Breaking News

Trending right now:
Description
 
May 03, 2013

ആക്ഷേപ കവിതയെഴുതിയ എഡിജിപി ബി.സന്ധ്യയോട്‌ വിശദീകരണം ആവശ്യപ്പെട്ടു

image രാഷ്‌ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്ഷേപിച്ച്‌ എഡിജിപി ബി. സന്ധ്യ എഴുതിയ കവിത വിവാദമാകുന്നു. സംഭവം സംബന്ധിച്ച്‌ ഡിജിപി വിശദീകരണം തേടി. ഒരു വാരികയില്‍ ബി. സന്ധ്യ എനിക്ക്‌ ഇങ്ങനെയേ ആവാന്‍ കഴിയൂ  എന്ന പേരിലെഴുതിയ കവിതയാണ്‌ വിമര്‍ശനത്തിന്‌ വഴിവെച്ചിരിക്കുന്നത്‌. ഒരു നാവുണ്ടെന്ന്‌ കരുതി ആര്‍ക്കെതിരേയും ഇല്ലാത്തതു ചൊല്ലി വല്ലാത്ത പൂരപ്പാട്ടു പാടാന്‍ നീയെന്താ പത്രമെഴുത്തു തൊഴിലാളിയോ  എന്ന്‌ ചോദിച്ചാണ്‌ കവിത തുടങ്ങുന്നത്‌.  രണ്ടു കാലുണ്ടെന്ന്‌ കരുതി ആരെയും കാലുവാരാന്‍ കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ  എന്ന്‌ ചോദിച്ച്‌ രാഷ്‌ട്രീയക്കാരെയും എഡിജിപി ആക്ഷേപിക്കുന്നു. ദൃശ്യമാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കവിതയില്‍ വെറുതെ വിടുന്നില്ല. കവിത പ്രസിദ്ധീകരിച്ചുവരികയും ചര്‍ച്ചയാകുകയും ചെയ്‌തതോടെയാണ്‌ ഡിജിപി കെ.എസ്‌ ബാലസുബ്രഹ്‌മണ്യം വിശദീകരണം തേടിയത്‌. രണ്ടാഴ്‌ച മുന്‍പായിരുന്നു വിശദീകരണം തേടിയതെങ്കിലും എഡിജിപി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ സാഹിത്യ സൃഷ്‌ടി നടത്തുന്നതിന്‌ സര്‍വീസ്‌ ചട്ടം തടസമല്ല. എന്നാല്‍ സമൂഹവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരെ ആക്ഷേപിക്കുന്ന എഡിജിപിയുടെ വരികള്‍ സാഹിത്യഗണത്തില്‍ പരിഗണിക്കാവുന്നതല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു വിശദീകരണം തേടിയത്‌. അടുത്തിടെ പൊലീസ്‌ ട്രെയിനികളുടെ പരിശീലന ക്യാമ്പില്‍ ഒരു ട്രെയിനി തന്റെ നേര്‍ക്ക്‌ തോക്കു ചൂണ്ടിയെന്ന്‌ ആരോപിച്ച്‌ ബി. സന്ധ്യ ക്ഷുഭിതയായി ഇറങ്ങിപ്പോയത്‌ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ്‌ പുതിയ സംഭവവും.