Breaking News

Trending right now:
Description
 
May 07, 2013

മെയ്‌ 7 ലോക ആസ്‌ത്‌മ ദിനം, ശരിയായ ചികിത്സ വഴി ആസ്‌ത്‌മ നിയന്ത്രിക്കാം

image

ലോക ആസ്‌ത്‌മ ദിനത്തിന്റെ പശ്ചാതലത്തില്‍ ആസ്‌ത്‌മ രോഗം നിയന്ത്രണവിധേയമാക്കി സജീവ ജീവിതം നയിക്കുന്നതിനെപ്പറ്റി മാര്‍ഗ നിര്‍ദേശങ്ങളുമായി ആസ്‌ത്‌മ ചികിത്സാ വിദഗ്‌ധര്‍. ചികിത്സ തേടാത്ത ആസ്‌ത്‌മ രോഗികള്‍ക്ക്‌ ആസ്‌ത്‌മ അറ്റാക്ക്‌ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഇത്‌ തികച്ചും അപകടമാണെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ആസ്‌ത്‌മയ്‌ക്ക്‌ ഏറ്റവും ചെലവുകുറഞ്ഞ ചികിത്സയായ ഇന്‍ഹലേഷന്‍ തെറാപ്പി ദിവസം 4 രൂപമുതല്‍ 6 രൂപവരെ ചെലവില്‍ ഇന്ത്യയില്‍ ലഭ്യമാണ്‌. രോഗം വഷളായി ആശുപത്രിയിലായാല്‍ ഒരു ദിവസത്തെ ചികിത്സയ്‌ക്ക്‌ വേണ്ടിവരുന്നതിലും കുറഞ്ഞ ചെലവു മാത്രമേ വര്‍ഷം മുഴുവന്‍ ഇന്‍ഹലേഷന്‍ തെറാപ്പി എടുക്കാന്‍ ചെലവാകുകയുള്ളു.

ഇന്ത്യയിലെ 30 ദശലക്ഷം ആസ്‌ത്‌മ രോഗികളില്‍ നല്ലൊരുഭാഗവും വേണ്ടരീതിയില്‍ രോഗനിര്‍ണയം നടത്തുകയോ ചികിത്സ തേടുകയോ ചെയ്യാത്തവരാണ്‌. ചികിത്സ തേടുന്നതില്‍ 50 ശതമാനം പേരും ചികിത്സ തുടര്‍ന്നും എടുക്കാതെ ഇടയ്‌ക്കുവെച്ച്‌ ഉപേക്ഷിക്കുന്നതായി കണ്ടുവരുന്നുമുണ്ട്‌.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചികിത്സ ആവശ്യമായ രോഗമാണ്‌ ആസ്‌ത്‌മ. ചികിത്സ തുടങ്ങി ചെറിയ ആശ്വാസം ലഭിച്ചുതുടങ്ങുമ്പോള്‍ തന്നെ പല രോഗികളും തുടര്‍ചികിത്സ നിര്‍ത്തിവയ്‌ക്കുന്നതായാണ്‌ കണ്ടുവരുന്നത്‌. ഇത്‌ തികച്ചും അപകടകരമാണ്‌, രോഗം തിരികെയെത്താനും ആസ്‌ത്‌മ അറ്റാക്ക്‌ ഉണ്ടാകാനും ഇതുമൂലം സാധ്യതയുണ്ട്‌, കൊച്ചിന്‍ തൊറാസിക്‌ സൊസൈറ്റി പ്രസിഡന്റും മെഡിക്കല്‍ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ പള്‍മണോളജിസ്റ്റുമായ ഡോ: ജോര്‍ജ്‌ മോത്തി ജസ്റ്റിന്‍ പറഞ്ഞു.

രോഗികള്‍ ചികിത്സ അവസാനിപ്പിക്കുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌, പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ആധി, ഇന്‍ഹേലറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍, മാനക്കേട്‌, സാമ്പത്തിക പരിമിതികള്‍ ഇവയെല്ലാം കാരണമായി കണ്ടുവരുന്നു. ചികിത്സയോടുള്ള അതൃപ്‌തി, യഥാര്‍ത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകള്‍, രോഗാവസ്ഥയെക്കുറിച്ച്‌ സ്വയം തോന്നുന്ന ദേഷ്യം, രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള ധാരണക്കുറവ്‌, ആരോഗ്യനിലയെക്കുറിച്ചുള്ള അനാസ്ഥ തുടങ്ങിയ മാനസിക നിലയും ചികിത്സ മുടങ്ങുന്നതിന്‌ ചിലര്‍ കാരണമാക്കാറുണ്ട്‌. ആസ്‌ത്‌മ നിയന്ത്രണ വിധേയമാക്കണമെങ്കില്‍ ഈ ധാരണകള്‍ മറികടന്ന്‌ ഇന്‍ഹലേഷന്‍ തെറാപ്പി തുടരുകതന്നെ വേണം, ഡോ: ജോര്‍ജ്‌ മോത്തി ജസ്റ്റിന്‍ പറഞ്ഞു.

ആസ്‌തമ ചെറുപ്പത്തിലെതന്നെ കണ്ടു പിടിച്ച്‌ ചികിത്സിക്കേണ്ടത്‌ ആവശ്യമാണ്‌, ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന്‌ ഇത്‌ പ്രധാനമാണ്‌. ചുമ, നെഞ്ചില്‍ മുറുക്കം, വലിവ്‌ തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുകയാണെങ്കില്‍ പെട്ടെന്ന്‌ തന്നെ ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്‌. ആസ്‌തമ കണ്ടെത്താനും നിരീക്ഷിക്കാനും പീക്‌ഫ്‌ളോ മീറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാണ്‌. നിലവിലുള്ള ചികിത്സാരീതികള്‍ പിന്തുടര്‍ന്നാല്‍ ആസ്‌ത്മ പരിപൂര്‍ണമായി നിയന്ത്രണവിധേയമാക്കുകയും സജീവമായ ജീവിതം നയിക്കുകയും ചെയ്യുവാന്‍ സാധിക്കുന്നതാണ്‌, കൊച്ചിന്‍ തൊറാസിക്‌ സൊസൈറ്റി സെക്രട്ടറിയും ലിസി ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ പള്‍മണോളജിസ്റ്റുമായ ഡോ: പ്രവീണ്‍ വല്‍സലന്‍ പറഞ്ഞു.

ആസ്‌തമ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രമുഖ ഔഷധ കമ്പനി സിപ്ല www.breathefree.com എന്ന വെബ്‌സൈറ്റ്‌ തയ്യാറാക്കിയിട്ടുണ്ട്‌. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാനാഗ്രഹിക്കുന്ന വിവരങ്ങള്‍ എല്ലാം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.