Breaking News

Trending right now:
Description
 
Oct 04, 2012

നഴ്‌സസ്‌ സംഘടനാശക്തിയുടെ മുനയൊടിക്കാതെ മാനേജ്‌മെന്റ്‌ പിന്നോട്ടില്ലെന്ന്‌ മദര്‍ ഹോസ്‌പിറ്റല്‍ പിആര്‍ഒ

ഗ്ലോബല്‍ മലയാളം എക്‌സ്‌ക്ലൂസീവ്‌
image ഇ.എസ്‌. ജിജിമോള്‍

തൃശൂര്‍: മദര്‍ ഹോസ്‌പിറ്റല്‍ സമരത്തില്‍ പങ്കെടുത്ത ട്രെയിനികളായ നഴ്‌സുമാരെ പിരിച്ചുവിടുവിടുമെന്നും മാനേജ്‌മെന്റ്‌. മദര്‍ ഹോസ്‌പിറ്റലിലെ എല്ലാ നഴ്‌സുമാര്‍ക്കും മിനിമം വേതനം നല്‌കുന്നുണ്ടെന്നും മാനേജ്‌മെന്റിന്റെ അവകാശത്തില്‍ കൈകടത്തുവാന്‍ യൂണിയനുകള്‍ നടത്തുന്ന ഏതു ശ്രമത്തെയും എന്തു വിലകൊടുത്തും നേരിടുമെന്നും ഹോസ്‌പിറ്റല്‍ പിആര്‍ഒ ജോണ്‍സണ്‍ ചീരന്‍ ഗ്ലോബല്‍ മലയാളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ചോദ്യം: സമരത്തിന്റെ പ്രധാന കാരണമെന്താണ്‌? ഉത്തരം: ഷഫ്‌ളിങ്ങ്‌ നടത്തുക എന്ന മാനേജ്‌മെന്റിന്റെ പ്രത്യേക അധികാരത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി കൊണ്ട്‌ ഒരുകൂട്ടം നഴ്‌സുമാര്‍ നടത്തിയ അപ്രഖ്യാപിത സമരമാണിത്‌... ചോദ്യം: പ്രതികാരബുദ്ധിയോടെയുള്ള ഷഫ്‌ഷിങ്ങാണ്‌ മാനേജ്‌മെന്റ്‌ നടത്തുന്നതെന്നാണല്ലോ നഴ്‌സുമാര്‍ ആരോപിക്കുന്നത്‌.

ഉത്തരം: ഷഫ്‌ളിങ്ങ്‌ ഏതെങ്കിലും നഴ്‌സിന്‌ പ്രശ്‌നമുണ്ടായെങ്കില്‍ ഞങ്ങളോട്‌ പറഞ്ഞിരുന്നുവെങ്കില്‍ മാനേജ്‌മെന്റ്‌ ഉചിതമായ നടപടി സ്വീകരിച്ചേനെ. ചോദ്യം: 15 പേരെ എന്തിനാണു പിരിച്ചു വിട്ടത്‌? ഉത്തരം: ഹോസ്‌പിറ്റലിന്‌ എതിരെ അനാവശ്യമായ സമരം നടത്തി സംഘടനാ പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തതിനാണ്‌ പിരിച്ചുവിടല്‍ നടപടി. ചോദ്യം: അപ്പോള്‍ സംഘടനാ നടപടികള്‍ പാടില്ലെന്നാണോ മാനേജ്‌മെന്റ്‌ പറയുന്നത്‌?

ഉത്തരം: ഞങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ട്‌. പിന്നെ എന്തിനാണ്‌ സംഘടന. ഇപ്പോള്‍ സമരം നടത്തുന്ന സംഘടന ഒരു സ്വതന്ത്ര സംഘടനയാണ്‌. അല്ലാത്ത സംഘടനകള്‍ ഈ സമരത്തെ അനുകൂലിക്കുന്നില്ല. ഇവര്‍ സമരം നടത്തിയത്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‌കാതെയാണ്‌. ഇവര്‍ക്ക്‌ സംഘടനാപ്രവര്‍ത്തനങ്ങളുടെ സാമാന്യ മര്യാദ പോലും അറിയില്ല. ആദ്യമായി കേരളത്തില്‍ മിനിമം വേതനം നടപ്പിലാക്കിയത്‌ മദര്‍ ഹോസ്‌പിറ്റലിലാണ്‌.

ചോദ്യം: എല്ലാവര്‍ക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്നാണ്‌ സംഘടന പ്രതിനിധികള്‍ പറയുന്നത്‌?

ഉത്തരം: തെറ്റ്‌. ഞങ്ങള്‍ ഈ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന ഇരുന്നൂറോളം പേര്‍ക്ക്‌ മിനിമം വേതനം നല്‌കുന്നുണ്ട്‌. 40 പേര്‍ ട്രെയിനികളാണ്‌. ഇത്തവണ ബോണസായി ഒരുമാസത്തെ ശമ്പളവും 2500 രൂപയും നല്‌കി. ഏത്‌ ഹോസ്‌പിറ്റല്‍ ഇത്രയും സൗകര്യങ്ങള്‍ ചെയ്‌തു നല്‌കും? അടിസ്ഥാന ശമ്പളം കിട്ടുന്നില്ലെങ്കില്‍ അവര്‍ ലേബര്‍ കമ്മീഷന്റെ മുമ്പില്‍ ഈ ആവശ്യം ഉന്നയിക്കില്ലായിരുന്നോ? ഇതുവരെ അങ്ങനെയൊരു കാര്യം ഉന്നയിച്ചിട്ടില്ല.

ചോദ്യം: സമരം അവസാനിപ്പിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

ഉത്തരം: എന്തു നടപടി? ഇപ്പോള്‍ സംഘടനയുടെ മുന്നില്‍ മുട്ടുമടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഇവരുടെ സംഘടനാശേഷിയുടെ മുനയൊടിച്ചാല്‍ മാത്രമേ ഭാവിയില്‍ മാനേജ്‌മെന്റുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനാവൂ. ഇവിടെ പണം മുടക്കുവാന്‍ പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എമേര്‍ജിംങ്‌ കേരളയും മറ്റും നടത്തുന്നുണ്ടല്ലോ... ആദ്യമായി ഹോസ്‌പിറ്റല്‍ രംഗത്ത്‌ പണം മുടക്കിയ പ്രവാസികളുടേതാണ്‌ മദര്‍ ഹോസ്‌പിറ്റല്‍. ഈ ഹോസ്‌പിറ്റല്‍ അടച്ചിട്ടാലും അവര്‍ക്ക്‌ ഒന്നും സംഭവിക്കില്ല. ഇവരെപ്പോലെയുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടാവട്ടെ പുതിയ സംരംഭകരെ കൊണ്ടുവരേണ്ടത്‌. സര്‍ക്കാരിനും മനസ്സിലാവുന്നുണ്ട്‌ ഈ സമരം അനാവശ്യമാണെന്ന്‌.

ചോദ്യം: ഹോസ്‌പിറ്റലില്‍ നഴ്‌സല്ലാത്ത നേഴ്‌സിങ്ങ്‌ സൂപ്രണ്ട്‌ ഉണ്ടെന്ന ആരോപണം

ഉത്തരം: ഇതൊക്കെ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വെറുതെ പറയുന്ന കാര്യങ്ങളാണ്‌.