Breaking News

Trending right now:
Description
 
Apr 28, 2013

ഏജന്‍സിയുടെ തട്ടിപ്പിനിരയായ മലയാളി നഴ്‌സ്‌ ഖത്തറില്‍ ദുരിതത്തില്‍

നൗഫല്‍ പുളിങ്ങം
image ഖത്തര്‍: നഴ്‌സിംങ്‌ ജോലിയ്‌ക്കായി ലക്ഷങ്ങള്‍ നല്‌കി കൊച്ചിയിലെ അല്‍റാഫി ഏജന്‍സി മുഖേന ഖത്തറില്‍ എത്തിയ തൃശൂര്‍ കുന്നംകുളം സ്വദേശിയായ എല്‍ദോ വീസ കാലാവധി കഴിഞ്ഞതിന്റെ പേരില്‍ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നര ലക്ഷം രൂപ പിഴയടച്ചാലെ നാട്ടിലേയ്‌ക്ക്‌ യുവാവിനെ കയറ്റി വിടുകയുള്ളുവെന്ന്‌ ഖത്തറിലെ സ്‌പോണ്‍സര്‍ വ്യക്തമാക്കി. ഇന്നലെയും എല്‍ദോയെ തേടി പോലീസെത്തിയിരുന്നു. എന്നാല്‍ ഏജന്‍സി പറയുന്നത്‌ സ്‌പോണ്‍സര്‍ പിഴയുടെ പകുതി അടച്ചാല്‍ മാത്രമേ ഏജന്‍സി പകുതി പണം തരുകയുള്ളുവെന്നാണ്‌. അല്ലെങ്കില്‍ യുവാവിന്റെ വീട്ടുകാര്‍ പണം മുടക്കി ഇയാളെ തിരികെ കൊണ്ടുവരട്ടെയെന്ന നിലപാടിലാണ്‌.

ഹൃദ്‌രോഗിയായ പിതാവ്‌ ജോണി പലച്ചരക്ക്‌ കച്ചവടക്കാരനായിരുന്നു. ഹാര്‍ട്ട്‌ സര്‍ജറി നടത്തിയതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ കച്ചവടമില്ല. എല്‍ദോയെ ഖത്തറില്‍ അയയ്‌ക്കാന്‍ ഏകദേശം മൂന്നര ലക്ഷം രൂപയാണ്‌ കുടുംബത്തിന്‌ ചെലവായത്‌. അടുത്ത ബന്ധുക്കളില്‍ നിന്നും സ്വര്‍ണം പണയം വച്ചും വസ്‌തു പണയപ്പെടുത്തിയുമാണ്‌ ഇവര്‍ പണം കണ്ടെത്തിയത്‌. എല്‍ദോയുടെ നാട്ടിലെ ചെറിയ ശമ്പളത്തെ ആശ്രയിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്‌. അച്ഛന്‍ രോഗിയായതോടെ കൂടുതല്‍ പണം ആവശ്യമായി വരികയും ചെയ്‌തതോടെയാണ്‌ ഏജന്‍സിയെ വിശ്വസിച്ച്‌ ഖത്തറിലേയ്‌ക്ക്‌ പോകുവാന്‍ ഇയാള്‍ തീരുമാനിച്ചത്‌.

2012 നവംബര്‍ 10 -നാണ്‌ എല്‍ദോ ഖത്തറില്‍ എത്തുന്നത്‌. ജോലി വാഗ്‌ദാനം നല്‌കിയ ഏജന്‍സി 2.25 ലക്ഷം രൂപയാണ്‌ യുവാവില്‍നിന്ന്‌ വാങ്ങിയിരുന്നത്‌. എന്നാല്‍ പണം നല്‌കി ആറു മാസം കഴിഞ്ഞിട്ടും ജോലി ശരിയാകാതെ വന്നതിനെ തുടര്‍ന്ന്‌ ഏജന്‍സിയുടെ വാക്ക്‌ വിശ്വസിച്ച്‌ വിസിറ്റിംങ്‌ വീസയിലാണ്‌ എല്‍ദോ ഖത്തറില്‍ എത്തിയത്‌. 28 നഴ്‌സുമാരാണ്‌ ഇയാള്‍ക്കൊപ്പം എത്തിയത്‌.

