Breaking News

Trending right now:
Description
 
May 07, 2013

ഞാന്‍ വാഗമണിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

ജനറ്റ്‌ ബിനോയി
image വാഗമണ്‍ എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന്‌ തോന്നുന്നു. മാവടിപ്പള്ളിയിലേയ്‌ക്ക്‌ സ്ഥലം മാറിപോയ വികാരിയച്ചനെ കാണാന്‍ മാവടിലേയ്‌ക്ക്‌ പോയതും ആദ്യമായി വാഗമണ്ണില്‍ ചവുട്ടി നടന്നതും. കാലചക്രത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ എസ്‌.എസ്‌എല്‍.സി ക്യാമ്പുകളിലെ ഏകദിന ടൂറുകളിലും വാഗമണ്‍ ഇടം പിടിച്ചു. പിന്നീട്‌ സകുടുംബം പാലായില്‍ താമസിച്ചതോടെ വാഗമണ്ണിലേയ്‌ക്കുള്ള ഇടവേളകള്‍ കുറഞ്ഞു. സുഹൃത്തുക്കളോ ബന്ധുക്കളോ വന്നാല്‍ ഭരണങ്ങാനം വഴി വാഗമണ്‍ വിരസതയില്ലാത്ത ആവര്‍ത്തനങ്ങളായി

ഓരോ സമയത്തും വാഗമണ്ണിന്റെ സൗന്ദര്യം വിരസതയില്ലാത്ത ആവര്‍ത്തനങ്ങളായി. ചെറുവെള്ളച്ചാട്ടങ്ങള്‍ കാണിച്ച്‌ മനസിനെ കുളിര്‍പ്പിച്ച്‌, കോടമഞ്ഞിന്റെ പുകമറയില്‍ ഇന്ദ്രജാലങ്ങള്‍ സൃഷ്ടിച്ച്‌, വേനല്‍ ചൂടറിയാതെ, ഇളംകാറ്റിന്റെ തലോടല്‍ തന്ന്‌, വാഗമണ്ണിന്റെ പ്രകൃതി നമ്മെ ചുംബനത്താല്‍ മൂടും പോലെ..

ഇത്തവണത്തെ വാഗമണ്‍യാത്രയോടെ ഞാന്‍ വാഗമണിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആയോ എന്ന്‌ എനിക്കൊരു സംശയം.രാവിലെ പതിനൊന്നോടെ കുരിശുമല ആശ്രമത്തില്‍ എത്തി. ഡയറിഫാമെല്ലാം കണ്ട്‌ ചാപ്പലിലേയ്‌ക്ക്‌. നിശബ്ദതയുടെ മനോഹര തീരത്ത്‌ യഥാര്‍ത്ഥ ധ്യാനം നടക്കുന്നു. ഈശ്വരനും തപസ്സ്യരും മാത്രം.

ഗ്രാമീണ ലാളിത്യത്തിലേയ്‌ക്ക്‌ വാഗമണ്‍ ഞങ്ങളെ വിളിച്ചു. പണ്ട്‌ ഞാന്‍ ആദ്യമായി വാഗമണിലെത്തുമ്പോള്‍ റോഡിന്‌ നടുവില്‍ ആരെയും മൈന്‍ഡ്‌ ചെയ്യാതെ നിരവധി പശുക്കള്‍ ഉണ്ടാകും. വണ്ടി ഹോണടിച്ചാല്‍ പശുവിന്‌ പുച്ഛഭാവം. പക്ഷേ പശുക്കള്‍ ഇന്ന്‌ മാറിയിരിക്കുന്നു. ടൂറിസ്റ്റ്‌ ഫ്രണ്ട്‌ലി പശുക്കള്‍ വഴിയരുകില്‍ മാന്യതയോടെ ഞങ്ങളോട്‌ പെരുമാറി. കപ്പലണ്ടിയും കൊറിച്ച്‌ ടൗണില്‍ കൂടി വെറുതേ നടക്കുമ്പോള്‍ ഞാനെന്റെ കൂട്ടുകാരികളെ ഓര്‍ത്തു. കോട്ടയം നഗരത്തിലെ സായം സന്ധ്യകളില്‍ കപ്പലണ്ടിയും കൊറിച്ച്‌ യൂണിവേഴ്‌സിറ്റി പഠനത്തിന്റെ ആ നല്ല നാളുകള്‍ തിരിച്ച്‌ വന്നിരുന്നുവെങ്കില്‍...

വിശപ്പിന്റെ വിളി ഉയര്‍ന്നപ്പോഴാണ്‌ ഉച്ചഭക്ഷണത്തിനായി കരുതിയ ന്യൂഡില്‍സിനായി വണ്ടിയില്‍ പരതിയത്‌. എന്നാല്‍ എനിക്ക്‌ കിട്ടിയത്‌ ചില്ലി സോസിന്റെയും ടുമാറ്റ സോസിന്റെയും കുപ്പികള്‍ മാത്രം. കുപ്പി വെള്ളത്തില്‍ കൈ കഴുകി കുട്ടി പട്ടാളം റെഡിയായി നില്‌ക്കുകയാണ്‌. ന്യൂഡില്‍സ്‌ മറന്നിരിക്കുന്നുവെന്ന്‌ മനസിലാക്കി നാടന്‍ ഊണിലേയ്‌ക്ക്‌ ഞങ്ങള്‍ മാറി. വാഗമണ്‍ പഴയ വാഗമണാണെങ്കിലും നാട്ടുകാര്‍ മാറിയിരിക്കുന്നു. പുല്ലും മലയും കാണാന്‍ എത്തുന്നവര്‍ക്കായി സൗമ്യമായ പുഞ്ചിരിയും ആതിഥ്യമര്യാദയും ചുണ്ടില്‍ ഒരുക്കി വച്ചിരിക്കുന്നു.


