Breaking News

Trending right now:
Description
 
Apr 17, 2013

നഴ്‌സുമാര്‍ക്ക്‌ കേരളത്തില്‍ മാന്യമായ ശമ്പളവര്‍ദ്ധന, യുഎന്‍എയ്‌ക്ക്‌ അഭിമാനിക്കാം

ജിജി ഷിബു
image നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്‌ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഈ വിജയത്തിനായി മുന്നിട്ടിറങ്ങിയത്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ (യുഎന്‍എ) എന്ന നഴ്‌സിംഗ്‌ സംഘടനയാണ്‌. അക്രമരഹിത സമരമുറകളിലൂടെ നഴ്‌സുമാരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയതിന്‌ ലഭിക്കുന്ന മികച്ച പ്രതിഫലമാണ്‌ ഈ ശമ്പളവര്‍ദ്ധന എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

യു.എന്‍.എ എന്ന സംഘടന സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ സംഘടിപ്പിക്കുന്നതു വരെ നഴ്‌സുമാര്‍ക്ക്‌ സ്വന്തം രാജ്യത്ത്‌ നേരിടേണ്ടി വരുന്ന പീഡനം ആരും പരിഗണിച്ചിരുന്നില്ല. ട്രേഡ്‌ യൂണിയനുകളാരും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല. നഴ്‌സുമാര്‍ വിദേശത്തേയ്‌ക്ക്‌ പറക്കാനുള്ള നേര്‍ച്ചക്കോഴികളായി കരുതി നാട്ടിലെ ആശുപത്രികളില്‍ അടിമപ്പണി ചെയ്യപ്പെടുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു. നഴ്‌സിംഗ്‌ മേഖലയില്‍ ബഹുഭൂരിപക്ഷവും സ്‌ത്രീകളായതുകൊണ്ട്‌ അടിമകളാക്കുക എന്നത്‌ അത്ര ശ്രമകരമായ കാര്യവും ആയിരുന്നില്ല. വിദേശത്ത്‌ അവസരങ്ങള്‍ അത്യധികമായിരുന്ന കാലത്ത്‌ തൊഴില്‍പരിശീലനത്തിനായി നാട്ടിലെ ആശുപത്രികളില്‍ കുറഞ്ഞ കൂലിക്ക്‌ ജോലി ചെയ്യാന്‍ നഴ്‌സുമാര്‍ മടികാണിച്ചിരുന്നുമില്ല. മാറിയ തൊഴില്‍ സാഹചര്യങ്ങളും കുറയുന്ന തൊഴിലവസരങ്ങളും നഴ്‌സുമാരെ സംഘടിതരാക്കുവാന്‍ പ്രേരിപ്പിച്ചു. 2011 നവംബറില്‍ ബീന ബേബി എന്ന നഴ്‌സ്‌ മുബൈയില്‍ തൊഴില്‍പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിലാണ്‌ സ്വകാര്യ നഴ്‌സുമാരെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത നഴ്‌സുമാര്‍ തിരിച്ചറിഞ്ഞത്‌. കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി അങ്ങനെ യുഎന്‍എ രൂപീകരിച്ചു. എന്നാല്‍ മാനേജ്‌മെന്റ്‌ സംഘടിതമായി സമരത്തെ നേരിട്ടു. യാതൊരു കാരണവശാലും യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു മാനേജ്‌മെന്റ്‌.


അമൃത ഹോസ്‌പിറ്റലില്‍ ഒരു നഴ്‌സിംഗ്‌ യൂണിറ്റ്‌ തുടങ്ങുവാന്‍ ശ്രമിച്ച നഴ്‌സുമാര്‍ക്ക്‌ കൊടിയ മര്‍ദ്ദനമാണ്‌ ലഭിച്ചത്‌. യുഎന്‍എയുടെ പ്രസിഡന്റായ ജാസ്‌മിന്‍ ഷാ അടക്കമുള്ള നേതാക്കള്‍ ഹോസ്‌പിറ്റലിലായി. വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ ജാസ്‌മിന്‍ നഴ്‌സുമാരെ സംഘടിപ്പിക്കാന്‍ ഇറങ്ങിയത്‌ നഴ്‌സുമാരില്‍ ആവേശമായി. പുരുഷ-സ്‌ത്രീ നഴ്‌സുമാര്‍ യുഎന്‍എയുടെ കുടക്കീഴില്‍ കൂട്ടായ്‌മയോടെ അണിനിരന്നപ്പോള്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റുകള്‍ കൈക്കോര്‍ത്തു. അവര്‍ എന്തു വിലകൊടുത്തും സമരത്തെ നേരിടാന്‍ തീരുമാനിച്ചു.