പലരെയും പല സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യൂവിന്‌ കൊണ്ടു പോയെങ്കിലും ആര്‍ക്കും ജോലി വാങ്ങി കൊടുക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വിസിറ്റിങ്ങ്‌ വീസയുടെ കാലാവധി കഴിയാറായതോടെ തങ്ങള്‍ തട്ടിപ്പിനിരയായതായി പലരും അറിയുന്നത്‌. ഫെബ്രുവരി പത്തിന്‌ എല്‍ദോയുടെ വീസ കാലവധി കഴിഞ്ഞിരുന്നു. നാട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ഓരോരുത്തരെ വീതമായി കയറ്റി വിടാനാണ്‌ ഇയാള്‍ ശ്രമിച്ചത്‌. ഒരു ദിവസം അധികമായി താമസിച്ചാല്‍ 200 ഖത്തര്‍ റിയാലാണ്‌ ഫൈന്‍. ഇപ്പോള്‍ എല്‍ദോയ്‌ക്ക്‌ 24000 റിയാല്‍ ഫൈനായി കഴിഞ്ഞു. ഏകദേശം മൂന്നര ലക്ഷം രൂപ.

ഇന്നലെ ഞങ്ങള്‍ എല്‍ദോയുടെ മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ ആ അമ്മ വാവിട്ട്‌ നിലവിളിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ പുറത്ത്‌ പറഞ്ഞാല്‍ മകനെ നാട്ടിലെത്തിക്കില്ലെന്ന്‌ ജമാലുദ്ദിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ തട്ടിപ്പിനിരയായ ഇവര്‍ കഴിഞ്ഞ വ്യാഴാഴ്‌ച ഏജന്‍സിയില്‍ കുത്തിയിരുപ്പ്‌ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ മകനെ ഏപ്രില്‍ 29-ന്‌ മുമ്പ്‌ നാട്ടില്‍ തിരിച്ചെത്തിക്കാമെന്ന്‌ ഇയാള്‍ വെള്ളപേപ്പറില്‍ എഴുതി നല്‌കിയ ഉറപ്പ്‌ മാത്രമാണ്‌ ഇവര്‍ക്കുള്ളത്‌. ഒരു ഗള്‍ഫ്‌ യാത്രയുടെ പേരില്‍ ലക്ഷങ്ങള്‍ കടം വരുത്തിവച്ചിരിക്കുന്ന ഇവരോട്‌ തിരക്കുണ്ടെങ്കില്‍ സ്വന്തമായി പണം കണ്ടെത്തി നാട്ടില്‍ കൊണ്ടുവരാനുള്ള വഴി നോക്കാനാണ്‌ ജമാലുദ്ദിന്‍ പറയുന്നത്‌. ഒരു വശത്ത്‌ ഖത്തര്‍ പോലീസും ജയിലും മറുവശത്ത്‌ കടബാധ്യതയും തൊഴിലില്ലായ്‌മയും എല്‍ദോ പകച്ചു നില്‌ക്കുകയാണ്‌.

ആദ്യം ഇവര്‍ തട്ടിപ്പില്‍ വിഴുന്നത്‌ കുവൈറ്റില്‍ കൊണ്ടു പോകാമെന്ന വാഗ്‌ദാനത്തിലാണ്‌. 25,000 രൂപ ഏജന്‍സിയ്‌ക്ക്‌ നല്‌കി. എന്നാല്‍ അത്‌ നടക്കില്ലെന്നും പകരം ഖത്തറില്‍ ഓഫര്‍ ഉണ്ടെന്നായിരുന്നു ഏജന്‍സി പറഞ്ഞത്‌. ഏജന്‍സിയുടെ കയ്യില്‍ പണം നല്‌കി പിന്നെ കാത്തിരിപ്പാണ്‌. ഖത്തറില്‍ നഴ്‌സിങ്ങ്‌ ജോലി കിട്ടാനുള്ള പരീക്ഷ പാസാകാനും മറ്റുമായി മൂന്നര ലക്ഷയിലധികമാണ്‌ ഇവര്‍ക്ക്‌ ചെലവായത്‌. പണം നഷ്ടപ്പെട്ടാലും സാരമില്ല ഏകമകന്‍ തിരിച്ച്‌ വന്നാല്‍ മതിയെന്നാണ്‌ ഈ മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത്‌.

