Breaking News

Trending right now:
Description
 
Apr 23, 2013

പുതിയ താരോദയമായി അസ്‌കര്‍ അലി

E.S. Gigimol, Special Correspondent
image


ഒരു മണിക്കൂര്‍ മൊബൈല്‍ ചാര്‍ജ്‌ തീര്‍ന്നാല്‍ ഈ ലോകത്ത്‌ നമ്മള്‍ ഒറ്റപ്പെട്ടു പോയതു പോലെ നിങ്ങള്‍ പരിഭ്രാന്തരാകാറുണ്ടോ? പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്കൊക്കെ തോന്നുന്ന ഈ പരിഭ്രമത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ സിനിമയാണ്‌ ഹോളിഷിറ്റ്‌. മൊബൈല്‍ ഫോണില്ലാതെ കൊച്ചി നഗരത്തില്‍ ജീവിക്കുന്ന നാല്‌ ചെറുപ്പക്കാരുടെ കഥയാണ്‌ ഈ സിനിമ പറയുന്നത്‌. 

ഈ സിനിമയിലെ നായകനായ അസ്‌കര്‍ തെന്നിന്ത്യയിലെ സ്റ്റാറായ അജ്‌മലിന്റെ സഹോദരനാണ്‌. അഭിനയമോഹം തലയ്‌ക്കു പിടിച്ച എല്ലാ ചെറുപ്പക്കാരെയുംപോലെ അലിയും സിനിമയെ പ്രണയിച്ച്‌ സ്വന്തമാക്കിയ ആളാണ്‌. അതുകൊണ്ട്‌ കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കായി അലി നടത്തിയ വിട്ടുവീഴ്‌ചകള്‍ ചില്ലറയല്ല. അതിനായി ഏതറ്റംവരെ പോകാനും അസ്‌കര്‍ തയാര്‍. ആര്‍ക്കമിഡീസിനെ പോലെ നഗ്നനായി അസ്‌കര്‍ കൊച്ചി നഗരത്തിലൂടെ ഓടിയതും ഈ സിനിമയുടെ വിജയത്തിനായാണ്‌.

ഹോളിഷിറ്റ്‌ എന്ന സിനിമയിലെ നായകനായ അസ്‌കര്‍ തന്റെ ആദ്യ സിനിമാ വിശേഷങ്ങള്‍ ഗ്ലോബല്‍ മലയാളവുമായി പങ്കുവയ്‌ക്കുന്നു

അജ്‌മലിന്റെ ഗ്ലാമര്‍ പരിവേഷത്തില്‍ ആകൃഷ്ടനായാണോ സിനിമയിലേയ്‌ക്കെത്തിയത്‌?

തീര്‍ച്ചയായും അല്ല, ഞാന്‍ എന്റെ അവസരം തേടി വളരെ അലഞ്ഞിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോഴാണ്‌ ആദ്യമായൊരു സംവിധായകനെ ഞാന്‍ സമീപിക്കുന്നത്‌. ചില കാരണങ്ങള്‍ കൊണ്ട്‌ അന്ന്‌ അതു നടന്നില്ല. പിന്നീട്‌ പല സംവിധായകരെയും ഞാന്‍ സമീപിച്ചിരുന്നു. അതൊന്നും സഹോദരന്റെ ബാനറിലല്ല. സംവിധായകരുടെ ടാലന്റ്‌ സ്‌കാനിങ്ങ്‌ കഴിഞ്ഞാണ്‌ എനിക്ക്‌ ഈ സിനിമയില്‍ അവസരം ലഭിച്ചത്‌. ഒരു വീട്ടില്‍ നിന്ന്‌ രണ്ട്‌ താരങ്ങള്‍, കലാ കുടുംബമാണോ നിങ്ങളുടേത്‌ ?

അങ്ങനെ കലാ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. അച്ഛന്‍ അമീര്‍ അഡ്വക്കേറ്റാണ്‌. അമ്മ സീനത്ത്‌ ഹൗസ്‌വൈഫും. സിനിമയോട്‌ താല്‌പര്യം ഉണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ ചെറിയ നാടകങ്ങളില്‍ വേഷമിടുമ്പോള്‍ വലിയ ആഗ്രഹമായിരുന്നു സിനിമയിലെ പോലെ വലിയ ഹീറോ ആകണമെന്ന്‌. അതുകൊണ്ട്‌ അവസരങ്ങള്‍ ലഭിക്കാന്‍ കുറെ അലഞ്ഞു. പക്ഷേ ഇന്നാണ്‌ ഭാഗ്യം തേടിയെത്തിയത്‌.ഈ സിനിമയില്‍ എങ്ങനെയുള്ള കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌?

ഒരു ഫാമിലിമാനാണ്‌ ഞാന്‍ ഈ സിനിമയില്‍. ജോലിയുടെ ആവശ്യവുമായി നാല്‌ ചെറുപ്പക്കാര്‍ വ്യത്യസ്‌തമായ സ്ഥലങ്ങളില്‍ നിന്ന്‌ കൊച്ചിയില്‍ എത്തി ഒരു ഫ്‌ളാറ്റില്‍ ജീവിക്കുന്നതാണ്‌ ഇതിന്റെ കഥാ തന്തു. ഇവര്‍ക്കാര്‍ക്കും മൊബൈല്‍ ഫോണില്ല എന്നതാണ്‌ പൊതുവായ ഒരു കാര്യം.സിനിമയുടെ വിജയത്തിനായി നഗ്നയോട്ടം വരെ നടത്തിയല്ലോ?

അതേ, ഈ സിനിമയില്‍ സ്‌ട്രീക്ക്‌ ചെയ്യുന്നുണ്ട്‌ ഞങ്ങള്‍. കഥാപാത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ അത്‌. അല്ലാതെ വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കാനല്ല.

