Breaking News

Trending right now:
Description
 
Apr 18, 2013

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു

മാത്യു മൂലേച്ചേരില്‍
image
ന്യൂറോഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ (ഡബ്ലു.എം.എ) അതിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുകയും, സംഘടനയെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിനുവേണ്ട പിന്നണി പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്ത എല്ലാ മുന്‍ കാല പ്രസിഡന്റുമാരെയും ആദരിച്ചുവെന്ന് പ്രസിഡന്റ് ജോയി ഇട്ടനും, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും അറിയിച്ചു.

1975 - ല്‍ വെസ്റ്റ് ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികള്‍ ഒത്തുകൂടുകയും, അവരുടെ പ്രവാസി ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുവാനും, നമ്മുടെ പൈതൃക സംസ്കാരം തലമുറകളിലേക്ക് പകരുക എന്ന ഉദ്ദേശത്തോടും കൂടി ആരംഭിച്ചതാണ് വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്‍ (ഡബ്ലു.എം.എ). ഇന്ന് അതു വളര്‍ന്ന് രണ്ടായിരത്തോളം മെമ്പേഴ്സ് ഉള്ള ഒരു വലിയ സംഘടനയായി മാറിയിരിക്കുന്നു. ഇപ്രകാരമുള്ള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ പ്രസിഡന്റുമാരെയും അവരുടെ കൂടെ പ്രവര്‍ത്തിച്ച കമ്മിറ്റി മെമ്പേഴ്സിനേയും അനുമോദിക്കുവാനോ നന്ദി പറയുവാനോ പലപ്പോഴും സമയം കിട്ടിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ പ്രസിഡന്റായ ജോയി ഇട്ടനും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും കഴിഞ്ഞ കമ്മിറ്റികളെ ആദരിക്കണം എന്ന് കമ്മിറ്റിയില്‍ ആവശ്യപ്പെടുകയും കമ്മിറ്റി അതു അംഗീകരിക്കുകയും ചെയ്തു.

ഇന്ന് അമേരിക്കയുടെ മുഖ്യധാരയില്‍ നില്‍ക്കുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ കൂടി കടന്നുപോയിട്ടുള്ളവരാണ്. അതിനാല്‍ തന്നെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് ദേശീയാടിസ്ഥാനത്തില്‍ തന്നെ ഒരു വലിയ പ്രാധാന്യം എന്നും ഉണ്ട്. മിക്ക മുന്‍ പ്രസിഡന്റര്‍മാരും അവരുടെ സ്ഥാനം ഒഴിഞ്ഞതിനു ശേഷം തിരശ്ശീലയുടെ പിന്നിലേക്ക് മറഞ്ഞു പോകുന്നതായിട്ടാണ് കണ്ടു വന്നിരിക്കുന്നത്. എന്നാല്‍ അവരെയെല്ലാം വീണ്ടും മുന്‍ നിരയിലേക്ക് കൊണ്ടുവരികയും, അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നുമുള്ള ഉദ്ദേശത്തോടുകൂടിയാണ് അവരെ ആദരിക്കുവാന്‍ തീരുമാനിച്ചത്.

ആദ്യ പ്രസിഡന്റായ എം.വി. ചാക്കോയെ പ്രസിഡന്റ് ജോയി ഇട്ടന്‍ പൊന്നാട അണിയിച്ചു സ്വീകരിക്കുകയും, അതിനുശേഷം കാല ക്രമമനുസരിച്ചു  ജോണ്‍ ജോര്‍ജ്ജ്, എം.സി. ചാക്കോ, കെ.ജി. ജനാര്‍ദ്ദനന്‍, പ്രഭാകരന്‍ നായര്‍,  കെ.ജെ. ഗ്രിഗറി, തോമസ് ആലംചേരില്‍, എ.സി. ജോര്‍ജ്ജ്, ജോസഫ് വാണിയപിള്ളി, പാര്‍ത്ഥസാരഥി പിള്ള, തോമസ് പാലക്കല്‍, കൊച്ചുമ്മന്‍ ടി. ജേക്കബ്, ക്ലാര ജോബ്, കെ.എം. മാത്യു, തോമസ് ഇ. മാത്യു, ഫിലിപ് വെംബേനില്‍, ജോണ്‍ സി. വര്‍ഗീസ്, എ.വി. വര്‍ഗീസ്, ജോണ്‍ ഐസക്ക്, രാജു സക്കറിയ, ബാബു കൊച്ചുമാത്തന്‍, തോമസ് കോശി, രത്നമ്മ ബാബുരാജ്, ജോണ്‍ മാത്യു, എ.വി വര്‍ഗീസ്, ജെ. മാത്യു, ടെറന്‍സണ്‍ തോമസ്, ഫിലിപ്പ് ജോര്‍ജ്ജ് എന്നിവരെ  പൊന്നാട അണിയിച്ചു സ്വീകരിക്കുകയും പരേതരായ നൈനാന്‍ ചാണ്ടിയെ, സെബാസ്റ്റ്യന്‍ ആസാദ് അനുസ്മരിക്കുകയും  ചെയ്തു.   ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എം.സി ആയി പ്രവര്‍ത്തിച്ച് യോഗത്തെ അനുഗൃഹീതമാക്കി. പ്രസിഡന്റ് ജോയി ഇട്ടന്‍ എല്ലാ പ്രസിഡന്റുമാരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും മുഖ്യധാരയിലേക്ക് എല്ലാവരും കടന്നുവന്ന് പ്രവര്‍ത്തിച്ച് അസോസിയേഷനെ വളര്‍ത്തുവാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പോള്‍ കറുകപ്പിള്ളില്‍ അസോസിയേഷനു നല്‍കിയ സംഭാവനകളെ യോഗം അനുമോദിക്കുകയും വിലയിരുത്തുകയുമുണ്ടായി.

വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ്, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേശ് നായര്‍, എം.വി. കുര്യന്‍, കുര്യാക്കോസ് വര്‍ഗീസ്, രാജ് തോമസ്, ചാക്കോ പി. വര്‍ഗീസ്, സുരേന്ദ്രന്‍ നായര്‍, ബിനു വര്‍ഗീസ്, എന്നിവരും മുന്‍ പ്രസിഡന്റുമാര്‍ക്ക് ആശംസകള്‍ നേരുകയുണ്ടായി. പങ്കെടുത്ത എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി രേഖപ്പെടുത്തി.