Breaking News

Trending right now:
Description
 
Apr 20, 2013

ബാങ്കുകള്‍ വായ്‌പമുടക്കുന്നവരുടെ പടം പത്രത്തില്‍കൊടുത്ത്‌ ഇനി നാണംകെടുത്തും

image വായ്‌പയെടുത്ത ശേഷം തിരിച്ചടവിന്‌ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേ പുതിയ സമ്മര്‍ദതന്ത്രം പ്രയോഗിക്കാന്‍ ബാങ്കുകള്‍ ഒരുങ്ങുന്നു. കഴിവുണ്ടായിട്ടും ബോധപൂര്‍വം പണം അടയ്‌ക്കാത്തവരുടെ പേരും മറ്റു വിവരങ്ങളും ചിത്രങ്ങള്‍ സഹിതം പത്രത്തില്‍ പരസ്യം ചെയ്യാനാണ്‌ നീക്കം. നാണക്കേട്‌ ഓര്‍ത്തെങ്കിലും കുറച്ചുപേര്‍ തിരിച്ചടച്ചാല്‍ അത്രയും ലാഭമാണല്ലോ എന്ന ചിന്തയാണ്‌ പുതിയ നീക്കത്തിന്‌ പിന്നില്‍. തുടക്കത്തില്‍ പ്രാദേശിക പേജുകളിലായിരിക്കും. ജാമ്യം നിന്നവരും പത്രപ്പരസ്യത്തില്‍ കുടുങ്ങും. ആദ്യം വായ്‌പയെടുത്തയാളുടെ വിലാസവും ചിത്രവും വിവരങ്ങളും പത്രത്തില്‍ പരസ്യം ചെയ്യും. വായ്‌പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ജാമ്യം നിന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും പത്രത്തില്‍ കൊടുക്കാനാണ്‌ പദ്ധതി. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ(എസ്‌ബിഐ) ഈ പരിപാടി പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നടപ്പാക്കി. വായ്‌പ തിരിച്ചടവിന്‌ വീഴ്‌ച വരുത്തിയ അഞ്ച്‌ പേരുടെ വിവരങ്ങള്‍ ബാങ്ക്‌ പരസ്യപ്പെടുത്തി. അടുത്തത്‌ ചിലപ്പോള്‍ നിങ്ങളായേക്കും എന്നൊരു മുന്നറിയിപ്പും പരസ്യത്തില്‍ നല്‍കി. എസ്‌ബിഐയെ പിന്തുടരാന്‍ മറ്റു പല ബാങ്കുകളും ആലോചിച്ചുവരുകയാണ്‌. ബാങ്കുകളുടെ ഈ നീക്കത്തിനെതിരേ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്‌. പണം തിരിച്ചടവിന്‌ പലസാഹചര്യങ്ങളാലും കഴിയാതെ വരുന്നവരെ പരസ്യമായി അവഹേളിക്കാന്‍ ബാങ്കുകളുടെ പുതിയ നീക്കം കാരണമാകുമെന്ന്‌ വിമര്‍ശകര്‍ പറയുന്നു. വായ്‌പയെടുക്കുന്നവരെ ക്രിമിനല്‍ കുറ്റവാളികളെ പോലെ പരിഗണിക്കുന്നത്‌ ശരിയല്ലെന്നും വായ്‌പ മുടങ്ങുന്നവരുടെ ചിത്രങ്ങള്‍ പത്രത്തില്‍ പരസ്യം ചെയ്യുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ പറയുന്നു.