നഗരത്തിലെ ഓഫീസുകള്‍ വിട്ടുവരുന്ന പീക്ക്‌ സമയത്താണ്‌ എനിക്ക്‌ പത്മ മുതല്‍ നോര്‍ത്ത്‌ വരെ വരെ നഗ്നനായി ഓടേണ്ടത്‌. അഞ്ചുമിനിറ്റ്‌ സമയം. അപ്പോള്‍ അനുഭവിച്ച ടെന്‍ഷന്‍ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ശരിക്കും ഓടുന്ന സമയത്ത്‌ എന്റെ കണ്ണില്‍ ഇരുട്ടു കയറിയതു പോലെയായിരുന്നു. മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടും ഒരാളെ പോലീസ്‌ പിടിക്കുകയും ചെയ്‌തു. ഇനി എത്ര സിനിമയില്‍ അഭിനയിച്ചാലും ഇത്തരം ഒരു അനുഭവം ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല.

ന്യൂജനറേഷന്‍ സിനിമ വിഭാഗത്തില്‍ പെടുന്നതാണോ ഹോളിഷിറ്റ്‌?

അങ്ങനെ പറയാം. വ്യത്യസ്‌തമായ കഥാസന്ദര്‍ഭങ്ങളിലൂടെ ചെലവ്‌ കുറച്ച്‌ ഒരു പരീക്ഷണമായാണ്‌ ഈ സിനിമ ചെയ്‌തിരിക്കുന്നത്‌. 70 ക്യാമിലാണ്‌ ഷൂട്ട്‌ ചെയ്‌തത്‌. പലപ്പോഴും സിനിമ ഷൂട്ടിംങാണെന്ന്‌ ജനങ്ങള്‍ അറിഞ്ഞതു പോലുമില്ല. 

ന്യൂജനറേഷന്‍ സിനിമ എന്നാല്‍ മദ്യപാനവും ആണ്‍പെണ്‍ സൗഹൃദങ്ങളുടെ തുറന്നുപറച്ചിലുമാണെന്ന്‌ പറയുന്നു. ഈ സിനിമയിലും അങ്ങനെയാണോ?

പുതിയ തലമുറയുടെ ജീവിതശൈലികളെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നും ഒഴിവാക്കുവാന്‍ സാധ്യമല്ല. എന്തിനും ഏതിനും കുപ്പിപൊട്ടിക്കുന്ന ഒരു സാംസ്‌കാരിക ശൈലി നിലവിലുണ്ട്‌. യൂത്തിന്റെ കഥ പറയുമ്പോള്‍ അതൊക്കെ വേണ്ടേ. എന്നുകരുതി എല്ലാവരും മദ്യപിക്കുന്നവരാണെന്ന്‌ കരുതേണ്ട. ഞാന്‍ മദ്യപിക്കുന്നയാളല്ല. ഈ സിനിമയില്‍ അനാവശ്യ മദ്യപാനം ഇല്ല.സിനിമയില്‍ എത്തുന്നതിന്‌ മുമ്പ്‌ എന്തായിരുന്നു പരിപാടി?

ഞാന്‍ എംബിഎ കഴിഞ്ഞ്‌ ബിസിനസ്‌ ചെയ്യുകയായിരുന്നു. പിന്നീട്‌ ഷോര്‍ട്ട്‌ ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. കേരള യുവജന ക്ഷേമ ബോര്‍ഡിന്റെ ഋതുഭേദങ്ങള്‍, ആന്‍ അണ്‍ടൈറ്റില്‍ഡ്‌ ഷോര്‍ട്ട്‌ഫിലിം, ആ പുസ്‌തകത്താളില്‍ തുടങ്ങിയ ഷോര്‍ട്ട്‌ ഫിലിമുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യസിനിമയ്‌ക്കുശേഷം അവസരങ്ങള്‍ കൂടുതല്‍ ലഭിച്ചോ?

ചില ഡിസ്‌കഷനൊക്കെ നടക്കുന്നുണ്ട്‌. ഒന്നും കമിറ്റ്‌ ചെയ്‌തിട്ടില്ല. പുതിയ സിനിമ മെയ്‌ പതിനഞ്ചോടെ തിയേറ്ററില്‍ എത്തുമെന്നാണ്‌ പ്രതീക്ഷ.

സംവിധായകന്‍ ജോണ്‍സണ്‍ ദേവസിയുടെ ആദ്യ സിനിമയാണിത്‌. ടെക്‌നീഷ്യന്മാരും അഭിനേതാക്കളുമെല്ലാം പുതുമുഖങ്ങളാണ്‌. നല്ല സിനിമകളെ സ്വീകരിച്ച മലയാളികള്‍ ഈ സിനിമയെയും സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ്‌.

ബിസിനസ്‌ വിട്ട്‌ സിനിമയില്‍ കരിയര്‍ ഉറപ്പിക്കുമോ അതോ വെറും ഇഷ്ടം കൊണ്ട്‌ ഒന്നോ രണ്ടോ സിനിമ എന്നാണോ..?

തീര്‍ച്ചയായും ആഗ്രഹം കൊണ്ടാണ്‌ ഞാന്‍ സിനിമ തേടി അലഞ്ഞത്‌. സിനിമ പ്രഫഷന്‍ ആക്കണമെന്നാണ്‌ ആഗ്രഹം.

ചേട്ടനും വീട്ടുകാരും സിനിമ അഭിനയത്തെക്കുറിച്ച്‌ എന്തു പറയുന്നു?

നല്ല സപ്പോര്‍ട്ടാണ്‌.