Breaking News

Trending right now:
Description
 
May 10, 2013

വാഗ്‌ദത്ത ഭൂമിയിലെ ചതിക്കുഴികള്‍:-----+--- നൂറോളം നഴ്‌സുമാര്‍ ഓസ്‌ട്രേലിയയില്‍ വലയുന്നു

വിനോദ്‌ മത്തായി
image അല്‍ഫോന്‍സ്‌ തോമസ്‌ മൂന്നുതവണയാണ്‌ ഐഇല്‍ടിഎസ്‌ പരീക്ഷ എഴുതിയത്‌. മൂന്നുതവണയും സ്‌കോര്‍ കടമ്പയില്‍ തട്ടിവീണപ്പോള്‍ അല്‍ഫോന്‍സിന്‌ വാശി കൂടി. എങ്ങനെയും ഓസ്‌ട്രേലിയയില്‍ എത്താതെ ഒരു വിവാഹം പോലും ഇല്ലെന്ന ഉഗ്രന്‍ ശപഥം എടുത്തു കക്ഷി. സത്യത്തില്‍ ഓസ്‌ട്രേലിയ എന്ന മോഹന സ്വപനത്തിലേയ്‌ക്ക്‌ ഒരു പ്രതീക്ഷയായാണ്‌ ആ വാഗ്‌ദാനം എത്തുന്നത്‌. ഐഇല്‍ടിഎസ്‌ ഇല്ലാതെ മൂന്നുമാസത്തെ കോഴ്‌സ്‌ ചെയ്‌താല്‍ ജോലി നേടാമെന്നു വാഗ്‌ദാനത്തില്‍ അല്‍ഫോന്‍സ പെട്ടെന്നാണ്‌ ആകര്‍ഷകയായത്‌. യുകെയില്‍ ഇത്തരത്തില്‍ എത്തിച്ചേര്‍ന്ന സഹോദരി മാതൃകയായി ഉണ്ടായിരുന്നു. വിദഗ്‌ധാഭിപ്രായം തേടിയ പലരും പറഞ്ഞത്‌ ചിലപ്പോള്‍ കുറച്ചു കാലത്തേയ്‌ക്ക്‌ രാജ്യം ഇങ്ങനെ തീരുമാനമെടുക്കും മടിക്കാതെ പോകാം. യൂറോപ്യന്‍ രാജ്യമായതുകൊണ്ട്‌ ചതിയും കാണില്ല.
വീടും സ്വര്‍ണവും പണയവും വച്ച്‌ തികയാത്തതിന്‌ ലോണുമെടുത്താണ്‌ വാഗ്‌ദത്ത ഭൂമിയുടെ നേരറിവിലേയ്‌ക്ക്‌ അവള്‍ കാലുകുത്തിയത്‌. പക്ഷേ സായിപ്പന്‍മാരെ പോലെയല്ല മലയാളികള്‍ അവര്‍ക്ക്‌ ഏജന്‍സി നടത്തി പറ്റിച്ച്‌ ലക്ഷങ്ങള്‍ കരുണയില്ലാതെ പാവപ്പെട്ടവരില്‍ നിന്ന്‌ തട്ടിയെടുക്കുന്നതില്‍ യാതൊരു മനസാക്ഷി കടിയുമില്ല. കാരണം പണമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ്‌ പലരും ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്‌. 15 മുതല്‍ 20ലക്ഷം വരെ നല്‌കി ജീവിതം സുരക്ഷിതമായി എന്നു കരുതി എത്തിയ ഇവളെ തട്ടിപ്പിന്റെ വലിയ ചങ്ങല കാത്തിരുന്നത്‌.

താമസിക്കാന്‍ ഏജന്റ്‌ ഒരുക്കിയ മുറിയില്‍ എത്തിയപ്പോഴാണ്‌ അല്‍ഫോന്‍സാ കാര്യങ്ങളുടെ ശരിയായ അവസ്ഥ മനസിലാക്കിയത്‌. 6000 മുതല്‍ 8000 വരെ ഡോളര്‍ വരെയാണ്‌ ആറുമാസത്തെ താമസത്തിനായി ഇവരില്‍ നിന്ന്‌ വാങ്ങിയത്‌. ഒരു മുറിയില്‍ മൂന്നും നാലും പേര്‍. അല്‍ഫോന്‍സാ നാട്ടിലെ പരിചയക്കാര്‍ ആരോ നല്‌കിയ മേല്‍വിലാസത്തിലാണ്‌ എന്നെ ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ടത്‌. ഇവിടെ നാലു മുറിയുള്ള ഒരുവീടിന്‌ 1200 ഡോളര്‍ വാടകയെയുള്ളുവെന്ന കാര്യം ഞാന്‍ അവളോട്‌ പറഞ്ഞു. ജോലി കിട്ടിയാല്‍ പ്രശ്‌നമില്ലല്ലോ എന്നായിരുന്നു അവളുടെ ആദ്യം പ്രതികരണം. നന്മ ചെയ്‌ത ഏജന്‍സിയെ ഞാന്‍ കുറ്റപ്പെടുത്തിയപ്പോലെയായിരുന്നു അവളുടെ പ്രതികരണം. 

പക്ഷേ , ഇന്നലെ അവളെ വീണ്ടും കാണാനെത്തിയപ്പോള്‍ അല്‍ഫോന്‍സാ ആകെ തകര്‍ന്ന നിലയിലായിരുന്നു. ഏജന്റുമാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്‌ക്കളാണെന്നും തങ്ങള്‍ വഞ്ചിതരായെന്ന തിരിച്ചറിവില്‍ അവര്‍ ഭഗ്നാശരായിരുന്നു. ഏജന്റുമാര്‍ അയച്ച വാഗ്‌ദാനം മെയിലുകള്‍ കാണിച്ചു തന്നു. തട്ടിപ്പിനിരയായ നൂറോളം പേരാണ്‌ തങ്ങളെ സഹായിക്കണമെന്ന്‌ അപേക്ഷിച്ച്‌ യുഎന്‍പിഎ അടക്കമുള്ള വിവിധ സംഘടനകളുടെ സഹായം തേടിയത്‌. 

