
ഇ.എസ്. ജിജിമോള്‍
മികച്ചൊരു കരിയര്‍ എന്ന ഗ്ലാമറാണ് നഴ്സിംഗ് രംഗത്തേയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണം. ആരോഗ്യപരിപാലനം എന്നത് മികച്ച സേവനരംഗമാണെന്ന തിരിച്ചറിവില്‍ ഓരോ വര്‍ഷവും കൂടുതല്‍ പേര് നഴ്സിംഗ് രംഗത്തേയ്ക്കു വരുന്നു. പണ്ടൊക്കെ ആണ്‍കുട്ടികള്‍ തീരെ എത്തിനോക്കാത്ത കരിയറായിരുന്നു നഴ്സിംഗ്. എന്നാല്‍, ഇന്ന് ആത്മാര്‍ത്ഥതയോടെ ഈ രംഗത്തു ജോലി ചെയ്യാന്‍ ആണ്‍കുട്ടികള്‍ക്കും ഉത്സാഹമാണ്.
നഴ്സിംഗ് പഠനത്തിനുള്ള ചെലവുകള്‍ ഓരോ ദിവസവും കൂടി വരികയാണ്. ബിഎസ് സി നഴ്സിംഗ് കോഴ്സിന് പഠിക്കാന്‍ ഒരു വര്‍ഷം ഫീസ് മാത്രം കുറഞ്ഞത് 80,000 രൂപയാണ്. പുസ്തകങ്ങള്‍, യൂണിഫോം, ഉപകരണങ്ങള്‍, ഹോസ്റ്റല്‍ താമസം, യാത്ര തുടങ്ങിയ ചെലവുകള്‍ കണക്കിലെടുക്കുമ്പോള്‍ കോഴ്സ് പാസായി പുറത്തുവരാന്‍ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയെങ്കിലും ചെലവു വരും. കേരളത്തിനു പുറത്താണ് പഠനമെങ്കില്‍ ചെലവ് അതിലും കൂടുതലായിരിക്കും.
ഇടത്തരം കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഈ രംഗത്തേയ്ക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് വായ്പകളാണ് മിക്കവര്‍ക്കും പഠനത്തിനുള്ള ആശ്രയം. ജോലി കിട്ടുമ്പോള്‍ തിരികെയടക്കാമെന്നാണ് പ്രതീക്ഷയെങ്കിലും ജോലിക്കു ചേരുമ്പോള്‍ കൈയില്‍ കിട്ടുന്നത് വെറും നക്കാപ്പിച്ചയാണെന്നത് ഇവരെ ഹതാശയരാക്കുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ മിക്കവരും വല്ലാത്ത കുരുക്കിലാകും.
ജോലി കിട്ടിയിട്ടും വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ തകൃതിയായി ജപ്തി നടപടികള്ക്കുനീങ്ങും. മാതാപിതാക്കളെ ആശ്രയിക്കാന്‍ കഴിയില്ലാത്തതിനാലും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലും വായ്പ എടുത്ത നഴ്സുമാര്‍ കടുത്ത നടപടികളിലേയ്ക്കു നീങ്ങേണ്ടി വരും. അടുത്ത വര്‍ഷങ്ങളില്‍ വായ്പകളുടെ പേരില്‍ കേരളത്തിലെ നഴ്സുമാര്ക്കിടയില് ആത്മഹത്യ വര്‍ദ്ധിച്ചേക്കാമെന്ന പഠന റിപ്പോര്‍ട്ട് ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്.
