Breaking News

Trending right now:
Description
 
Apr 27, 2013

തേങ്ങ മൂപ്പിച്ചുചേര്‍ത്ത കാളന്‍ കറി

അമ്മിണിക്കുട്ടിയുടെ അടുക്കള Brought to You by Globalmalaylam
image മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട കറിയാണ്‌ കാളന്‍. പല രീതിയില്‍ കാളനുണ്ടാക്കാം. തെക്ക്‌, വടക്ക്‌ ഭേദങ്ങളും ഓരോ ദേശത്തിനും അനുസരിച്ചുള്ള രുചി വ്യത്യാസങ്ങളുമുണ്ട്‌. മോരുകറിയില്‍നിന്ന്‌ ഒരു പടികൂടി ഉയര്‍ന്നതാണ്‌ കാളന്റെ സ്ഥാനം. സദ്യയ്‌ക്കും മറ്റും വിളമ്പുന്നത്‌ കുറുക്കുകാളനാണ്‌. സദ്യയ്‌ക്ക്‌ ഒഴിച്ചുകൂട്ടാനാവാത്തതാണിത്‌.

തേങ്ങ മൂപ്പിച്ചു ചേര്‍ത്ത്‌ ചോറില്‍ ഒഴിച്ചുകൂട്ടാന്‍ പരുവത്തിലുള്ള കാളന്റെ ചേരുവയാണ്‌ ഇവിടെ. ക്രിസ്‌ത്യന്‍ കല്ല്യാണങ്ങള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ഇതുണ്ടെങ്കില്‍ മറ്റു കറിയൊന്നും വേണ്ടെന്നാണ്‌ ഈ കാളന്‍ ഇഷ്ടപ്പെടുന്നവരുടെ അഭിപ്രായം. സ്വര്‍ണനിറത്തില്‍ കുറുകിയുള്ള കാളന്‍ കാണുന്നതുതന്നെ അഴകാണ്‌. പത്തുമുതല്‍ പന്ത്രണ്ടു പേര്‍ക്കുവരെ ചോറിന്‌ ഒഴിച്ചുകൂട്ടാനുളള ചേരുവകളാണ്‌ ഇവിടെ. ചെറുകുടുംബങ്ങള്‍ക്ക്‌ നേര്‍പ്പകുതി അളവില്‍ സാധനങ്ങള്‍ ഒരുക്കിയാല്‍ മതി.

ചേരുവകള്‍:

പച്ച ഏത്തക്കായ - 2 എണ്ണം
അധികം പുളിക്കാത്ത തൈര്‌ - 1 ലിറ്റര്‍
തേങ്ങ ചിരകിയത്‌ - 4 സ്‌പൂണ്‍
സവാള - 1 എണ്ണം കനം കുറച്ച്‌ ചെറുതായി അരിഞ്ഞത്‌
ഇഞ്ചി - ഒന്നര ഇഞ്ചി കഷണം
വെളുത്തുള്ളി - 6 അല്ലി നീളത്തില്‍ അരിഞ്ഞത്‌
മഞ്ഞള്‍ പൊടി - അര സ്‌പൂണ്‍
മുളകുപൊടി - 2 സ്‌പൂണ്‍
പച്ചമുളക്‌ - 4 എണ്ണം നീളത്തില്‍ അരിഞ്ഞത്‌
എണ്ണ - 2 സ്‌പൂണ്‍
ഉപ്പ്‌ പാകത്തിന്‌

കടുകു വറുക്കാന്‍:

എണ്ണ - 3 സ്‌പൂണ്‍
ഉള്ളി - 3 എണ്ണം നീളത്തില്‍ അരിഞ്ഞത്‌
കടുക്‌ - 2 സ്‌പൂണ്‍
ഉലുവ - 1 സ്‌പൂണ്‍
കറിവേപ്പില - 4 തണ്ട്‌
വറ്റല്‍മുളക്‌ - 4 എണ്ണം 

തേങ്ങ, ഇഞ്ചി എന്നിവ മിക്‌സിയില്‍ നന്നായി അരയ്‌ക്കുക. അരയാന്‍ ആവശ്യമുള്ള വെള്ളം മാത്രം ചേര്‍ക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മൂപ്പിക്കാന്‍ വെളളം മുഴുവന്‍ വറ്റിച്ചുകളയേണ്ടിവരും. തൈരിന്‌ പുളി കൂടുതലാണെങ്കില്‍ കൂടുതല്‍ തേങ്ങ ചേര്‍ക്കാം.