ഏജന്‍സിയുടെ തട്ടിപ്പിന്റെ പുത്തന്‍ രീതി

കൊച്ചി പനമ്പള്ളി നഗറിലെ അല്‍റാസി ഏജന്‍സി വ്യവസായ മേഖലയില്‍ നഴ്‌സായി ജോലി വാഗ്‌ദാനം ചെയ്‌താണ്‌ പുരുഷ നഴ്‌സുമാരെ സമീപിക്കുന്നത്‌. ജമാലുദ്ദിന്‍ എന്ന വ്യക്തിയാണ്‌ കേരളത്തിലെ അല്‍ റാസിയുടെ നടത്തിപ്പുകാരന്‍ സഹോദരി സീനത്തിന്റെ പേരിലാണ്‌ ഏജന്‍സി രജിസ്‌ട്രേഷന്‍. ജമാലുദ്ദിന്‍ എന്നായാളുടെ വാക്‌ധോരണിയില്‍ വീഴുന്ന നഴ്‌സുമാര്‍ പണം നല്‌കുന്നു. പലരെയും ഇവര്‍ മുമ്പ്‌ ജോലി വാങ്ങി നല്‌കിയവര്‍ എന്നവകാശപ്പെടുന്ന പലരുടെയും ജോബ്‌ വീസ കാണിക്കുകയും ചെയ്യും.

ഉദ്യോഗാര്‍ത്ഥികള്‍ വലയിലായാല്‍ ജോബ്‌ വീസ അവസാന നിമിഷം വിസിറ്റിങ്ങ്‌ വീസയാകുന്നത്‌. രണ്ടര ലക്ഷം രൂപ ഉദ്യോഗാര്‍ത്ഥികളുടെ കയ്യില്‍ നിന്ന്‌ വാങ്ങുന്നതില്‍ വിസിറ്റിങ്ങ്‌ വിമാന ടിക്കറ്റ്‌, താമസ സൗകര്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ പരമാവധി 30,000 രൂപയാണ്‌ ചെലവാകുന്നത്‌. അങ്ങോട്ടേയ്‌ക്കുള്ള വിമാന ടിക്കറ്റ്‌ പലരും സ്വന്തം കയ്യില്‍നിന്നാണ്‌ എടുക്കുന്നത്‌. അതായത്‌ ചിലരെ ചില സ്ഥാപനങ്ങളില്‍ ഇന്റര്‍വ്യുവിന്‌ കൊണ്ടു പോകും. ഇത്‌ അവിടെയെത്തുന്ന ഉദ്യോഗാര്‍ത്ഥികളില്‍ പ്രതീക്ഷയാകും.

എന്നാല്‍ തട്ടിപ്പിനിരയായതായി മനസിലാകുന്ന ചിലര്‍ പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍ വീട്ടുകാരെ വിളിച്ച്‌ ജമാലുദ്ദിന്‍ ഭീഷണിപ്പെടുത്തും. നിങ്ങളുടെ മകന്‍ കാരണം മറ്റുള്ളവരുടെ ഭാവി പ്രശ്‌നത്തിലാകുമെന്നും ഗള്‍ഫ്‌ രാജ്യത്തിലെ നിയമം അറിയാമോ എന്ന ഭീഷണിയില്‍ ഭയന്ന്‌ വീട്ടുകാര്‍ മക്കളെ വിളിച്ച്‌ നിശബ്ദരായിരിക്കാന്‍ ഉപദേശിക്കും.

