Breaking News

Trending right now:
Description
 
Oct 05, 2012

മറഞ്ഞുപോയത്‌ കാനാന്‍ ദേശം, നഴ്‌സിംഗ്‌ കരിയറിന്‌ ഇന്ന്‌ ശനിദശ

മലയാളി നഴ്‌സുമാര്‍ക്ക്‌ ലോകമെങ്ങും പെരുമ, കേരളത്തില്‍ ആട്ടും തുപ്പും

ഗ്ലോബല്‍ മലയാളം പരമ്പര - 4
image ഇ.എസ്‌. ജിജിമോള്‍

ഒരു കാലത്ത്‌ നഴ്‌സിംഗ്‌ മേഖല കേരളത്തിലെ വിദേശപ്പണം ഒഴുക്കുന്ന നീര്‍ച്ചാലായിരുന്നു. പല ഇടത്തരം കുടുംബങ്ങളും പച്ചപിടിക്കുന്നതിനു കാരണവും. മധ്യതിരുവിതാംകൂറിന്റെ കാര്യമെടുത്താല്‍ നഴ്‌സിംഗ്‌ രംഗവും റബര്‍കൃഷിയും സമ്പദ്‌സ്ഥിതി തന്നെ മാറ്റിമറിച്ചുവെന്നു പറയാം.

അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമായി പണിയെടുത്ത്‌ നാട്ടില്‍ അസൂയാവാഹമായ പുരോഗതി നേടിയപ്പോള്‍ പലരും 22ഫീമെയ്‌ല്‍ കോട്ടയം എന്ന സിനിമയിലെ നായിക ടെസ പറയുന്നതുപ്പോലെ "ഞാന്‍ ജനിച്ചതു തന്നെ ഒരു നഴ്‌സാകുവാനാണെന്ന്‌ ചിന്തിച്ചു തുടങ്ങി. ഇതു മുതലാക്കിയത്‌ അന്യസംസ്ഥാനങ്ങളിലെ ആരോഗ്യമാഫിയകളാണ്‌. കൂണുപ്പോലെ മുളച്ചുപൊന്തിയ നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ പഠിപ്പിക്കാനെന്നപേരില്‍ കുട്ടികളെക്കൊണ്ട്‌ പണിചെയ്യിപ്പിച്ചു. നല്ല അച്ചടക്കവും നല്ല പരിശീലനവും കിട്ടിയാലേ നിങ്ങളുടെ കുട്ടികള്‍ നാളത്തെ അമേരിക്കനോ യൂറോപ്യനോ ആകൂവെന്നും അല്ലെങ്കില്‍ ഒരു അറബിയെങ്കിലും ആകണമെങ്കില്‍ ഇത്തരം കഠിന പരിശീലനം കൂടിയെ തീരുവെന്ന്‌ അരുള്‍ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ തലക്കുലുക്കി സമ്മതിച്ചു.

നഴ്‌സിങ്ങ്‌ കോളേജുകള്‍ തട്ടുകടപ്പോലെ മുളച്ചുപൊന്തി. നഴ്‌സിങ്ങ്‌ കോളേജുകള്‍ ഉള്ള ഹോസ്‌പിറ്റലുകളില്‍ നഴ്‌സുമാരെ പേരിനു മാത്രം നിയമിച്ചു. എട്ടും ഒന്‍പതും മണിക്കൂറുകളാണ്‌ കുട്ടികള്‍ ഡ്യൂട്ടി ചെയ്യേണ്ടി വന്നത്‌. പിന്നെ ബോണ്ടെന്ന പേരില്‍ തുച്ഛമായ സ്റ്റൈപ്പന്റ്‌ നല്‌കി വീണ്ടും രണ്ടുവര്‍ഷം കൂടി പണിയിക്കാന്‍ യാതൊരു മനസാക്ഷിക്കടിയും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ തോന്നിയില്ല. ഇത്തരം നഴ്‌സിങ്ങ്‌ സ്ഥാപനങ്ങള്‍ക്ക്‌ നഴ്‌സുമാരെ അധികമായി വേണ്ട എന്നതാണ്‌ ഗുണം. ഉള്ളവര്‍ക്ക്‌ കുറഞ്ഞ ശമ്പളം നല്‌കിയാല്‍ മതി. പലരും ഇതില്‍ എതിര്‍പ്പൊന്നും രേഖപ്പെടുത്തിയില്ല. എന്നെങ്കിലും ഒരിക്കല്‍ വിദേശത്ത്‌പോകാമെന്നു സ്വപ്‌നം തന്നെ.

