Breaking News

Trending right now:
Description
 
May 08, 2013

എഡിജിപിയുടെ വിവാദ കവിതയ്‌ക്ക്‌ അഭിനന്ദനം

image രാഷ്‌ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ആക്ഷേപിച്ച്‌ കവിതയെഴുതി വിവാദത്തിലായ എഡിജിപി ബി. സന്ധ്യയ്‌ക്ക്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ അഭിനന്ദനം. സന്ധ്യയ്‌ക്ക്‌ അയച്ച കത്തിലാണ്‌ പി.ജെ കുര്യന്‍ അവരെ അഭിനന്ദിച്ചത്‌. കവിതയ്‌ക്ക്‌ വിശദീകരണം നല്‍കാന്‍ ഡിജിപി ആവശ്യപ്പെട്ടിരിക്കെയാണ്‌ പി.ജെ കുര്യന്റെ അഭിനന്ദനകത്ത്‌. വിശദീകരണം ചോദിച്ച ഡിജിപി കെ.എസ്‌ ബാലസുബ്രഹ്‌മണ്യത്തിനും അദ്ദേഹം കത്തയച്ചിട്ടുണ്ട്‌. സന്ധ്യയെ അഭിനന്ദിക്കുകയാണ്‌ വേണ്ടതെന്നും കവിതയിലൂടെ സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം വരച്ചുകാട്ടുകയായിരുന്നു സന്ധ്യയെന്നും പി.ജെ കുര്യന്‍ ഡിജിപിക്ക്‌ അയച്ച കത്തില്‍ പറഞ്ഞു.
ഒരു വാരികയില്‍ ബി. സന്ധ്യ- എനിക്ക്‌ ഇങ്ങനെയേ ആവാന്‍ കഴിയൂ എന്ന പേരിലെഴുതിയ കവിതയാണ്‌ വിമര്‍ശനത്തിനിടയാക്കിയത്‌. ഒരു നാവുണ്ടെന്ന്‌ കരുതി ആര്‍ക്കെതിരേയും ഇല്ലാത്തതു ചൊല്ലി വല്ലാത്ത പൂരപ്പാട്ടു പാടാന്‍ നീയെന്താ പത്രമെഴുത്തു തൊഴിലാളിയോ? എന്ന്‌ ചോദിച്ചാണ്‌ കവിത തുടങ്ങുന്നത്‌. രണ്ടു കാലുണ്ടെന്ന്‌ കരുതി ആരെയും കാലുവാരാന്‍ കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ? എന്ന്‌ ചോദിച്ച്‌ രാഷ്‌ട്രീയക്കാരെയും എഡിജിപി ആക്ഷേപിക്കുന്നു. തുടര്‍ന്നുള്ള വരികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ദൃശ്യമാധ്യമപ്രവര്‍ത്തകരെയും സമാനമായ രീതിയില്‍ ആക്ഷേപിക്കുന്നുണ്ട്‌.