Breaking News

Trending right now:
Description
 
Apr 24, 2013

ഡോ. എ.കെ.ബി പിള്ളയുടെ 'വിമന്‍ അന്‍ഡ് ചില്‍ഡ്രന്‍ സെക്ഷ്വല്‍ അബ്യൂസ് അന്‍ഡ് വയലന്‍സ്' പ്രകാശനം ചെയ്തു

Mathew Moolecheril
image ന്യൂയോര്‍ക്ക്: പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. എ.കെ.ബി പിള്ളയുടെ 'വിമന്‍ അന്‍ഡ് ചില്‍ഡ്രന്‍ സെക്ഷ്വല്‍ അബ്യൂസ് അന്‍ഡ് വയലന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. ഏപ്രില്‍ ആറിന് ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ചു കൂടിയ ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ മീറ്റിംഗിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകയും ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പ്രധാന സംഘാടകയുമായ ലീലാ മാരേട്ട്, ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ളയ്ക്ക് പുസ്തകം നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ലോക പ്രശസ്ത മനഃശാസ്ത്ര വിദഗ്ദനും, വാഗ്മിയും, ഉപദേഷ്ടാവും സാംസ്കാരിക - സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. എ.കെ.ബി പിള്ള ഇതിനോടകം പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അമേരിക്കന്‍ ആന്ത്രപ്പോളജിക്കല്‍ അസോസിയേഷനില്‍ നിന്നും, അമേരിക്കന്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ സൈക്കോ തെറാപ്പിസ്റ്റില്‍ നിന്നും ധാരാളം ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ഹു ഈസ് ഹു ഓഫ് ദി വേള്‍ഡ്, ഹു ഈസ് ഹു ഇന്‍ അമേരിക്ക, ഡയറക്ടറി ഓഫ് അമേരിക്കന്‍ കൗണ്‍സിലിംഗ് അസോസിയേഷന്‍ മുതലായ ഡയറക്ടറികളിലും തെളിഞ്ഞു നില്‍ക്കുന്നു. മുന്‍ കൊളംമ്പിയ യൂണിവേഴ്സിറ്റി പ്രൊഫസറും റെജിസ്റ്റേര്‍ഡ് യോഗ അദ്ധ്യാപകനും കൂടിയായ അദ്ദേഹവും ഭ്യാര്യയായ ഡോണാ പിള്ളയും കൂടി മനുഷ്യ നന്മയെയും, മനഃശാസ്ത്രത്തെയും പറ്റി പൊതുജന ബോധവത്ക്കരണ ഉദ്ദേശത്തോടു കൂടി ഇന്‍ഡ്യ, ചൈന, ജപ്പാന്‍, നോര്‍വേ, യൂറോപ്പ്യന്‍ രാജ്യങ്ങള്‍, കോസ്റ്റാറിക്ക, എന്നീ രാജ്യങ്ങളില്‍ ധാരാളം സെമിനാറുകളും മറ്റും സംഘടിപ്പിച്ചു വരുന്നു.

കേരളത്തിലെ സാമ്പത്തീക, രാഷ്ട്രീയ, സവര്‍ണ്ണ മേല്‍ക്കോയ്മയെ അടിസ്ഥാനമാക്കി രചിച്ച ദി കള്‍ച്ചര്‍ ഓഫ് സോഷ്യല്‍ സ്ട്രാറ്റിഫിക്കേഷന്‍ ആന്‍ഡ് സെക്സിസം, ഹൈന്ദവ - ബുദ്ധ ദാര്‍ശനികതകളും ആത്മീയതയുമായി ഹെന്‍%റി ഡേവിഡ് തൊറോയുടെ ചിന്തകളുമായുള്ള ആപേക്ഷിക പഠന ഗ്രന്ഥമായ 'ട്രാന്‍സെന്ദെന്റല്‍ സെല്‍ഫ്', ക്രിസ്തുവിന്റെ മനോഃവിജ്ഞാനവും ഉയിര്‍ത്തെഴുല്പ്പും എന്നത് മനുഷ്യ ജീവിതത്തിന്റെ പുനര്‍ജ്ജീവിതമാണെന്നുള്ള ചിന്തയെ ജൈവമായി പ്രതിപാദിക്കുന്ന 'ഷേക്സ്പീയേഴ്സ് കിങ്ലീയര്‍ ലിറ്റററി ആന്ത്രപ്പോളജി' മുതലായ ഇംഗ്ലീഷില്‍ എഴുതപ്പെട്ട പുസ്തകങ്ങളും മലയാളത്തിലെ ആറു ചെറുകഥാ സമാഹാരങ്ങളും, ഒരു നോവലും രണ്ടു യാത്രാ വിവരണങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളായുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഭാരതത്തിലും ലോകവ്യാപകമായി തന്നെയും നടന്നുവരുന്ന അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെയുള്ള ഒരു ചൂണ്ടുവിരല്‍ ആണ് അദ്ദേഹത്തിന്റെ ഈ രചന. കഴിഞ്ഞ നാല്പത് വര്‍ഷത്തെ അദ്ദേഹത്തിന്റെ പഠനത്തിന്റെ ഫലമായ ഈ പുസ്തകത്തില്‍ കൂടി അസമത്വങ്ങളില്‍ നിന്നും, അടിച്ചമര്‍ത്തലുകളില്‍ നിന്നും, പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് എങ്ങനെ മോചനം പ്രാപിക്കാമെന്നും ഭാവി സ്ത്രീ ശാക്തീകരണ ബോധവത്ക്കരണവും നടത്താമെന്നും വിവരിക്കുന്നു. ഈ പുസ്തകം എല്ലാ മലയാളികളും പ്രത്യേകിച്ച് സ്ത്രീകളും വായിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ ജീവിത പരിസ്ഥിതിയില്‍ ഒരു ആവശ്യകത തന്നെയാണെന്ന് ലീലാ മാരേട്ട് ഉദ്ബോധിപ്പിച്ചു.

1983 - മുതല്‍ ഫൊക്കാനയുടെ എല്ലാ കണ്‍വെന്‍ഷനുകളിലും സംബന്ധിച്ച് ധാരാളം പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ മലയാളി സമൂഹത്തിനും ഫൊക്കാനയ്ക്കും മുതല്‍ക്കൂട്ട് തന്നെയാണെന്നും തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ സ്ത്രീ സമൂഹവും ഫൊക്കാനയും തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ സ്വീകരിക്കുമെന്നും ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു.