Breaking News

Trending right now:
Description
 
May 15, 2013

പെണ്‍ഭ്രൂണഹത്യ: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണംതേടി

image കേരളത്തില്‍ പെണ്‍ഭ്രൂണഹത്യ തടയുന്നതിനു കര്‍ശന നടപടി സ്വീകരിക്കണമെന്നും ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു ലക്ഷം രൂപ ആ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. അഡ്വ. ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റീസ്‌ വി.കെ. മോഹനന്‍, ജസ്റ്റീസ്‌ എം.എല്‍. ജോസഫ്‌ ഫ്രാന്‍സിസ്‌ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണു പരിഗണിച്ചത്‌. ഹര്‍ജിയില്‍ 23നു വിശദമായ വാദം കേള്‍ക്കും. പെണ്‍ഭ്രൂണഹത്യ ഒഴിവാക്കാന്‍ കഴിഞ്ഞ മാര്‍ച്ച്‌ നാലിനു സുപ്രീം കോടതി നല്‍കിയ ഉത്തരവില്‍ 11 മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌. പെണ്‍ഭ്രൂണഹത്യ തടയാന്‍ ബോധവത്‌കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം, ഇതിനായി സിനിമകളും ടെലിവിഷന്‍ പരിപാടികളും പ്രദര്‍ശിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന ആരോഗ്യവകുപ്പിനാണെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ ഇതിനായി നടപടി സ്വീകരിച്ചിട്ടില്ലെന്നാണ്‌ ഹര്‍ജിയിലെ ആക്ഷേപം. ഓരോ പെണ്‍കുഞ്ഞിന്റെയും പേരില്‍ രണ്ടു ലക്ഷം രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായി 20 വര്‍ഷത്തേക്കു നിക്ഷേപിക്കണം. അങ്ങനെ വന്നാല്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനം സമൂഹം സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും ഹര്‍ജിയില്‍ പറയുന്നു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര-സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്‌, സാമൂഹ്യക്ഷേമ വകുപ്പ്‌, തദ്ദേശ സ്വയംഭരണ വകുപ്പ്‌, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷനുകള്‍, മനുഷ്യാവകാശ കമ്മീഷന്‍, സ്റ്റേറ്റ്‌ മെഡിക്കല്‍ കൗണ്‍സില്‍ എന്നിവ കേസില്‍ എതിര്‍കക്ഷികളാണ്‌. സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരമാവധി സുരക്ഷ ഉറപ്പാക്കണമെന്നും ഭ്രൂണഹത്യ തടയണമെന്നും വ്യക്തമാക്കി സുപ്രീം കോടതി ഉത്തരവു നല്‍കിയതു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത്‌ ഈ ഉത്തരവ്‌ നടപ്പാക്കിയിട്ടില്ലെന്നും കര്‍ശന നടപടി ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്‌ സമൂഹത്തിന്റെ ക്ഷേമത്തിന്‌ ആവശ്യമാണ്‌. ഭ്രൂണപരിശോധന നിയമം മൂലം നിരോധിച്ചിട്ടും ഇത്തരം നടപടികള്‍ സമൂഹത്തില്‍ നിന്നു മാറിയിട്ടില്ല. സ്‌ത്രീധനം കൊടുക്കേണ്ടിവരുമെന്ന കാരണത്താല്‍ പല സ്ഥലങ്ങളിലും പെണ്‍കുട്ടികള്‍ ജനിക്കുന്നതിനു മതാപിതാക്കള്‍ താല്‍പര്യം കാണിക്കുന്നില്ല. കര്‍ണാടകത്തില്‍ പെണ്‍കുട്ടികള്‍ ജനിച്ചാല്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ വീതം നല്‍കുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 21-ാം അനുഛേദപ്രകാരം സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യപരിഗണനയാണെന്നും ഇതുറപ്പാക്കുന്നതിനു സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.