Breaking News

Trending right now:
Description
 
Apr 30, 2013

ന്യൂയോര്‍ക്ക്‌ മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗിന്റെ ഔദ്യോഗികവസതിയില്‍ പൈതൃകവാരാഘോഷം: ഫൊക്കാന നേതാക്കള്‍ പങ്കെടുത്തു

മാത്യു മൂലേച്ചേരില്‍
image ന്യൂയോര്‍ക്ക്:കഴിഞ്ഞ ഏപ്രില്‍ 17 ബുധനാഴ്ച്ച ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ്ഗിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മേന്‍ഷനില്‍ സമുചിതമായി കൊണ്ടാടിയ കുടിയേറ്റ പൈതൃകവാരത്തിന്റെ (Immigrant heritage week) പത്താമത് വാര്‍ഷിക ദിനത്തില്‍ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെമ്പര്‍ ലീലാ മാരേട്ടിന്റെയും മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിലിന്റെയും സാന്നിദ്ധ്യം ശ്രദ്ധേയമായി.
 

 ന്യൂയോര്‍ക്ക് സിറ്റി കെട്ടിപ്പെടുത്തിയെടുക്കുന്നതില്‍ കുടിയേറ്റ വിഭാഗക്കാരുടെ പങ്കിനേയും അവര്‍ സിറ്റിയിലേക്ക് കൊണ്ടുവന്ന അനുഭവസമ്പത്തിനേയും, സംഭാവനകളെയും മാനിക്കുന്നതിനായി സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബര്‍ഗ്ഗിന്റെ പ്രത്യേക താത്പര്യപ്രകാരം 2004 - ല്‍ തുടങ്ങിയതാണ് ഈ കുടിയേറ്റ പൈതൃക വാരം. അത് എല്ലാവര്‍ഷവും ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള ആഴ്ച്ച സിറ്റിയില്‍ എല്ലായിടവും ആഘോഷിക്കുന്നു. ആര്‍ക്കിബാള്‍ഡ് ഗ്രേസി എന്ന വ്യാപാരി 1799-ല്‍ പണികഴിപ്പിച്ച് 1942-ലെ മേയര്‍ ഫയറെല്ലോ എച്ച്. ലാഗ്വാര്‍ഡിയയുടെ കാലം മുതല്‍ ന്യൂയോര്‍ക്ക് സിറ്റി മേയറുടെ ഔദ്യോഗിക വസതിയായതും ധാരാളം ചരിത്രങ്ങളുറങ്ങുന്നതുമായ ഈ രമ്യഹര്‍മ്മ്യത്തില്‍ വച്ചാണ് ഇതുവരെയും ഇതിന്റെ സമാപന ചടങ്ങുകള്‍ നടന്നു വന്നിട്ടുള്ളത്. ഗ്രേസി മേന്‍ഷനില്‍ പതിവുപോലെ ഈ വര്‍ഷവും രാവിലെ എട്ടര മണിക്ക് പ്രാതലോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മേയര്‍ ബ്ലൂംബര്‍ഗും, ഇമിഗ്രന്റ് അഫയേഴ്സ് കമ്മീഷണര്‍ ഫാത്തിമാ ഷമയും മറ്റ് നേതാക്കളും ക്ഷണം സ്വീകരിച്ചെത്തിയ വിവിധ കുടിയേറ്റ വിഭാഗങ്ങളിലെ നേതാക്കന്മാരെയും ജനങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. മേയറുടെയും, കമ്മീഷണര്‍ ഷമയുടെയും നേതൃത്വത്തില്‍ 2013-ലെ അമേരിക്കന്‍ ഡ്രീമര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വിഷനറി അവാര്‍ഡ് യൊളാനി റൊഡ്രീഗസ്സിനും, കമ്മ്യൂണിറ്റി ബില്‍ഡര്‍ അവാര്‍ഡ് വര്‍ക്കേഴ്സ് ജസ്റ്റീസ് പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടറായ ലിജിയ ഗ്വാള്‍പ്പയ്ക്കും, ന്യൂയോര്‍ക്ക് യൂണിഫോം അവാര്‍ഡ് സെര്‍ജന്റ് ധന്‍ഡപ്പ് ചഡോട്സാംങിനും, അംബാസഡര്‍ അവാര്‍ഡ് ചയ്യ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സീമ അഗ്നാനിക്കും, ബിസിനസ് ലീഡര്‍ അവാര്‍ഡ് ഹോട്ട് ബ്രഡ് കിട്ച്ചന്‍ സ്ഥാപക ജസ്സമിന്‍ റോഡ്രീഗസ്സിനും, റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് മാസാ സ്ഥാപക ആഞ്ചലോ കബ്രേറ, മേരിബേത്ത് മെലെന്‍ഡസ്, ഡിനൈസ് വീവര്‍ എന്നിവര്‍ക്കും ലഭിച്ചു.

കഴിഞ്ഞ നാനൂറ് വര്‍ഷങ്ങളായുള്ള സിറ്റിയുടെ നിര്‍മ്മാണത്തില്‍ കുടിയേറ്റക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഈ ആഘോഷത്തിലേക്ക് കടന്നുവന്ന എല്ലാവരെയും അനുമോദിക്കുകയും ചെയ്യുന്നുവെന്ന് മേയര്‍ പറഞ്ഞു.

എന്നും കുടിയേറ്റക്കാരെ സ്നേഹിക്കുകയും നല്ല ഒരു ജനപ്രതിനിധിയായി നിലകൊണ്ട് ന്യൂയോര്‍ക്ക് സിറ്റിയെ നയിക്കുകയും ചെയ്യുന്ന ബ്ലൂംബര്‍ഗിന്റെ പ്രവര്‍ത്തങ്ങളെ പോള്‍ കറുകപ്പള്ളില്‍ അനുമോദിച്ചു. ഫൊക്കാനയുടെ ഒരു പ്രതിനിധിയായി ഈ ചടങ്ങില്‍ സംബന്ധിക്കുവാന്‍ സാധിച്ചതില്‍ താന്‍ അങ്ങേയറ്റം കൃതാര്‍ത്ഥതയുള്ളവളാണെന്ന് ലീലാ മാരേട്ട് പറഞ്ഞു.