Breaking News

Trending right now:
Description
 
May 12, 2013

നഴ്‌സുമാര്‍ക്ക്‌ ശമ്പളപരിഷ്‌കരണം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ്‌ സമരങ്ങള്‍ അരങ്ങേറും: മന്ത്രി ഷിബു ബേബിജോണ്‍

അടുത്തമാസം മുതല്‍ പുതിയ ശമ്പളം ലഭിച്ചില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്ക്‌ സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കേണ്ട.
image തൃശൂര്‍: പരിഷ്‌കരിച്ച ശമ്പളം കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ ലഭിച്ചില്ലെങ്കില്‍ കേരളത്തിലെ നഴ്‌സുമാര്‍ നടക്കുന്നത്‌ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ സമരങ്ങളായിരിക്കുമെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍. തൃശൂരില്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നഴ്‌സസ്‌ ദിനാചരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒട്ടേറെ അന്വേഷണങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ്‌ സ്വകാര്യമേഖലയിലെ ആശുപത്രികളിലുള്ള നഴ്‌സുമാരുടെ ശമ്പളം സര്‍ക്കാര്‍ പരിഷ്‌കരിച്ചത്‌. അടുത്തമാസം മുതല്‍ പുതിയ ശമ്പളം ലഭിച്ചില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ക്ക്‌ സര്‍ക്കാരിന്റെ സഹായം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കേണ്ട. നഴ്‌സുമാര്‍ക്ക്‌ അനുകൂലമായ തീരുമാനം ഉണ്ടാകാതിരിക്കാന്‍ വ്യവസായ ബന്ധസമിതിയിലും പുറത്തും വലിയ പോരാട്ടമാണ്‌ നടന്നത്‌. അതിനെ ചെറുത്ത്‌ തോല്‍പ്പിച്ചത്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ കരുത്താണ്‌. നിശ്ചയിച്ച ശമ്പളം കിട്ടാതിരുന്നാല്‍ യു എന്‍ എ നടത്തുന്ന ഏത്‌ സമരത്തിനും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും.

ആശുപത്രികളില്‍ ബെഡിന്റെ തോതനുസരിച്ചാണ്‌ ശമ്പളം പരിഷ്‌കരിച്ചത്‌. ഇക്കാരണത്താല്‍ ചിലയിടങ്ങളില്‍ നിലവിലെ ബെഡിന്റെ എണ്ണം കുറയ്‌ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ബെഡിന്റെ തോത്‌ കുറയ്‌ക്കുന്നത്‌ കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മന്ത്രി മുന്നറിയിപ്പ്‌ നല്‍കി. അവകാശ സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിന്റെ പേരില്‍ പുരുഷ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കുന്നതും തഴയുന്നതും തുടരുന്നതായി പരാതിയുണ്ട്‌. ഇത്‌ അനുവദിക്കാനാവില്ല. തൊഴില്‍വകുപ്പിന്റെ പരിധിയിലേക്ക്‌ ഈ വിഷയം ഉള്‍പ്പെടുത്തി, നഴ്‌സിങ്‌ മേഖലയില്‍ പുരുഷ സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.

യു എന്‍ എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ഷ അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭ സുരേന്ദ്രന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സുനില്‍ ലാലൂര്‍, യു എന്‍ എ സംസ്ഥാന ഭാരവാഹികളായ എം വി സുധീപ്‌, സുജനപാല്‍, റൈവി, ജിഷ ജോര്‍ജ്‌ എന്നിവര്‍ സംസാരിച്ചു.