ഗള്‍ഫില്‍ പോകണമെങ്കില്‍ എംഒഎച്ച്‌ എന്ന കടമ്പ കടക്കണം, പിന്നെ ഏജന്‍സികള്‍ക്ക്‌ ഒരുലക്ഷമെങ്കിലും നല്‌കണം. യൂറോപ്യലേയ്‌ക്കാണെങ്കില്‍ ഐഎല്‍ടിഎസ്‌ പാസാകണം. നാലു വര്‍ഷം മുമ്പുവരെ ആറ്‌ എന്ന സ്‌കോര്‍ മതിയായിരുന്നുവെങ്കില്‍ ഇന്ന്‌ ഓരോ രാജ്യത്തിനും വ്യത്യസ്‌ത സ്‌കോറുകളാണ്‌ ചോദിക്കുന്നത്‌. എന്തായാലും മിനിമം എല്ലാ വിഷയത്തിനും ഏഴെങ്കിലും കിട്ടാതെ യൂറോപ്പിലേയ്‌ക്ക്‌ കടക്കാന്‍ കഴിയില്ല. കൂടാതെ മൂന്നും നാലും ലക്ഷം രൂപ ചെലവാക്കണം. കുവൈറ്റിലെ എംഒഎച്ചില്‍ ജോലി കിട്ടാന്‍ പത്തും പതിന്നാലും ലക്ഷം ചോദിക്കുന്ന ഏജന്‍സികളുണ്ട്‌. ന്യൂസിലന്‍ഡിലേയ്‌ക്ക്‌ കടന്ന്‌ പ്രീ-കാപ്‌ തുടങ്ങിയ കോഴ്‌സുകള്‍ പാസാകാന്‍ പതിനഞ്ചു ലക്ഷം രൂപവരെയാണത്രെ ചെലവ്‌. രണ്ടുവര്‍ഷത്തെ നഴ്‌സിംഗ്‌ പഠനത്തിനു ബാക്കിവരുന്ന തുക സ്വയം തൊഴില്‍നോക്കി കണ്ടെത്തണം.

അമേരിക്കയിലേയ്‌ക്കുള്ള വാതില്‍ അടഞ്ഞതുംയുകെയിലേയ്‌ക്കുള്ള സാധ്യതകള്‍ വല്ലാതെ മങ്ങിയതും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഭാഷാ സ്‌കോര്‍ ഉയര്‍ന്നതുമെല്ലാം നഴ്‌സിംഗ്‌ രംഗത്തിന്‌ കനത്ത തിരിച്ചടിയായി.

