Breaking News

Trending right now:
Description
 
Apr 29, 2013

തട്ടിപ്പ്‌ ഏജന്‍സിയുടെ മുമ്പില്‍ എല്‍ദോയുടെ മാതാപിതാക്കളും യുഎന്‍എ നേതാക്കളും കുത്തിയിരിക്കുന്നു

image

കൊച്ചി: അല്‍ റാസി ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായ നഴ്‌സ്‌ എല്‍ദോയുടെ മാതാപിതാക്കള്‍ ഏജന്‍സിയ്‌ക്ക്‌ മുന്നില്‍ കുത്തിയിരിക്കുന്നു. ഇന്ന്‌ മകനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്നായിരുന്നു ഏജന്‍സി വാക്ക്‌ പറഞ്ഞിരുന്നത്‌.
ഞങ്ങളുടെ ഗള്‍ഫ്‌ ലേഖകന്‍ നല്‌കിയ വിവരം അനുസരിച്ച്‌ ഇന്ന്‌ യുവാവിന്‌ നാട്ടിലെത്താന്‍ കഴിയില്ല. മൂന്നര ലക്ഷം രൂപ ഇതുവരെ ഏജന്‍സി കെട്ടി വയ്‌ക്കാന്‍ തയാറായിട്ടില്ല. ഏജന്‍സിയുടെ ഖത്തര്‍ പിആര്‍ഒ താലീസിനോട്‌ യുഎന്‍ പിഎ പ്രസിഡന്റ്‌ നൗഫല്‍ നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുയാണ്‌. യുവാവിനെ പോലീസിനെക്കൊണ്ടി പിടിപ്പിച്ച്‌ രക്ഷപ്പെടാനുള്ള ഏജന്‍സിയുടെ പദ്ധതി പൊളിച്ചതും നൗഫലിന്റെ ഇടപെടലിനെ തുടര്‍ന്നാണ്‌.

എല്‍ദോയുടെ തിരിച്ച്‌ വരവ്‌ അനിശ്ചിതത്തിലായതോടെയാണ്‌ മാതാപിതാക്കള്‍ ഏജന്‍സിയില്‍ എത്തി കുത്തിയിരുപ്പ്‌ നടത്തുന്നത്‌. .യു എന്‍എ യുടെ എറണാകുളം ജില്ലാ സെക്രട്ടറി പ്രദീപ്‌ അടക്കമുള്ളവര്‍ ഏജന്‍സി അധികൃതരോട്‌ സംസാരിക്കുന്നുണ്ട്‌. മൂന്ന്‌ മണിക്കൂറിന്‌ ശേഷം യുവാവിനെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരാഹാരം ഉള്‍പ്പെടെയുള്ള സമരത്തിലേയ്‌ക്ക്‌ പോകുമെന്ന്‌ മാതാപിതാക്കളും യുഎന്‍എ നേതാവ്‌ ജിതിന്‍ ലോഹിയും വ്യക്തമാക്കി. എറണാകുളത്തെ വിവിധ യൂണിറ്റുകളിലെ നഴ്‌സുമാര്‍ ഇന്ന്‌ വൈകിട്ടോടെ ഏജന്‍സിയുടെ മുമ്പിലെത്തി സമരം ശക്തമാക്കുമെന്നും ജിതിന്‍ വ്യക്തമാക്കി. നാളെ മുതല്‍ നഴ്‌സുമാരുടെ ദുരവസ്ഥ ചൂക്ഷണം ചെയ്യുന്ന തട്ടിപ്പ്‌ ഏജന്‍സിയക്ക്‌ മുമ്പില്‍ നിരാഹാര സമരം നടത്തുമെന്നും അവര്‍ വൃക്തമാക്കി.
യു എന്‍ പി എ ഖത്തര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ നൗഫല്‍ പുളിങ്ങമാണ്‌ ഈ വിഷയത്തില്‍ ശക്തമായ നിലപാട്‌ സ്വീകരിച്ച തട്ടിപ്പിനിരയായവരെ അവിടെ നിന്ന്‌ രക്ഷപ്പെടുത്തുവാന്‍ ആദ്യമുതല്‍ ശ്രമം നടത്തുന്നത്‌. നൗഫലിന്റെയും ഗ്ലോബല്‍ മലയാളത്തിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന്‌ മൂന്ന്‌ പേര്‍ക്ക്‌ ഒന്നേകാല്‍ ലക്ഷം രൂപ ജമാലുദ്ദിന്‍ നല്‌കിയിരുന്നു. പിന്നീട്‌ ചെക്ക്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ ഇവര്‍ കേസ്‌ നല്‌കി. ഈ ഏജന്‍സിയ്‌ക്കെതിരെ എംബസി വഴി പരാതിയും നല്‌കിയിരുന്നു. എന്നാല്‍ ഇതുവരെ ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. രജിസ്‌ട്രേഡ്‌ ഏജന്‍സിയായതിനാലാണ്‌ പലരും ഇവരുടെ വലയില്‍ വീഴുന്നത്‌.

തട്ടിപ്പിനിരയായ ബിബിന്‍, സുബിന്‍, സിയാദ്‌, നിയാദ്‌, ഫെനില്‍, സിബി തുടങ്ങിയവര്‍ നിയമ നടപടികളുമായി മുന്നോട്ട്‌ പോകുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. നാല്‌പതിലധികം പേരാണ്‌ ഇവരുടെ തട്ടിപ്പിന്‌ അടുത്തകാലത്ത്‌ ഇരയായത്‌.