Breaking News

Trending right now:
Description
 
Oct 04, 2012

ഓസ്‌ട്രേലിയയിലെ മൂന്നു കോളജുകള്‍ പൂട്ടാന്‍ ഉത്തരവ്‌, 530 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംരംക്ഷിക്കുമെന്ന്‌ ഹൈക്കമ്മീഷണര്‍

Staff Correspondent/Global Malayalam
image ഓസ്‌ട്രേലിയയിലെ മൂന്നു കോളജുകള്‍ പൂട്ടുന്നതിനുള്ള ഉത്തരവുമൂലം ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ട്യൂഷന്‍ പ്രൊട്ടക്ഷന്‍ സ്‌കീം (ടിപിഎസ്‌) അനുസരിച്ചുള്ള സംരംക്ഷണം നല്‌കുമെന്ന്‌ ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ പീറ്റര്‍ വര്‍ഗീസ്‌ അറിയിച്ചു. 530 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഈ കോളജുകളില്‍ എന്‍റോള്‍ ചെയ്‌തിട്ടുണ്ട്‌.

എജ്യൂക്കേഷന്‍ സര്‍വീസസ്‌ ഫോര്‍ ഓവര്‍സീസ്‌ സ്‌റ്റുഡന്റ്‌സ്‌ ആക്ട്‌ 2000 അനുസരിച്ചായിരിക്കും സംരംക്ഷണം നല്‌കുകയെന്ന്‌ പീറ്റര്‍ വര്‍ഗീസ്‌ പറഞ്ഞു. മറ്റു കോഴ്‌സുകളില്‍ ചേരുന്നതിനോ മുന്‍കൂര്‍ നല്‌കിയ ട്യൂഷന്‍ ഫീ തിരികെ ലഭിക്കുന്നതിനോ സഹായം ലഭ്യമാക്കും.

മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരിലാണ്‌ മൂന്നു കോളജുകള്‍ പൂട്ടേണ്ടിവന്നത്‌. ഓസ്‌ട്രേലിയന്‍ സ്‌കില്‍സ്‌ ക്വാളിറ്റി അതോറിറ്റി നടത്തിയ ഓഡിറ്റിംഗിനെത്തുടര്‍ന്നാണ്‌ വിക്ടോറിയ, ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌ എന്നിവിടങ്ങളിലെ ആഷ്‌മാര്‍ക്ക്‌ ഗ്രൂപ്പ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ജി പ്ലസ്‌ ജി ഗ്ലോബല്‍ ട്രേഡിംഗ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഐവി ഗ്രൂപ്പ്‌ എന്നിവ നടത്തുന്ന വൊക്കേഷണല്‍ എജ്യൂക്കേഷന്‍, ട്രെയിനിംഗ്‌ കോളജുകള്‍ പൂട്ടാന്‍ ഉത്തരവിട്ടത്‌. മെല്‍ബണ്‍, വിക്ടോറിയ, ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌ എന്നിവിടങ്ങളിലെ കോളജുകളിലാണ്‌ ആവശ്യമായ സൗകര്യങ്ങളില്ലെന്നു കണ്ടെത്തിയത്‌. ഇവര്‍ നല്‌കിയ അപ്പീലില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒക്ടോബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്‌.

ആഷ്‌മാര്‍ക്ക്‌ ഗ്രൂപ്പ്‌ കോളജില്‍ 400 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ജി പ്ലസ്‌ ജി ഗ്ലോബലില്‍ 100 പേരും ഐവി ഗ്രൂപ്പില്‍ 40 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമാണ്‌ എന്‍റോള്‍ ചെയ്‌തിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : Shekhar Nambiar 011 41494351, 91 9810154167