Breaking News

Trending right now:
Description
 
Oct 03, 2012

നോക്കിയയുടെ ഫിന്‍ലന്‍ഡിലെ ആസ്ഥാനമന്ദിരം വില്‍പ്പനയ്‌ക്ക്‌

image സ്‌മാര്‍ട്ട്‌ ഫോണുകളുടെ കടുത്ത മത്സരത്തിനിടയില്‍ വിപണിയില്‍നിന്നു കടുത്ത സമ്മര്‍ദ്ദം നേരിടുന്ന നോക്കിയ ഫിന്‍ലന്‍ഡിലെ എസ്‌പൂവിലെ ആസ്ഥാനമന്ദിരം വിറ്റഴിക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്കനടപടിയുടെ ഭാഗമായാണ്‌ ഈ നടപടിയെന്നാണ്‌ വിലയിരുത്തല്‍. പതിനായിരം ജീവനക്കാരെ പിരിച്ചുവിടാന്‍ ഈയിടെ നോക്കിയ തീരുമാനിച്ചിരുന്നു.

നോക്കിയ ഹൗസ്‌ എന്നറിയപ്പെടുന്നതാണ്‌ നോക്കിയയുടെ ആസ്ഥാനമന്ദിരം. ഫിന്‍ലന്‍ഡില്‍നിന്ന്‌ മാറാന്‍ ഉദ്ദേശമില്ലെന്നും എന്നാല്‍ എസ്‌പൂവിലെ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ വിറ്റഴിക്കുകയുമാണെന്ന്‌ നോക്കിയയോട്‌ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ആപ്പിളിന്റെ ഐഒഎസ്‌, ഗൂഗിളിന്റെ ആന്‍ഡ്രോയ്‌ഡ്‌ എന്നീ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഒരിക്കല്‍ ലോകമൊബൈല്‍ വിപണിയിലെ ഒന്നാംനിരക്കാരായിരുന്ന നോക്കിയയെ പിന്തള്ളിയത്‌. മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ സംവിധാനത്തെയാണ്‌ ഇപ്പോള്‍ നോക്കിയ ആശ്രയിക്കുന്നത്‌. ലൂമിയ എന്ന പേരില്‍ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയെങ്കിലും അത്‌ ഇതുവരെ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചിട്ടില്ല.

രണ്ടാം പാദത്തില്‍ 1.4 ബില്യണ്‍ യൂറോയുടെ നഷ്ടം രേഖപ്പെടുത്തിയ നോക്കിയയ്‌ക്ക്‌ 4.00 ബില്യണ്‍ യൂറോയുടെ സഞ്ചിതനഷ്ടമുണ്ട്‌. കോര്‍പ്പറേറ്റ്‌ കെട്ടിടം വിറ്റഴിക്കുന്നതുവഴി 200 മുതല്‍ 300 മില്യണ്‍ വരെ യൂറോ ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.