ഐഇല്‍ടിഎസ്‌ ഇല്ലാതെ മൂന്നുമാസ പഠനത്തിലൂടെ ഉയര്‍ന്ന ശമ്പളത്തില്‍ ഓസ്‌ട്രേലിയയില്‍ ജോലി നേടാമെന്ന വാഗ്‌ദനത്തില്‍ ഇവിടെ എത്തിയ നൂറോളം മലയാളികളാണ്‌ ഓസ്‌ട്രേലിയയില്‍ കുടുങ്ങികിടക്കുന്നത്‌. കോഴ്‌സ്‌ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ എടുക്കുന്ന സമയത്ത്‌ ഇവര്‍ 1000 ഡോളര്‍ മുടക്കി ടൂറിസ്‌റ്റ്‌ വീസയിലേക്ക്‌ മാറുന്നു. രജിസ്‌ട്രേഷന്‍ കിട്ടുന്നവര്‍ക്ക്‌ പിന്നീട്‌ ജോലിയ്‌ക്ക്‌ അപേക്ഷിക്കാം. പക്ഷേ തൊഴില്‍ നിയമം മാറിയതോടെ ഇത്തരക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഹോസ്‌പിറ്റലുകള്‍ തയാറാവുന്നില്ല. നാട്ടിലെ ഏജന്റുമാര്‍ ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കളുടെ നമ്പരും നല്‌കി കയറ്റിവിടുന്നതായും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു. പലരുടെയും ടൂറിസ്റ്റ്‌ വീസയുടെ കാലാവധിയും കഴിഞ്ഞു. പലരും ബ്രിഡ്‌ജിങ്‌ വീസയിലാണ്‌ കഴിയുന്നത്‌. 

ഒരാളുടെ കയ്യില്‍ നിന്ന്‌ വാടകയിനത്തിലും ഫീസിനത്തിലും 10 ലക്ഷത്തോളം രൂപയാണ്‌ ഏജന്റിന്‌ ലഭിക്കുന്നത്‌. കോളേജില്‍ നിന്ന്‌ ലഭിക്കുന്ന കമ്മീഷന്‍ വേറെ. രജിസ്‌ട്രേഷന്‍ കിട്ടാതെ നഴ്‌സുമാര്‍ ഇവിടെ അലയുമ്പോള്‍ തട്ടിപ്പ്‌ ഏജന്റുമാര്‍ നാട്ടില്‍ വാഗ്‌ദാന പെരുമഴയൊഴുക്കി നഴ്‌സുമാരെ വലയിലാക്കുവാന്‍ നെട്ടോട്ടത്തിലാണ്‌. കഴിഞ്ഞ ആറു മാസത്തിനിടെ ഏകദേശം 30യോളം പേരാണ്‌ ജോലി കിട്ടാതെ നാട്ടിലേയ്‌ക്ക്‌ മടങ്ങിയത്‌. നാട്ടില്‍ മടങ്ങിയെത്തിയാല്‍ എങ്ങനെ പണം തിരിച്ചടക്കണമെന്നറിയാതെ 

ഓസ്‌ട്രേലിയ അത്ര വാഗ്‌ദത്ത ഭൂമിയല്ല പറയുന്നത്‌ സീമ ജിസാണ്‌. പക്ഷേ നാട്ടിലെ കൂട്ടുകാരോട്‌ ഇങ്ങോട്ട്‌ വരരുത്‌ തട്ടിപ്പാണെന്ന്‌ പറയുമ്പോള്‍ പലരും തങ്ങളെയാണ്‌ തെറ്റുധരിക്കുന്നത്‌. അവള്‍ രക്ഷപ്പെട്ടു ഇനി മറ്റുള്ളവര്‍ രക്ഷപ്പെടരുതെന്നാണ്‌ അവളുടെ വിചാരമെന്നാണ്‌ പലരും കുത്തു വാക്ക്‌ പറയുക. 'സ്റ്റുഡന്റ്‌ വീസക്കാരെ കണ്ടാ പല മലയാളിളും തലതിരിച്ച്‌ പോകും. ഇവിടെ ഏജന്‍സികളുടെ തട്ടിപ്പിനിരയായി വരുന്നവരെ അവര്‍ക്കും അറിയാം. പിന്നെ ഫ്രീയായി മലയാളി നല്‌കുന്നത്‌ ഉപദേശമാണ്‌ ഐഇഎഎല്‍ടിഎസ്‌ പസാകാതെ എന്തീനാ ഈ തട്ടിപ്പില്‍ ചാടിയത്‌.' 

എന്തായാലും ഈ തട്ടിപ്പിനെതിരെ പ്രതികരിക്കാന്‍ മലയാളി നഴ്‌സുമാര്‍ തീരുമാനിച്ചു. നഴ്‌സുമാര്‍ യുഎന്‍പിഎയുടെ ഓസ്‌ട്രേലിയന്‍ പ്രതിനിധിയുമായി ബന്ധപ്പെട്ടിരിക്കുകയാണ്‌. വ്യാഴാഴ്‌ച കേരളത്തിലെ വിവിധ എംഎല്‍എമാരും മന്ത്രിമാരുമായി സംസാരിച്ചു. മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ പരാതി നല്‌കാന്‍ തീരുമാനിച്ചു. ഓസ്‌ട്രലിയന്‍ മന്ത്രി തലത്തിലും കാര്യങ്ങള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്‌.