Breaking News

Trending right now:
Description
 
May 05, 2013

കൊച്ചിയില്‍ 100 കോടി രൂപയുടെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണിന്‌ അനുമതി

image നൂറുകോടി രൂപ മുടക്കി കൊച്ചിയില്‍ ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ തുടങ്ങാനുള്ള പദ്ധതിക്കു സംസ്ഥാന സര്‍ക്കാര്‍ അനുമതി. അമേരിക്കന്‍ കമ്പനി ഐബിഎമ്മുമായി ചേര്‍ന്നു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്‌. എമേര്‍ജിംഗ്‌ കേരളയിലാണു പദ്ധതി പ്രഖ്യാപിച്ചത്‌. വിദ്യാര്‍ഥികളുടെ നൂതന സംരംഭക ആശയങ്ങള്‍ക്കു പിന്തുണ നല്‌കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്‌. വിവിധ രാജ്യങ്ങളിലെ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കുന്ന സേവന മേഖലയിലാണ്‌ ഇന്ത്യയിലെ ഐടി വ്യവസായം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഇതില്‍ മാറ്റം ഉണ്ടാക്കുകയും ഐടി മേഖലയിലും അനുബന്ധമായും സ്വതന്ത്ര വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ താത്‌പര്യമുള്ളവര്‍ക്കു തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഇന്‍കുബേറ്റര്‍ മാതൃകയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. കളമശേരിയിലെ കിന്‍ഫ്ര ഹൈടെക്‌ പാര്‍ക്കിലാണ്‌ ഇന്നോവേഷന്‍ സോണ്‍ സ്ഥാപിക്കുന്നത്‌. ഇതിനായി കിന്‍ഫ്ര 10 ഏക്കര്‍ സ്ഥലം ഏക്കറൊന്നിനു പ്രതിവര്‍ഷം ഒരു രൂപ പാട്ടത്തിനു നല്‌കും. ടെക്‌നോപാര്‍ക്ക്‌ ടെക്‌നോളജി ബിസിനസ്‌ ഇന്‍ക്യുബേഷന്‍ സൊസൈറ്റിക്കാണു നിര്‍മാണ-നടത്തിപ്പു ചുമതല. 

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡ്‌ പുനഃസംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. സ്വകാര്യ മേഖലയിലെ വ്യവസായികള്‍ നിര്‍ദേശിക്കുന്ന അഞ്ചു പ്രമുഖ വ്യവസായികളെ കൂടി ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ള 13 അംഗങ്ങള്‍ സര്‍ക്കാരിന്റെ പ്രതിനിധികളാകും. ഇതിനു പുറമെ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, വ്യാവസായിക പഠന രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടു സര്‍ക്കാര്‍ അനുമതിയോടെ ഉന്നതതല ഉപദേശക സമിതി രൂപീകരിക്കുമെന്നും സൊസൈറ്റിയുടെ ബൈലോയില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.