Breaking News

Trending right now:
Description
 
May 03, 2013

ആയൂസ്‌ കൂട്ടുന്നതിനുള്ള രാസവസ്‌തു ഇന്ത്യാക്കാരനായ ഡോക്ടര്‍ കണ്ടെത്തി

image ആയുസിന്റെ താക്കോല്‍ ശാസ്‌ത്രലോകത്തിന്റെ കൈപ്പിടിയില്‍. മസ്‌തിഷ്‌കത്തിലെ ഹൈപോതലാമസ്‌ ഭാഗത്താണ്‌ ആയുസ്‌ കൂട്ടാനും കുറയ്‌ക്കാനുമുള്ള നിര്‍ദേശങ്ങള്‍ നല്‌കുന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ കോളജ്‌ ഓഫ്‌ മെഡിസിനില്‍ ഡോങ്‌ഷെങ്‌ കായിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഗവേഷണഫലം ഈ മാസത്തെ നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എലികളിലെ പരീക്ഷണത്തില്‍ ആയുസ്‌ കൂട്ടാനും കുറയ്‌ക്കാനും കഴിഞ്ഞു. എന്‍എഫ്‌-കാപ്പ ബി എന്ന രാസവസ്‌തുവാണു താക്കോല്‍ എന്നു സംഘം പറഞ്ഞു. പ്രായം കൂടുമ്പോള്‍ ഹൈപോതലാമസില്‍ ഈ രാസവസ്‌തു കൂടുതല്‍ ഉണ്ടാകും. ഇതിന്റെ അളവ്‌ കുറച്ചപ്പോള്‍ എലികളുടെ ആയുസ്‌ പരാമവധി 1,000 ദിവസത്തില്‍നിന്ന്‌ 1,100 വരെയെത്തി. ഇതിന്റെ അളവ്‌ കൂട്ടിയപ്പോള്‍ 900 ദിവസത്തിനുമുമ്പ്‌ എലികളെല്ലാം ചത്തു. ഹൈപോതലാമസില്‍ എന്‍എഫ്‌-കാപ്പ ബി എന്ന സങ്കീര്‍ണമായ പ്രോട്ടീന്‍ ഇല്ലാത്തവര്‍ക്ക്‌ കൂടുതല്‍ മസിലും ശക്തമായ അസ്ഥിയും ഉണ്ട്‌, അവര്‍ വേഗം പഠിക്കുന്നു; തൊലിയും ആരോഗ്യപൂര്‍ണമായിരിക്കും- സംഘം പറയുന്നു. 

പ്രത്യുല്‍പാദനശേഷിയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ജിഎന്‍ആര്‍എച്ച്‌ എന്ന ഹോര്‍മോണിന്റെ അളവ്‌ കുറയ്‌ക്കുന്നതാണ്‌ എന്‍എഫ്‌-കാപ്പ ബിയുടെ സാന്നിധ്യം. ജിഎന്‍ആര്‍എച്ച്‌ എലികള്‍ക്കു നല്‌കിയപ്പോള്‍ ആയുസ്‌ കൂടുന്നതായി കണ്ടു. ഇന്ത്യക്കാരനായ ഡോ. രഞ്‌ജന്‍ സെന്‍ ആണ്‌ എന്‍എഫ്‌-കാപ്പ ബി (ന്യൂക്ലിയര്‍ ഫാക്ടര്‍ കാപ്പ ലൈറ്റ്‌ ചെയിന്‍ എന്‍ഹാന്‍സര്‍ ഓഫ്‌ ആക്ടിവേറ്റഡ്‌ ബി സെല്‍സ്‌) കണ്ടെത്തിയത്‌. കോശത്തിലെ മുഖ്യജീവരേഖയായ ഡിഎന്‍എയുടെ പകര്‍പ്പെടുക്കലും അതുവഴി ശരീരവളര്‍ച്ചയും ഈ പ്രോട്ടീനാണു നിയന്ത്രിക്കുന്നത്‌. ശരീരത്തിന്റെ പ്രതിരോധസംവിധാനം, വിവിധ കാര്യങ്ങളോടുള്ള പ്രതികരണം, ഓര്‍മ എന്നിവയുമായും ഈ പ്രോട്ടീനു നിര്‍ണായക ബന്ധമുണ്ട്‌. ഹൈപോതലാമസില്‍ ഈ പ്രോട്ടീന്റെ പ്രവര്‍ത്തനം ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നതു ശരിവച്ചാല്‍ വാര്‍ധക്യം തടയുന്നതിലേക്കു ശാസ്‌ത്രത്തിനു കടന്നുചെല്ലാനാകും. പ്രമേഹമടക്കമുള്ള പല രോഗങ്ങളുടെയും ചികിത്സയ്‌ക്കു പുതിയ കണ്ടുപിടുത്തം വഴിതെളിക്കുമെന്നും കരുതുന്നു.