നഴ്‌സിംഗ്‌ പഠനത്തിനായി ബാങ്കുകളില്‍നിന്ന്‌ വായ്‌പ തരപ്പെടുത്താമെന്നും കോഴ്‌സ്‌ കഴിഞ്ഞാല്‍ വിദേശത്തേയ്‌ക്കു കൊണ്ടുപോകാമെന്നുമൊക്കെ പറഞ്ഞ്‌ രണ്ടുവര്‍ഷം മുമ്പ്‌ പത്രങ്ങളില്‍ നിറഞ്ഞിരുന്ന പരസ്യങ്ങള്‍ ഇന്നില്ല. ഒറ്റ ദിവസത്തെ പരസ്യം നല്‌കിയാല്‍ രണ്ടായിരവും മൂവായിരവും പേര്‍ ഇരച്ചുവരുമെന്നും ഇവരില്‍നിന്നെല്ലാം കുറഞ്ഞത്‌ 500 രൂപവച്ച്‌ രജിസ്‌ട്രേഷന്‍ ഫീ വാങ്ങിയാല്‍തന്നെ കച്ചവടം പൊടിപൊടിക്കുമെന്നും അറിയാവുന്ന വിരുതന്മാരായിരുന്നു ഇതിനു പിന്നില്‍. പിന്നീട്‌ ഇവരുടെ അഡ്രസില്ലെങ്കിലും പലരും പരാതി നല്‌കിയില്ല. പോയത്‌ അഞ്ഞൂറല്ലേ എന്ന്‌ മൂവായിരം പേര്‍ ആശ്വസിച്ചപ്പോള്‍ പരസ്യക്കാരന്‍ പോക്കറ്റിലാക്കിയത്‌ എ്‌ത്രയാണെന്ന്‌ ആലോചിച്ചുനോക്കൂ.

സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ച സ്വദേശിവല്‌ക്കരണം ഏറ്റവും അധികം ബാധിച്ചത്‌ നഴ്‌സിംഗ്‌ മേഖലയെ ആയിരുന്നു. നഴ്‌സെന്നാല്‍ സ്‌ത്രീകള്‍ മാത്രമാണന്ന്‌ കരുതിയിരുന്ന സ്ഥാനത്തേയ്‌ക്ക്‌ ആണ്‍കുട്ടികള്‍ കൂട്ടത്തോടെ എത്തി. എല്ലാ രാജ്യങ്ങളിലും വളരെക്കുറച്ച്‌ മെയ്‌ല്‍ നേഴ്‌സുമാരെ ആവശ്യം ഉള്ള സ്ഥാനത്താണ്‌ ഇതെന്ന്‌ ഓര്‍ക്കണം. പലരും ലോണെടുത്തും കടം വാങ്ങിയും പുറത്തു വന്നപ്പോഴാണ്‌ മനസ്സിലായത്‌ നഴ്‌സിനു ജോലി മാത്രമേയുള്ളൂ, കൂലി ഇല്ലെന്ന്‌. ബോണസായി മാനസിക പീഢനവും.

കഴിഞ്ഞ വര്‍ഷം ആത്മഹത്യചെയ്‌ത ബീന ബേബിയുടെ കഥയും വ്യത്യസ്‌തമല്ല. എടുത്ത കടം പെരുകി വന്നുകൊണ്ടേയിരുന്നു. ബോണ്ട്‌ എന്ന കുരുക്ക്‌ തലയ്‌ക്കുമീതെ. കൂലിയില്ലാത്ത മാനസിക പീഢനം വേറെ. രണ്ടും സഹിക്കാനാവാതെ അവള്‍ പരലോകത്തേയ്‌ക്ക്‌ യാത്രയായപ്പോള്‍ ലോകം നഴ്‌സുമാരുടെ ദയനീയ കഥ ശ്രദ്ധിച്ചു. ആശുപത്രിയിലെ നഴ്‌സുമാര്‍ ഒന്നടങ്കം പ്രതികരിച്ചു. സംഘടനകളുടെ ശക്തി അവര്‍ തിരിച്ചറിഞ്ഞു. മാനേജ്‌മെന്റിന്‌ നില്‍ക്കക്കള്ളിയില്ലാതായി.