പാല സ്വദേശിയായ ഷിജി അമ്മാളിന്റെ കഥ കേള്‍ക്കൂ. ഹൈദരാബാദിലാണ് ഷിജി നഴ്സിങ്ങ് പഠനത്തിനായി ചേര്‍ന്നത്. ടാപ്പിംങ്ങ് തൊഴിലാളികളായ മാതാപിതാക്കളുടെ നാലു പെണ്മക്കളില് ഏറ്റവും ഇളയവളായ ഷിജി ജനറല്‍ നേഴ്സിങ്ങ് പഠനത്തിനായി ഒന്നര ലക്ഷം രൂപയാണ് കാനറ ബാങ്കിന്റെ പാല പൈക ബ്രാഞ്ചില്‍ നിന്ന് ലോണ്‍ എടുത്തത്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ ഷിജി ഹൈദരബാദില്‍ തന്നെ ഒരു ഹോസ്പിറ്റലില്‍ നഴ്സിങ്ങ് ട്രെയിനിയായി ചേര്‍ന്നു. ആകെ കിട്ടിയിരുന്ന ശമ്പളം മൂവായിരം രൂപ. പിടുത്തവും മറ്റും കഴിഞ്ഞ് കയ്യില്‍ കിട്ടിയിരുന്നത് 1000 രൂപ. മാതാപിതാക്കള്‍കൂടി സഹായിച്ചാണ് ബാങ്കിലെ വായ്പത്തുക തിരിച്ചടച്ചിരുന്നത്.
അതിനിടയില്‍ അച്ഛന് രോഗം വന്നതോടെ ഷിജി ഹൈദരാബാദില്‍ നിന്ന് തിരിച്ചു നാട്ടിലേയ്ക്ക് പോന്നു. കേരളത്തില്‍ എവിടെയെങ്കിലും ജോലിചെയ്യാമെന്ന പ്രതീക്ഷയിലാണ് തിരിച്ചു നാട്ടിലെത്തിയത്. നാലഞ്ചു മാസത്തോളം ഒരു ജോലിയും കിട്ടിയില്ല. കാരണം ജനറല്‍ നഴ്സിനെ ആര്‍ക്കും വേണ്ട. വായ്പയും കുടിശികയും പലിശയുമെല്ലാം ചേര്‍ത്ത് രണ്ടു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നു കാണിച്ച് ഇപ്പോള്‍ ഷിജി അമ്മാളിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നു
ബാങ്കുകാരെ കണ്ട് സങ്കടം പറഞ്ഞപ്പോള്‍ അവര്‍ കൈമലര്‍ത്തി. എത്രയും വേഗം തുക തിരിച്ചടയ്ക്കണമെന്നാണ് ബാങ്കുകാര് പറയുന്നത്. അവര്‍ എന്തൊക്കെയോ പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങി. ആകെയുള്ള 12 സെന്റ് ഭൂമികൂടി നഷ്ടപ്പെടുമോ എന്ന ആധിയിലാണ് 22-കാരിയായ ഷിജി. ഇത് ഷിജി അമ്മാളിന്റെ മാത്രം കഥയല്ല.
കേരളത്തില്‍ 17.50 ലക്ഷം പേരാണ് നഴ്സിങ്ങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രം 77000 നഴ്സുമാര്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നു. ഇതില്‍ മുപ്പത്തിമൂവായിരം പേരും വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബാങ്കുകാര് നഴ്സിങ്ങ് കോഴ്സിന് പരമാവധി അനുവദിക്കുന്ന വായ്പ രണ്ടരലക്ഷം രൂപയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ വലിയൊരു ജീവിതം സ്വപ്നം കണ്ട് ഉള്ളതു മുഴുവന്‍ സ്വരൂകൂട്ടി പഠിച്ചിറങ്ങുമ്പോള്‍ ശമ്പളമായി കിട്ടുന്നത് വെറും 2500 രൂപയും 3000 വും. തൃശൂര്‍ ജില്ലയില്‍ മാത്രം കാനറ ബാങ്കില്‍ നിന്ന് ലോണെടുത്ത 36 പേര്‍ക്കാണ് ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. പഠിച്ചിറങ്ങി ഒരു വര്‍ഷത്തിനു ശേഷം അല്ലെങ്കില്‍ ജോലി കിട്ടി ഒരു മാസത്തിനു ശേഷം എന്നിങ്ങനെയാണ് വായ്പ തിരിച്ചടവ് തുടങ്ങേണ്ട കാലപരിധി. ഇതുപ്പോലും പല ബാങ്കുകളും അനുവദിക്കുന്നില്ല. 2006-07-ല്‍ രണ്ടു ലക്ഷം രൂപ വായ്പയെടുത്തയാള്‍ക്ക് 4.19 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസ് കിട്ടിയാലുടന്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോകും.