കഴിഞ്ഞ ഡിസംബറില്‍ സിജോ എന്ന ചെറുപ്പക്കാരന്‍ ഗ്ലോബല്‍ മലയാളത്തോട്‌ സംസാരിച്ചതിന്റെ പേരില്‍ വീട്ടുകാരെ ജമാലുദ്ദിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ഭീഷണിയില്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ അവരെ ആദ്യമേ നാട്ടിലേയ്‌ക്ക്‌ കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ പലരെയും മുന്‍ വര്‍ഷങ്ങളിലും ഏജന്‍സി കൊണ്ടുവന്ന്‌ വ്യാപകമായി തട്ടിപ്പ്‌ നടത്തിയിരുന്നു. ഗ്ലോബല്‍ മലയാളം ഇവരുടെ ദുരിതവാര്‍ത്ത ജനശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന്‌ യുഎന്‍പിഎ ഖത്തര്‍ യൂണിറ്റ്‌ ഈ വിഷയത്തില്‍ ഇടപെട്ടു. ഇതിനെ തുടര്‍ന്ന്‌ ഏതാനും പേര്‍ക്ക്‌ തുകയുടെ പകുതിയോളം വാങ്ങിക്കൊടുക്കുവാനും കഴിഞ്ഞിരുന്നു.

വിസിറ്റിങ്ങ്‌ വീസയില്‍ എത്തുന്നവരെ വീസയുടെ കാലവധി കഴിയുന്ന മുറയ്‌ക്ക്‌ ഓരോരുത്തരെയായി തിരിച്ച്‌ കൊണ്ടുവരും. ചിലവായ പണം ആവിശ്യപ്പെടുന്ന ചിലര്‍ക്ക്‌ പത്തോ ഇരുപതിനായിരും രൂപയോ നല്‌കും. ഭൂരിപക്ഷം പേരും സ്വന്തം നിലയ്‌ക്ക്‌ ജോലി കണ്ടെത്തി എങ്ങനെയെങ്കിലും ഗള്‍ഫില്‍ തിരിച്ചെത്തുവാനാണ്‌ ശ്രമം. പലരും നാണക്കേട്‌ ഭയന്ന്‌ ഈ വിഷയങ്ങള്‍ പുറത്ത്‌ പറയാന്‍ ശ്രമിക്കാറുമില്ല.

എങ്ങനെയായാലും ഈ കളിയില്‍ ജമാലുദ്ദിനാണ്‌ ലാഭം. ഞങ്ങളുടെ ഖത്തര്‍ ലേഖകന്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടു വര്‍ഷത്തിനകം നാല്‌പതിലധികം നഴ്‌സുമാരെയാണ്‌ ഏജന്‍സി ഈ വിധത്തില്‍ കളിപ്പിച്ചിരിക്കുന്നത്‌. ഏകദേശം നാല്‌പത്‌ ലക്ഷം രൂപയാണ്‌ വെറും പാവപ്പെട്ട മനുഷ്യരില്‍ നിന്ന്‌ ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്‌. കേസും പുക്കാറും കഴിയാത്തതിന്റെ പേരില്‍ പലരും പോലീസില്‍ പോലും സമീപിക്കില്ല. പരാതിപ്പെടുന്നവരെ പോലീസ്‌ സ്‌റ്റഡി ക്ലാസ്‌ എടുക്കുകയും ചെയ്യും. കേസിന്‌ പോകാതെ എങ്ങനെയെങ്കിലും അയാളുടെ കയ്യില്‍ നിന്ന്‌ പണം വാങ്ങി എടുക്കാന്‍. എല്‍ദോ പോലീസിനെ ഭയന്ന്‌ ഒളിച്ചു കഴിയുമ്പോള്‍ കഴിഞ്ഞ ദിവസവും തട്ടിപ്പിനിരയായി നാലു പേര്‍ കൂടി അവിടെ എത്തിയിട്ടുണ്ട്‌.