Breaking News

Trending right now:
Description
 
May 08, 2013

കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയില്‍ എലിസബത്ത്‌ രാജ്ഞി പങ്കെടുക്കില്ല

image നവംബറില്‍ ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയില്‍ എലിസബത്ത്‌ രാജ്ഞിക്കു പകരം ചാള്‍സ്‌ രാജകുമാരനായിരിക്കും പങ്കെടുക്കുകയെന്ന്‌ ബക്കിംഗാം കൊട്ടാരം അറിയിച്ചു. 1973 മുതല്‍ എല്ലാ ഉച്ചകോടികളിലും പങ്കെടുത്തിട്ടുള്ള രാജ്ഞി ആദ്യമായാണു വിട്ടുനില്‍ക്കുന്നത്‌. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം 87കാരിയായ രാജ്ഞി ദീര്‍ഘയാത്ര ഒഴിവാക്കുകയാണെന്നാണു വിശദീകരണം. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ സൈന്യം വ്യാപകമായ മനുഷ്യാവകാശ ലംഘനം നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണം കഴിയുന്നതുവരെ കൊളംബോയില്‍ ഉച്ചകോടി നടത്തരുതെന്ന്‌ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കീഴടങ്ങാനായി വെള്ളക്കൊടിയേന്തി വന്ന എല്‍ടിടിഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ്‌ ആരോപണം. പ്രഭാകരന്റെ പുത്രനെയും വധിച്ചു. എന്നാല്‍ രാജ്ഞി കൊളംബോ ഉച്ചകോടിയില്‍നിന്നു വിട്ടുനില്‍ക്കുന്നത്‌ രാഷ്ട്രീയ കാരണങ്ങളാലല്ലെന്ന്‌ ബക്കിംഗാം കൊട്ടാരം പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞു. ദീര്‍ഘയാത്ര ഒഴിവാക്കുക മാത്രമാണ്‌ ഉദ്ദേശ്യം. വ്യക്തിപരമായി സന്നിഹിതയാവില്ലെങ്കിലും പ്രതിനിധിയായി ചാള്‍സ്‌ രാജകുമാരനെ അയയ്‌ക്കുന്ന കാര്യം പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. എലിസബത്ത്‌ രാജ്ഞിയുടെ തീരുമാനം അംഗീകരിക്കുന്നതായി കോമണ്‍വെല്‍ത്ത്‌ സെക്രട്ടറി ജനറല്‍ കമലേഷ്‌ ശര്‍മ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ 15മുതല്‍ 17വരെയാണ്‌ കൊളംബോ ഉച്ചകോടി നടക്കുന്നത്‌.