Breaking News

Trending right now:
Description
 
May 13, 2013

മലയാളിയുടെ സഭ്യത ലൈവാക്കുന്ന പണ്ഡിറ്റ്‌ (മലയാളി) ഹൗസിലെ ബുദ്ധിജീവി കോപ്രായങ്ങള്‍

പി ആര്‍ സന്ദീപ്‌
image സൂര്യടിവി മലയാളി ഹൗസെന്ന പരിപാടിക്കെതിരെ സൈബല്‍ ലോകത്ത്‌ പ്രതിഷേധ കൊടുങ്കാറ്റ്‌. സന്തോഷ്‌ പണ്ഡിറ്റ്‌ ബുദ്ധിയാണ്‌ ഈ പരിപാടിയിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. നാട്ടുകാരെക്കൊണ്ട്‌ ചീത്ത വിളിപ്പിച്ച്‌ പേരു നേടുക എന്നതാണ്‌ ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. അങ്ങനെ ഈ പരിപാടി കൊഴുക്കുകയാണ്‌. 100 ദിനങ്ങള്‍ക്കൊണ്ട്‌ മലയാളി ജീവിതത്തെ ചിത്രികരിക്കുന്ന ഈ ലൈവ്‌ ഷോ.
വിവിധ രംഗങ്ങളില്‍ പ്രശസ്‌തരായ എട്ടു ആണുങ്ങളും എട്ടു പെണുങ്ങളും ചേര്‍ന്ന്‌ ഒരു വീട്ടില്‍ താമസിക്കുമ്പോഴുണ്ടാകുന്ന സംഭവങ്ങളുടെ ലൈവ്‌ ആവിഷ്‌ക്കാരമാണ്‌ ഈ പരിപാടി. ഈ പരിപാടിയില്‍ മണ്ടത്തരങ്ങളും കോമാളിത്തരങ്ങളും മലയാളിക്ക്‌ വിറ്റ്‌ ഞാന്‍ കാശാക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന സന്തോഷിനൊപ്പം നിരന്നത്‌ സമൂഹത്തിലെ വിവിധ തുറയിലെ പ്രതിഭകളാണ്‌. ജി എസ്‌ പ്രദീപ്‌, രാഹൂല്‍ ഈശ്വര്‍, സിന്ധു ജോയി,  നീന കുറുപ്പ്‌ തുടങ്ങിയവരാണ്‌ ഈ പരിപാടിയിലെ സ്റ്റാര്‍ താരങ്ങള്‍. അങ്ങനെ ബഫൂണുമാരാകുന്ന ഈ ബുദ്ധി ജീവികളുടെ ലൈവ്‌ ഷോയാണ്‌ മെയ്‌ 5 മുതല്‍ മലയാളി  കാണാന്‍ വിധിക്കപ്പെട്ടത്‌

സന്തോഷ്‌ പണ്ഡിറ്റ്‌ കോമാളിയാണെന്നും കോത്താഴത്തുകാരനാണെന്നുമാണ്‌ കേരളത്തിലെ സന്തോഷ്‌ പണ്ഡിറ്റ്‌ ഒഴിച്ചുള്ള സകല മലയാളികളും ചിന്തിക്കുന്നത്‌. അതുകൊണ്ട്‌ സന്തോഷെന്ന കോമാളിയുടെ കൂടെ ഒരു പരിപാടി അവതരിപ്പിക്കാന്‍ എത്തുമ്പോള്‍ ജീനിയസായ പ്രദീപിനും സിന്ധു ജോയിയെന്ന രാഷ്ട്രീയക്കാരിയും രാഹൂല്‍ ഈശ്വര്‍ എന്ന ബുജിയും തന്റെ ബുദ്ധിജീവി ജാഡകള്‍ അഴിച്ചു വച്ച്‌ യഥാര്‍ത്ഥ മനുഷ്യരായി.
അവര്‍ കാട്ടുന്ന ബുദ്ധി ജീവി കോപ്രായങ്ങള്‍ സഹിക്കാന്‍ ഏതെങ്കിലും മലയാളിക്ക്‌ സാധിക്കുമോ?

ഒരു കാലത്ത്‌ കേരള രാഷ്ട്രീയത്തിന്റെ നവ ഗൗരിയമ്മയാകും എന്ന്‌ വിശേഷിപ്പിച്ച സിന്ധുജോയി ഏതറ്റം വരെ 'തറ ജോയി'യാകാമെന്ന്‌ ഈ പരിപാടിയിലൂടെ കാണിച്ചു തന്നതിന്‌ മലയാളി പ്രേക്ഷകര്‍ തീര്‍ച്ചയായും സൂര്യ ടിവിയോട്‌ നന്ദിയുള്ളവരാണ്‌.  നൃത്തരംഗത്ത്‌ അസാമാന്യ പ്രതിഭ തെളിയിച്ചുകൊണ്ട്‌ ഇവര്‍ ഒരു വീട്ടില്‍ നടത്തിയ നൃത്തരംഗത്ത്‌ ചുവടുകള്‍ കണ്ടപ്പോള്‍ മലയാളികള്‍ ടിവി ഷോ നിറുത്തിയെന്ന്‌ സംസാരം.