ഇന്ന്‌ കേരളത്തില്‍ മാത്രം പതിനെട്ടോളം നഴ്‌സിങ്ങ്‌ സംഘടനകള്‍ ഉണ്ട്‌. എന്നിട്ടും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഈ സംഘടനകള്‍ക്കായില്ല. നഴ്‌സുമാര്‍ ഒരു സ്വതന്ത്ര സംഘടന രൂപീകരിച്ച്‌ നീതിയ്‌ക്കായി മുറവിളികൂട്ടിയതോടെ നഴ്‌സുമാരുടെ സമരം മാനേജുമെന്റുകള്‍ക്ക്‌ ആധിയായി. ചില ഹോസ്‌പിറ്റലുകള്‍ അടിസ്ഥാന ശമ്പളം നല്‌കാന്‍ ഈ സമരത്തിലൂടെ നിര്‍ബന്ധിതരായി.

സമരത്തിനു മുന്‍പന്തിയില്‍ നിന്നവരോടായി ഹോസ്‌പിറ്റലിന്റെ പക. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുള്ള സംഘടനകളെ അവര്‍ ഭയക്കുന്നില്ല. അവരെ 'കൈകാര്യം' ചെയ്യാന്‍ മാനേജ്‌മെന്റിന്‌ നന്നായി അറിയാം. ലേക്ക്‌ഷോര്‍ ഹോസ്‌പിറ്റല്‍ സമരത്തിനു നേതൃത്വം നല്‌കിയ ഒരു നഴ്‌സ്‌ പറഞ്ഞത്‌ സമരത്തിനു ശേഷം മാനേജ്‌മെന്റ്‌ കഠിനമായി തങ്ങളെ ദ്രോഹിക്കുന്നുവെന്നാണ്‌. ഷഫ്‌ളിങ്ങ്‌ എന്ന പേരില്‍ നഴ്‌സുമാരെ അങ്ങോട്ടും ഇങ്ങോട്ടും തട്ടുക എന്നതാണ്‌ മാനേജ്‌മെന്റ്‌ തന്ത്രം.

തൃശൂരിലെ മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ സഹിക്കെട്ട്‌ ഇപ്പോള്‍ ഇതിനെതിരെ സമരത്തിന്‌ ഇറങ്ങി. സമരം തുടങ്ങിയിട്ട്‌ ഒരു മാസമായിട്ടും മാനേജ്‌മെന്റ്‌ നിലപ്പാടില്‍ മാറ്റം വരുത്തുവാന്‍ തയ്യാറല്ല. അമൃത ഹോസ്‌പിറ്റലില്‍ നഴ്‌സുമാരുടെ യൂണിയന്‍ ഉണ്ടാക്കുവാന്‍ ചെന്ന സ്വതന്ത്ര സംഘടനാ പ്രവര്‍ത്തകരെ മാനേജ്‌മെന്റ്‌ കായികമായി കൈകാര്യം ചെയ്‌തു. ഇതിനെതിരെ ഒരു കേന്ദ്രമന്ത്രിയോട്‌ പരാതി പറയാന്‍ ചെന്നപ്പോള്‍ അവര്‍ സംഘടനാ ഭാരവാഹികളോട്‌ പറഞ്ഞു എന്തിനാണ്‌ സമരം ചെയ്യാന്‍ പോയത്‌ അതുകൊണ്ടല്ലേ തല്ലുകിട്ടിയത്‌ എന്നാണ്‌. എറണാകുളത്തെ ആശുപത്രി മാനേജ്‌മെന്റിനോട്‌ അടുപ്പമുള്ള സംസ്ഥാനമന്ത്രി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു നേരെ തട്ടിക്കയറി.

ആര്‍ക്കും തട്ടിപ്പറത്താവുന്ന പന്തായി മാറുകയാണോ ആരോഗ്യസേവനത്തിനു പുതിയ മുഖം നല്‌കിയ നഴ്‌സുമാര്‍? നിങ്ങളുടെ അനുഭവങ്ങളും പ്രതികരണങ്ങളും അടുത്ത ലക്കങ്ങളില്‍ ഉള്‍പ്പെടുത്തുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ ഞങ്ങള്‍ക്ക്‌ അയച്ചുതരിക.

Send your responses to : globalmalayalam@gmail.com,

www.facebook.com/globalmalayalam