Breaking News

Trending right now:
Description
 
May 07, 2013

ഫൊക്കാന നാഷണല്‍ കമ്മിറ്റി ചിക്കാഗോയില്‍ യോഗം ചേര്‍ന്നു.

മാത്യു മൂലേച്ചേരില്‍
image



ചിക്കാഗോ: 2012-13 വര്‍ഷത്തെ പ്രവര്‍ത്തനാവലോകനത്തിനും, ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി 2014-ലെ കണ്‍വന്‍ഷന്‍ വേദിയായ ചിക്കാഗോ ഹയറ്റ് റീജന്‍സി ഒഹയര്‍ ഹോട്ടലില്‍ വച്ച് ഫൊക്കാന എക്‌സിക്ക്യൂട്ടീവ്, ട്രസ്റ്റീ ബോര്‍ഡ്, ഫൗണ്ടേഷന്‍, അഡ്വൈസറി ബോര്‍ഡ് എന്നിവയുടെ സമ്മേളനം പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടി.കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

 

2014ലെ കണ്‍വെന്‍ഷന്‍ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ റീജിയണുകളിലും റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുവാനും, അജണ്ടാപ്രകാരമുള്ള എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തുവാനും തീരുമാനിച്ചു. പ്രവാസി മലയാളികളുടെ പ്രധാന വിഷയമായ ഒ.സി.ഐ കാര്‍ഡ് വിഷയത്തില്‍ ഒപ്പു ശേഖരണത്തിനും എല്ലാ റീജിയണല്‍ പ്രസിഡന്റുമാരെയും പങ്കെടുപ്പിക്കുന്നതിലേക്കായി ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കേയാര്‍ക്കെയെ ചുമതലപ്പെടുത്തി.

 

ചിക്കാഗൊയില്‍ നിന്നുള്ള അഗസ്റ്റിന്‍ കരിങ്കുറ്റിയെ നാഷണല്‍ കണ്‍വെന്‍ഷന്റെ ചെയര്‍മാനായും, വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള ജോയി ഇട്ടനെ കണ്‍വെന്‍ഷന്റെ നാഷണല്‍ കോര്‍ഡിനേറ്ററായും തിരഞ്ഞെടുത്തു. സംഘാടകനും എഴുത്തുകാരനും നടനുമായ ജോയി ചെമ്മാച്ചേലിനെ ജനറല്‍ കണ്‍വീനറായും യോഗം തിരഞ്ഞെടുത്തു.വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സുറിയാനി യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണു ജോയി ഇട്ടന്‍.. ലീലാ മാരേട്ടിനെ ഫൊക്കാന വനിതാ ഫോറത്തിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായും തെരെഞ്ഞെടുത്തു.

 

ഫൊക്കാനയുടെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്ന സ്‌പെല്ലിംഗ് ബീ, ഭാഷക്കൊരു ഡോളര്‍ മുതലായ കാര്യങ്ങള്‍ തുടര്‍ന്നും ശക്തമായ രീതിയില്‍ത്തന്നെ നടത്തുവാനും തീരുമാനമായി. 2014 കണ്‍വെന്‍ഷന്‍ വാന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ ഭരണ നേതൃത്വങ്ങളും, കമ്മിറ്റി മെമ്പര്‍മാരും സമവായത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് സെക്രട്ടറി ടെറന്‍സണ്‍ തോമസ് ആഹ്വാനം ചെയ്തു.

 

മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, മുന്‍ സെക്രട്ടറി ബോബി ജേക്കബ്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം.അനിരുദ്ധന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ജോണ്‍ ഐസക്ക്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി ഗണേഷ് നായര്‍, ജോസ് കാനാട്ട്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ സംസാരിച്ചു.