സമരത്തിന്റെ പല ഘട്ടത്തിലും മരണത്തെവരെയാണ്‌ നഴ്‌സുമാര്‍ മുഖാമുഖം കണ്ടത്‌. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. പ്രത്യേകിച്ച്‌ പുരുഷ നഴ്‌സുമാര്‍ ബ്ലാക്ക്‌ ലിസ്റ്റ്‌ ചെയ്യപ്പെടുക പോലും ഉണ്ടായി. പോര്‍മുഖത്ത്‌ പലരും മുന്നില്‍ നിന്ന്‌ പോരാടിയപ്പോള്‍ നിശബ്ദമായി നഴ്‌സുമാരുടെ ഊര്‍ജമായി മാറിയ സുദീപ്‌ കൃഷ്‌ണന്‍, സുജനപാല്‍ തുടങ്ങിയവരുടെ സേവനം എടുത്തു പറയേണ്ടതാണ്‌. ആത്മവീര്യം ചോരാതെ നഴ്‌സുമാരെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നതില്‍ അവര്‍ വിജയിച്ചു എന്നു തന്നെ പറയാം.

തൃശൂര്‍ ജൂബിലി ഹോസ്‌പിറ്റലില്‍ തുടങ്ങിയ സമരം കേരളമാകെ പടര്‍ന്ന്‌ പിടിച്ചപ്പോള്‍ ജനങ്ങള്‍ നഴ്‌സുമാര്‍ക്കൊപ്പം നിന്നത്‌ സര്‍ക്കാരിനെയും സമരപക്ഷത്ത്‌ നഴ്‌സുമാര്‍ക്കൊപ്പം നില്‌ക്കാന്‍ പ്രേരിപ്പിച്ചു. അമൃതയിലും കോതമംഗലത്തും എറണാകുളത്തും തൃശൂരും കണ്ണൂരുമെല്ലാം സമരം കത്തിപ്പടര്‍ന്നു. പുതിയ നഴ്‌സിംഗ്‌ സംഘടനകള്‍ രൂപംകൊള്ളാനും സമരവേലിയേറ്റങ്ങള്‍ കാരണമായി.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ യുഎന്‍എയ്‌ക്ക്‌ വേണ്ടി കൈക്കോര്‍ത്തു. സമരത്തെ കായികമായും മാനസികമായും മാനേജ്‌മെന്റ്‌ നേരിട്ടപ്പോള്‍ യുഎന്‍എ സമരത്തിന്‌ ഗാന്ധിയന്‍ രീതികളാണ്‌ പിന്തുടര്‍ന്നത്‌. നിരാഹാരവും അക്രമരഹിത പ്രതിഷേധവും നടത്തിയ നഴ്‌സുമാര്‍ക്ക്‌ കിട്ടിയ ജനകീയ പിന്തുണ എടുത്തു പറയേണ്ടതാണ്‌. തൊഴില്‍ ചൂക്ഷണം, കുറഞ്ഞ വേതനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുവാന്‍ കാരണമായി.

വേതനം കൂട്ടിയത്‌ കൊണ്ട്‌ യുഎന്‍എയുടെ ഉത്തരവാദിത്വം തീരുന്നില്ല. കൂട്ടിയ വേതനം നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തേണ്ടത്‌ അടുത്ത വെല്ലുവിളിയാണ്‌. ഒപ്പിട്ട്‌ നല്‌കുന്നത്‌ കൂട്ടിയ ശമ്പളവും കയ്യില്‍ കിട്ടുന്നത്‌ തുച്ഛമായ വേതനവും എന്ന അവസ്ഥ വരാതെ നോക്കേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റ്‌ ശമ്പളം ബാങ്കില്‍ ഇടാനുള്ള നടപടിയും സ്വീകരിക്കണം.

ആദ്യഘട്ട സമരം വിജയിച്ചതില്‍ കേരളം നഴ്‌സുമാര്‍ക്കൊപ്പം സന്തോഷിക്കുകയാണ്‌. ഒപ്പം നഴ്‌സിംഗ്‌ സംഘടനാ പ്രവര്‍ത്തകരും.