നഴ്സുമാര്‍ക്കുള്ള വായ്പയില്‍ ജപ്തി നടപടി നടത്താന്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് വലിയ ഉത്സാഹമാണത്രേ. വില്ലേജ് ഓഫിസ് ജീവനക്കാര്‍ക്ക് അഞ്ചു ശതമാനം കമ്മീഷന് പല ബാങ്കുകളും ഓഫര്‍ ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം. വീട് ജപ്തി ചെയ്യാനാണ് ചില ബാങ്കുകാര് വരുന്നതെങ്കില്‍ മറ്റുചിലര്‍ വീടിലെ ടിവി, റഫ്രിജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങളിലാണ് നോട്ടം. ഗൃഹോപകരണങ്ങള്‍ ജപ്തി ചെയ്യുക എന്നത് ഇടത്തരം കുടുംബങ്ങളിലെ ആള്‍ക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും ആകാത്ത അവസ്ഥയാണ്. മാനഹാനി ഭയന്നെങ്കിലും പണം തിരിച്ചടയ്ക്കട്ടെയെന്നാണ് ബാങ്കിന്റെ നയം.
വായ്പകളുടെ പലിശ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നിവൃത്തിയുള്ളവര്‍ പോലും വായ്പതിരിച്ചടയ്ക്കുവാന് മടികാണിക്കുന്നുവെന്നാണ് ബാങ്കുകാര് ചൂണ്ടിക്കാട്ടുന്നത്. തിരിച്ചടയ്ക്കാന്‍ അത്യാവശ്യം ശമ്പളം പോലും ലഭിക്കുന്നില്ലന്നാണ് നഴ്സുമാര്‍ പറയുന്നത്. എന്നാല്‍ വായ്പ നല്കിയ ബാങ്കുകളാകട്ടെ തിരിച്ചടവിലും പലിശ കണക്കാക്കുന്നതിലും ഇളവുകള്‍ അനുവദിക്കുന്നില്ല. ഗഡുക്കള്‍ മുടങ്ങിയതോടെ പലിശ നിരക്ക് കുതിച്ചുയര്‍ന്നു. പതിനെട്ട് ശതമാനം പലിശ ഇരുപ്പത്തിനാലും മുപ്പത്തിനാലു ശതമാനവുമായി ഉയര്ന്നുവത്രേ. തവണകള്‍ മുടങ്ങി എന്നാരോപിച്ച് പല ബാങ്കുകാരും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി പലരെയും നിര്‍ബന്ധിക്കുന്നു.