അച്ചായന്‍ ഹോട്ടലില്‍ നിന്ന്‌ മിതമായ ചിലവില്‍ മതിയാകുവോളം ഭക്ഷണം കഴിച്ച്‌ നേരെ പൈന്‍കാട്ടിലേയ്‌ക്ക്‌. ഓടിയും ചാടിയും പൈന്‍കായ്‌കള്‍ പെറുക്കിയും ഇഷ്ടങ്ങള്‍ പങ്കുവച്ച്‌ ...തിരികെ പോരാനേ തോന്നിയില്ല. കുട്ടികളുടെ കൂടെ കുട്ടിയായി ഞാനും.

ഇത്തവണ മൊട്ടക്കുന്നുകളെ ഉപേക്ഷിച്ച്‌ നേരെ സൂയിസൈഡ്‌ പോയിന്റിലേയ്‌ക്ക്‌ വച്ചു പിടിച്ചു. അവിടെയാണല്ലോ പാരാഗ്ലൈഡിങ്ങ്‌ നടക്കുന്നത്‌. നീലാകാശവും അഗാധമായ കൊക്കകളും നിറഞ്ഞിടം. സൗന്ദര്യാസ്വാദനത്തെ ഉണര്‍ത്തുന്ന പ്രകൃതിയുടെ വശ്യത. മൂന്നു മണി മുതല്‍ ആകാശ സവാരി കാണാന്‍ എത്തിയ നാട്ടുകാരുടെ കണ്ണില്‍ അക്ഷമ. പറക്കാനുള്ള സായിപ്പന്മാര്‍ക്ക്‌ യാതൊരുവിധ അക്ഷമയും ഇല്ല. ചിലര്‍ ജീപ്പില്‍ താമസസ്ഥലത്തേയ്‌ക്ക്‌ മടങ്ങുന്നത്‌ കാണാം. ചിലര്‍ ആകാശപാതകള്‍ വീക്ഷിക്കുന്നു. 


പറക്കല്‍ കാണാതെ മടക്കമില്ലെന്ന്‌ ഞാന്‍ ശഠിച്ചു. കുട്ടികളും കൂട്ടുകാരും പറക്കുന്നത്‌ കണ്ടിട്ട്‌ മടങ്ങിയാല്‍ മതി എന്ന തീരുമാനത്തെ സ്വാഗതം ചെയ്‌തു. ആകാശത്ത്‌ കറുത്ത മേഘക്കൂട്ടങ്ങള്‍ കലപിലകൂട്ടി. പെട്ടെന്ന്‌ കാറ്റ്‌ പറക്കലിന്‌ അനൂകൂലമായി ഗതി മാറ്റി. സായിപ്പന്‍മാര്‍ പറക്കല്‍ വണ്ടി ശരിയാക്കി. 3500 രൂപ മുടക്കിയാല്‍ ഒരു ആകാശ യാത്രയാവാം. പക്ഷേ ആകാശത്തിന്റെ അപാര ശൂന്യതയിലേക്ക്‌ പിടിവിട്ടുള്ള ആ പറക്കല്‍ കണ്ടപ്പോള്‍ എന്റെ സകല ആത്മവിശ്വാസവും പോയി. 

അതാ ഒരു ആറാം ക്ലാസുകാരന്‍ മായാവിയുടെ പുറത്ത്‌ കയറി പറന്ന്‌ പൊങ്ങുന്നത്‌ പോലെ പാരാഗ്ലൈഡര്‍ക്കൊപ്പം പറക്കുന്നു. ലുട്ടാപ്പിയും ഡാകിനിയും കുട്ടൂസനും മാത്രമല്ല രാവണന്റെ പുഷ്‌പക വിമാനം വരെ ഈ പറക്കലില്‍ ഞാന്‍ കണ്ടു. 


സൂര്യന്‍ പകല്‍ അധ്വാനത്തിന്റെ ക്ഷീണവും പേറി സന്ധ്യയുടെ ചുവന്ന പ്രകാശത്തില്‍ മലഞ്ചെരുവില്‍ ഉറങ്ങുവാനുള്ള തയാറെടുപ്പിലാണ്‌. ഞങ്ങള്‍ക്കും ഈ കാഴ്‌ചകളില്‍ നിന്ന്‌ തിരികെ പോകാതെ ആവില്ല. മടക്കയാത്രയില്‍ എല്ലാവരും വാതോരാതെ പറഞ്ഞ്‌ുകൊണ്ടിരുന്നത്‌ വാഗമണ്ണിന്റെ സൗന്ദര്യത്തെക്കുറിച്ച്‌ മാത്രമായിരുന്നു...