുറത്തിറക്കുമെന്ന്‌ കമ്പനി അറിയിച്ചു. ഐഫോണിന്റെ 30 പിന്‍ ഡോക്ക്‌ കണക്‌റ്ററുമായി ബന്ധിപ്പിച്ചാണ്‌ ഉപകരണം പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ ഇയര്‍ഫോണ്‍ ജാക്കില്‍ കണക്‌റ്റ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും ഉപകരണം തയ്യാറാക്കുക. ആന്‍ഡ്രോയിഡ്‌ വേര്‍ഷന്‍ സെപ്‌റ്റംബറില്‍ പുറത്തിറക്കാമെന്നു പ്രതീക്ഷിക്കുന്നതായും അകി യാമ്‌ജി പറഞ്ഞു. 

ഉപകരണത്തിലുള്ള ചെറിയ ബട്ടണ്‍ അമര്‍ത്തിയാല്‍ സുഹൃത്തിനു മണം അയക്കാന്‍ കഴിയും. ഉപകരണത്തിലുള്ള ചെറിയ വൃത്തതിനുള്ളില്‍ നിന്നാണ്‌ മണം പുറത്തു വരുക. ഫോണില്‍ വരുന്ന മെസേജ്‌ അല്ലങ്കില്‍ ഇമെയിലിന്റെ നോട്ടിഫിക്കേഷനായും മണം ഉപയോഗിക്കാമെന്ന്‌ ചാറ്റ്‌പെര്‍ഫ്‌ വ്യക്തമാക്കി. ഉപകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചെറിയ സെന്റ്‌ ടാങ്കുകളിലാണ്‌ വിവിധ മണങ്ങള്‍ ശേഖരിച്ചിരിക്കുന്നത്‌. സന്ദര്‍ഭത്തിനനുസരിച്ച്‌ വിവിധ മണങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയും. ഉദാഹരണത്തിനു വെടികോപ്പുകള്‍ ഉള്ള ഗെയിം കളിക്കുകയാണെങ്കില്‍ വെടിമരുന്നിന്റെ മണം പുറത്തുവിടും. കാന്‍ഡി ക്രഷ്‌ സാഗ പോലത്തെ ഗെയിമുകളാണ്‌ കളിക്കുന്നതെങ്കില്‍ സ്വീറ്റ്‌-ഷുഗറി മണമായിരിക്കും ലഭിക്കുക.