Breaking News

Trending right now:
Description
 
Apr 28, 2013

ഗഹ്വ: അറബിനാടുകളിലെ ആതിഥ്യമര്യാദ

Seema Suresh
image വീട്ടിലെത്തുന്നവരെ എങ്ങനെ സല്‍ക്കരിക്കണമെന്നതിന്‌ നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചു നിഷ്‌ഠകളൊന്നുമില്ല. അതിഥിക്ക്‌ ഇഷ്ടപ്പെട്ട ഭക്ഷണം വയറുനിറയെ നല്‌കണമെന്നു മാത്രമേ ആതിഥേയന്‍ കരുതൂ. അറേബ്യയില്‍ രീതികള്‍ ഇതുതന്നെയാണ്‌. എന്നാല്‍, ആചാരത്തിന്റെ പിന്‍ബലത്തോടെയാണ്‌ എല്ലാം എന്നു മാത്രം. വീട്ടിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു നല്‌കുന്ന അറേബ്യന്‍ കാപ്പിയാണ്‌ ഗഹ്വ (Gahwa). പണ്ടേക്കുപണ്ടേ ലോകപ്രസിദ്ധമായ പാനീയം. അറേബ്യന്‍നാടുകളില്‍ ഗഹ്വയോളം ആതിഥ്യമര്യാദ പ്രകടിപ്പിക്കാന്‍ പോന്ന പാനീയമില്ല എന്നുതന്നെ പറയാം. 

ഗഹ്വ തയാറാക്കുന്ന രീതിക്ക്‌ നൂറ്റാണ്ടുകളോളം തന്നെ പഴക്കമുണ്ട്‌. നാലു കാപ്പിപ്പാത്രങ്ങള്‍ ഗഹ്വ തയാറാക്കിയെടുക്കാന്‍ വേണം. വീട്ടില്‍ ഒരു അതിഥി എത്തിക്കഴിഞ്ഞാല്‍ ഗഹ്വ തയാറാക്കുന്ന ചടങ്ങിന്‌ ഈ നാലു കാപ്പിപ്പാത്രങ്ങളില്‍നിന്നാണ്‌ തുടക്കം കുറിക്കുക. ഇവയ്‌ക്ക ഡെല്ല എന്നാണ്‌ പേര്‌. തീക്കൂനയ്‌ക്കു മീതെ ഒരു പാത്രത്തില്‍ കാപ്പിക്കുരു ഇട്ട്‌ ആതിഥേയന്‍ ചൂടാക്കി വറുക്കാന്‍ തുടങ്ങുന്നു. വേണ്ടത്ര മൂത്തുകഴിഞ്ഞാല്‍ അവ തണുക്കാന്‍ വയ്‌ക്കും. പിന്നീട്‌ പൊടിക്കും. ഈ പൊടി ഒരു വലിയ പാത്രത്തില്‍ എടുത്ത്‌ അതിലേയ്‌ക്ക്‌ വെള്ളമൊഴിച്ച്‌ തിളപ്പിക്കാന്‍ വയ്‌ക്കും.

ഇനി കാപ്പിക്ക്‌ സുഗന്ധം നല്‌കാന്‍ കുറച്ച്‌ ഏലത്തരികളും ഒരു നുള്ള്‌ കുങ്കുമപ്പൂവ്‌ പൊടിച്ചതും ചേര്‍ക്കും. ഇത്‌ ഒരിക്കല്‍കൂടെ തിളപ്പിക്കും. ഇപ്പറഞ്ഞതെല്ലാം ആദ്യത്തെ മൂന്നു പാത്രങ്ങളിലായാണ്‌ ചെയ്യുക. ഇതില്‍നിന്നു കിട്ടുന്ന കാപ്പി - ഗഹ്വ - നാലാമത്തെ ചെറിയ പാത്രത്തിലേയ്‌ക്കു സശ്രദ്ധം പകര്‍ന്ന വളരെയധികം ആതിഥ്യമര്യാദകളോടെ അതിഥിക്കു നല്‌കും. ഇതില്‍ പഞ്ചസാര ചേര്‍ക്കാറില്ല. എന്നാല്‍ ഇതിനൊടൊപ്പം മധുരോദാരമായ ഈന്തപ്പഴം നല്‌കുക പതിവാണ്‌. കാപ്പിയുടെയും ഏലയ്‌ക്കായുടെയും അളവ്‌ വിവിധ അറബിനാടുകളില്‍ വ്യത്യസ്‌തമാണ്‌ എന്നുമാത്രം.

എന്തായാലും ഒരു കപ്പ്‌ ഗഹ്വ കാപ്പിക്കുടിക്കുന്ന അതിഥി, വീണ്ടും വീണ്ടും ആ ഗൃഹത്തിലെ അതിഥിയായെത്തും എന്നാണ്‌ വിശ്വാസം. അത്രമാത്രം മഹത്തരമാണ്‌ ഗഹ്വയുടെ മഹിമ.