നവീന്‍ 2007-ലാണ് നഴ്സിങ്ങ് പാസാകുന്നത്. രണ്ടു വര്‍ഷം കേരളത്തിലെ ഒരു ഹോസ്പിറ്റലില്‍ 2000 രൂപയ്ക്ക് ജോലി ചെയ്തു. പിന്നെ വിദേശത്തേയ്ക്ക് കടക്കാനായി ശ്രമം. വിവിധ ഏജന്‍സികള്‍ക്ക് മൂന്നര ലക്ഷം രൂപ നല്കി ഗള്‍ഫിലെത്തി.അവിടെയും നിര്‍ഭാഗ്യം നവീനെ കാത്തിരുന്നു. ആറു മാസം ശമ്പളം കിട്ടി. പിന്നെ ശമ്പളം ഇല്ലാതെ ഒന്നര വര്‍ഷം ജോലി. സ്വദേശിവല്‍ക്കരണം, ആഗോള പ്രതിസന്ധി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാനേജ്മെന്റ് ശമ്പളം നിഷേധിച്ചു, ഗത്യന്തരമില്ലാതെ നവീന്‍ നാട്ടിലേയ്ക്ക് വണ്ടി കയറി. ഇവിടെ ഒരു ഹോസ്പിറ്റലില്‍ ഒരുവര്‍ഷം വീണ്ടും 2000 രൂപയ്ക്ക് നഴ്സിങ്ങ് ട്രയിനിയായി. ഈ തുകയില്‍ നിന്ന് എങ്ങനെ ലോണ്‍ കൃത്യമായി അടയ്ക്കാന്‍. 1,65,000 രൂപയാണ് നവീന്‍ ലോണെടുത്തിരുന്നത്. പലപ്പോഴായി 80,000 രൂപ തിരിച്ചടച്ചു.
ഇപ്പോള്‍ ബാങ്കുകാര് നല്‍കിയിരിക്കുന്ന ജപ്തി നോട്ടീസ് 2,72,000 രൂപ തിരിച്ചടയ്ക്കാനാണ്. നവീന്‍ എന്തു ചെയ്യണമെന്നറിയില്ല. സര്‍ക്കാരില്‍ വിശ്വാസം ഈ നഴ്സിന് നഷ്ടപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ബജറ്റില്‍ പലിശ എഴുതി തള്ളാനുള്ള പണം വകയിരുത്തിയിട്ടുണ്ടന്നാണ് പറഞ്ഞത്. പക്ഷേ ബാങ്കുകാര്‍ക്ക് ഇതുവരെ യാതൊരു അറിയിപ്പ് ലഭിച്ചിട്ടില്ല, ചില ബാങ്കുകാര് പറയുന്നത് ബിപിഎല്ലുകാര്‍ക്ക് മാത്രമേ അതു ബാധകമാകുകയുള്ളുവെന്നാണ്. അതോടെ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം കുടുംബങ്ങള്‍ ആ പട്ടികയില്‍ നിന്ന് പുറത്തായി.
കോതമംഗലം നഴ്സിങ്ങ് കോളേജില്‍ ടെറസില്‍ കയറി ആത്മഹത്യ ഭീക്ഷണി മുഴക്കിയ ആഷ്്ലി ഉള്‍പ്പെടെയുള്ളവര്‍ ബിപിഎല്‍ പട്ടികയില്‍ പെടുന്നവരല്ലയത്രേ. അവര്‍ക്കും കിട്ടിയിരുന്നു ജപ്തി നോട്ടീസ്. വരും വര്‍ഷങ്ങളില്‍ ആത്മഹത്യാനിരക്ക് ഇരട്ടിയായി കൂടുമെന്ന് ത്രാണി കൗണ്‍സിലിങ്ങ് സെന്റര്‍ നടത്തുന്ന ജെ. രാജശേഖരന് ചൂണ്ടിക്കാട്ടി. സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളുടെ തൊഴിലില്ലായ്മയാണ് ഇതിനു കാരണം. 2011-ലെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്യുന്നവരില്‍ 35.4 ശതമാനം പേരും 15-29-നും മധ്യേ പ്രായമുള്ളവരാണ്. ഈ നിരക്ക് ഇനിയും കേരളത്തില്‍ കൂടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും പറയുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയും തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യ ആയിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നത്.
നാളെ ഗ്ലോബല്‍ മലയാളം നഴ്സിംഗ് പരമ്പര തുടരുന്നു. (അവസരങ്ങള്‍ കുറയുന്ന നഴ്സിങ്ങ് മേഖല സംഘടിച്ചതിന്റെ പേരില്‍ പ്രതികാര നടപടികളുമായി മാനേജ്മെന്റ്.)