Breaking News

Trending right now:
Description
 
May 08, 2013

അപകീര്‍ത്തികരമായ വാര്‍ത്ത: മന്ത്രി ജയലക്ഷ്‌മി പരാതി നല്‍കി

image അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന രീതിയില്‍ തനിക്കെതിരേ ഒരു ഓണ്‍ലൈന്‍ പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരേ മന്ത്രി പി.കെ. ജയലക്ഷ്‌മി ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നല്‍കി. അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നു കാണിച്ചാണു മന്ത്രിയുടെ പരാതി. 2011ല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നല്‍കിയ സ്വത്തുവിവരങ്ങളും 2012ല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വത്തുവിവരങ്ങളും താരതമ്യപ്പെടുത്തിയാണു വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. തെരഞ്ഞെടുപ്പു സമയത്ത്‌ വെളിപ്പെടുത്തിയതില്‍നിന്ന്‌ അധികമായി മന്ത്രിയായി ഒരു വര്‍ഷത്തിനുള്ളില്‍ 13.5 ഏക്കര്‍ ഭൂമിയും 25 പവന്‍ സ്വര്‍ണവും സമ്പാദിച്ചുവെന്നു 2012ല്‍ മന്ത്രി നല്‍കിയ സ്റ്റേറ്റ്‌മെന്റ്‌ വ്യക്തമാക്കുന്നുവെന്നാണു വാര്‍ത്ത. എന്നാല്‍, വാര്‍ത്തയിലെ ആരോപണങ്ങള്‍ മന്ത്രിയുടെ ഓഫീസ്‌ നിഷേധിച്ചു. മന്ത്രിയുടെ പേരില്‍ ഒരു സെന്റ്‌ ഭൂമിപോലുമില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച വിവരത്തില്‍ മന്ത്രിയുടെ പേരിലുള്ള സ്വത്തുവിവരമാണു വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇതില്‍ മന്ത്രിയുടെ പേരില്‍ സ്വന്തമായി ഭൂമിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. 1.5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തെപ്പറ്റി അതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ വിവരത്തില്‍ കുടുംബസ്വത്തായി അച്ഛന്റെ പേരിലുള്ള 13.5 ഏക്കര്‍ ഭൂമിയെപ്പറ്റിയും വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതാണു മന്ത്രി ഭൂമി വാങ്ങിക്കൂട്ടി എന്ന രീതിയില്‍ വളച്ചൊടിച്ചത്‌ എന്നും മന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കി. സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ്വത്തുവിവരത്തില്‍ 13.5 ഏക്കര്‍ ഭൂമിയും 25 പവന്‍ സ്വര്‍ണവും മന്ത്രിയുടെ പിതാവ്‌ കുഞ്ഞാമ്മന്റെ പേരിലാണെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. സ്വന്തം പേരില്‍ അഞ്ചുപവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും ഉള്ളതായി മന്ത്രി 2011ലും 2012ലും സര്‍ക്കാര്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ കാണിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ സ്വത്തു സമ്പാദിച്ചതു ജയലക്ഷമിയാണ്‌ എന്ന രീതിയിലാണു വാര്‍ത്ത പുറത്തുവന്നത്‌.