Breaking News

Trending right now:
Description
 
Apr 28, 2013

മേളം 2013 ഡാളസില്‍ മെയ് 27 ന്

മാത്യു മൂലേച്ചേരില്‍
image

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍, നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സുകളുടെ പിന്തുണയോടെ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ മേളം 2013 സംഗീത നിശയും ഹാസ്യമേളയും ഡാളസില്‍ മെയ് 27 - ന് നടത്തുന്നു. കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വേള്‍ഡ് മലയാളി സെന്ററിന്റെ ആഭിമുഖ്യത്തില്‍  2013 ഡിസംബറില്‍ കേരളത്തില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെയുടെയും, എയ്ഡ്സ് ബാധിതരായ കുട്ടികളെ പരിചരിക്കുന്ന ചങ്ങനാശ്ശേരിയിലുള്ള ആത്മതാ സെന്ററിന്റെയും, 2013 നവംബറില്‍ ഡാളസ്സില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് റീജിയന്‍ മത്സരത്തിന്റെയും ധനശേഖരണാര്‍ത്ഥമാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

5210 ലോക്കസ്റ്റ് ഹില്‍ റോഡ്, ഗാര്‍ലന്‍ഡ്, ടെക്സസ്സിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വച്ച് മെയ് 27-ന് വൈകിട്ട് 6 മണിക്കായിരിക്കും ഷോ നടത്തുന്നത്. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഫാ. കച്ചിറമറ്റത്തിന്റെ നേതൃത്വത്തില്‍ കലാനൈപുണ്യമുള്ള കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കി നവോന്മേഷത്തോടെയും, തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടെയും കടന്നുവരുന്ന എയ്ഞ്ചല്‍ വോയ്സ് ടീം അംഗങ്ങളെ കൂടാതെ 2012 ഐഡിയ സ്റ്റാര്‍സിംഗര്‍ വിസ്മയമായ നന്ദു കിഷോര്‍, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ്സ് താരങ്ങളായ ഷൈജു, അയ്യപ്പ ബൈജു, മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ താരങ്ങളായ ലുബീന, കലാഭവന്‍ സിനോജ് എന്നിവരും ഉണ്ടായിരിക്കും.

ശ്രുതി മധുരമായ ഗാനങ്ങളാലും, ചിരിയുടെ മാലപ്പടക്കത്താലും താരപ്രഭയാലും ഹൃദ്യവും വര്‍ണ്ണാഭവുമായ ഈ വേള്‍ഡ് മലയാളി വസന്തനിശയില്‍ സഹൃദയരായ എല്ലാ കലാസ്നേഹികളും കടന്നു വന്ന് അനുഗൃഹീതമാക്കണമെന്നും, ഈ ചടങ്ങിലേക്ക് എല്ലാവരെയും സൗഹാര്‍ദ്ദപൂര്‍വ്വം ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിക്കുന്നു. കൂടാതെ മിസ്സ് മലയാളി വേള്‍ഡ് വൈഡ് മത്സരത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡബ്ലു.എം.സി അമേരിക്കന്‍ റീജിയണ്‍ ക്യാബിനറ്റ് ഓഫീസേഴ്സുമായി ബന്ധപ്പെടുകയും ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പത്രോസ്: 2147385236, ഫിലിപ്പോസ് തോമസ്: 2144041920, പി.സി. മാത്യു: 9729996877, ഷാജി രാമപുരം: 9722614221, ഫ്രാന്‍സിസ് ജോര്‍ജ്ജ്: 2144350494, തോമസ് ഏബ്രഹാം: 9724897793, നിബു വെള്ളവന്താനം: 5166433085