ഏത്തക്കായ തൊലി പൊളിച്ച്‌ നടുവെ കീറി അരിയുക. ചെരിച്ചാണ്‌ സാധാരണഗതിയില്‍ ഏത്തക്കായ കഷണങ്ങള്‍ അരിഞ്ഞെടുക്കുന്നത്‌. മഞ്ഞള്‍പ്പൊടി, മുളകുപൊടി, വെളുത്തുള്ളി, സവാള, ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ആവശ്യമുള്ള വെള്ളം മാത്രം ചേര്‍ത്ത്‌ നന്നായി വേവിക്കുക.

മണ്‍ചട്ടിയില്‍ തയാറാക്കിയില്‍ കൂടുതല്‍ രുചികരമായിരിക്കും. സ്റ്റീല്‍ പാത്രങ്ങളിലും ഉണ്ടാക്കാം. ഇതിനായി തെരഞ്ഞെടുത്ത പാത്രം ചൂടാകുമ്പോള്‍ 2 സ്‌പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ അര സ്‌പൂണ്‍ കടുക്‌ ഇടുക. കടുക്‌ പൊട്ടിക്കഴിയുമ്പോള്‍ അരപ്പ്‌ ചേര്‍ക്കുക. നന്നായി ഇളക്കി തേങ്ങയുടെ നിറം മാറുന്നതുവരെ മൂപ്പിക്കുക. വെള്ളനിറംമാറി മൂത്തമണം വരുന്നതുവരെയാണ്‌ ചൂടാക്കേണ്ടത്‌.

ഇതിലേയ്‌ക്ക്‌ ഏത്തക്കായ വേവിച്ചത്‌ ചേര്‍ക്കുക. ഇതോടൊപ്പം മിക്‌സിയില്‍ അടിച്ച്‌ കട്ട ഉടച്ച തൈര്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഉപ്പിന്റെ പാകം നോക്കി ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കുക. തുടര്‍ന്ന്‌ നന്നായി ഇളക്കി തിളപ്പിക്കുക. തിളച്ചുകഴിയുമ്പോള്‍ വാങ്ങിവച്ചശേഷം വീണ്ടും ഒരു മിനിട്ടുകൂടി ഇളക്കുക. പിരിഞ്ഞുപോകാതിരിക്കാന്‍വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

ഒരു ചീനച്ചട്ടി അടുപ്പില്‍വച്ച്‌ 3 സ്‌പൂണ്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ കടുക്‌ ഇടുക. പൊട്ടിക്കഴിയുമ്പോള്‍ ഉലുവ ഇടുക. അതിനുശേഷം വറ്റല്‍മുളക്‌, ഉള്ളി അരിഞ്ഞത്‌, കറിവേപ്പില ഇവ ഇടുക. ഉള്ളി മൂത്തുകഴിയുമ്പോള്‍ വാങ്ങി കറിയിലേയ്‌ക്ക്‌ ഒഴിക്കുക. നന്നായി ഇളക്കുക.

പാകമായ കാളന്‍ ചൂടാറിയശേഷം ഭരണിയില്‍ ഒഴിച്ചുവച്ചാല്‍ മൂന്നാലു ദിവസം കേടുകൂടാതെയിരിക്കും. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ ഏറെനാള്‍ കേടുകൂടാതെയിരിക്കും. 
ഈ പാചകക്കുറിപ്പിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക്‌ എഴുതുക. email: globalmalayalam@gmail.com