ഡല്‍ഹി സ്‌ത്രീപീഡനം നടന്ന വേളയില്‍ ഭാരത സ്‌ത്രീ പക്ഷത്തു നിന്നു സംസാരിക്കുന്ന ഭാരത സംസ്‌കാരത്തിന്റെ മൊത്തകച്ചവടം (കുറഞ്ഞ പക്ഷം മലയാള തനിമയുടെ) നടത്തുന്ന രാഹൂല്‍ ഈശ്വര്‍ ഈ പരിപാടിയില്‍ പങ്കെടുത്ത്‌ താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണെന്ന്‌ കാണിച്ചു തന്നതിനും നന്ദി. അല്‌പ വസ്‌ത്ര ധാരിണിയായ പെണ്ണുങ്ങള്‍ക്കൊപ്പം സൊള്ളുന്ന തന്ത്രി കുടുംബത്തിലെ രാഹൂലിനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ആരുടെയെങ്കിലും (തന്ത്രി കുടുബത്തിലെ ) ആരുടെയെങ്കിലും പേരുമായി സാമ്യം തോന്നിയാല്‍ തികച്ചും സ്വാഭാവികം. വിമര്‍ശിക്കാന്‍ പറ്റുമോ. തന്ത്രി ചരിത്രം നിരത്തി ഇതൊക്കെ ഇവരുടെ കുടുംബക്കാരുടെ അവകാശമാണെന്നെങ്ങാനും പറഞ്ഞാല്‍ മറുവാക്ക്‌ പറയാന്‍ പറ്റുമോ. എന്നാലും രാഹൂലേ ഇത്തരം കോമാളി പരിപാടിക്കിടയില്‍ നിങ്ങള്‍ ശബരിമല ശാസ്‌താവിലെ വലിച്ചിടരുത്‌. അതുകൊണ്ട്‌ കോപ്രായത്തിനിടയില്‍ സ്വാമിയെ ഇടയ്‌ക്ക്‌ ഇടയ്‌ക്ക്‌ വിളിക്കരുത്‌. ഇതൊക്കെയാണോ സ്വാമി നവ കേരള സംസ്‌കാരം ലൈവ്‌. അങ്ങ്‌ ലണ്ടനില്‍ നിന്ന്‌ സ്വായത്തമാക്കിയത്‌..

ജി എസ്‌ പ്രദീപിന്റെ ബുദ്ധി വൈഭവത്തെ ആരാധനയോടെ നോക്കിയിരുന്ന മലയാളികള്‍ക്ക്‌ ഇനി ധൈര്യമായി സന്തോഷ്‌ പണ്ഡിറ്റിനെക്കൊണ്ട്‌ ഒരു സുരേഷ്‌ ഗോപി ഡയലോഗ്‌ പറയിക്കാം. അത്രയ്‌ക്കും തരം താഴാന്‍ പ്രദീപിനും ആയി. 
സിഗരറ്റ്‌ വലിക്കുന്ന പെണ്ണുങ്ങളും അല്‌പ വസ്‌ത്രധാരണികാളായ മോഡലുകളും സീരിയല്‍ നടികളും മേല്‍ പറഞ്ഞ ബുദ്ധിജീവികളും ചേര്‍ന്ന്‌ നടത്തുന്ന ആഭാസ ലൈവ്‌ ഷോയാണ്‌ മലയാളി ഹൗസ്‌. അതുകൊണ്ട്‌ പ്രേക്ഷകര്‍ കാണാന്‍ മറക്കേണ്ട.

നിലവാരമുള്ള വ്യത്യസ്‌ത പരിപാടികള്‍ മീഡിയ വണ്‍ ചാനല്‍ ഒരുക്കിയിട്ടുണ്ട്‌.  ആ പരിപാടികള്‍ വിജയിക്കാത്തപ്പോള്‍ സൂര്യ ടീവിയുടെ പരിപാടി നൂറു ശതമാനം വിജയത്തിലേയ്‌ക്ക്‌ നീങ്ങുകയാണ്‌. കാരണം പരിപാടി നിര്‍മ്മിച്ചവര്‍ മലയാളികളാണ്‌. അവര്‍ക്കറിയാം വിമര്‍ശകര്‍ ഈ പരിപാടിയെ വിജയിപ്പിച്ചുക്കൊള്ളുമെന്ന്‌. സിന്ധുവും രാഹൂലും പ്രദീപും സന്തോഷ്‌ പണ്ഡിറ്റും വ്യത്യസ്‌ത തലങ്ങളില്‍ പ്രേക്ഷകര്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഇവരെല്ലാം യഥാര്‍ത്ഥജീവിത്തില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന്‌ മനസിലാക്കി തന്ന സൂര്യടിവിക്ക്‌ നന്ദി. സത്യം പറയാമല്ലോ തമ്മില്‍ ഭേദം സന്തോഷ്‌ പണ്ഡിറ്റാണ്‌. യഥാര്‍ത്ഥ ജീവിതത്തില്‍ സന്തോഷ്‌ നിങ്ങള്‍ വലിയവനാണ്‌.