Breaking News

Trending right now:
Description
 
Apr 16, 2013

കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ സമരത്തില്‍

Shinod
image


കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ്‌ തൊഴിലാളികളെ അനധികൃതമായി സ്ഥലംമാറ്റി പീഢിപ്പിക്കുന്നു. ഇതിനെതിരേ കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന സമരം നാലുദിവസം പിന്നിട്ടു. കോഴിക്കോട്‌ ജില്ലയിലും ഇന്നലെ(ചൊവ്വാഴ്‌ച) സമരം തുടങ്ങി. 6700-7000 രൂപ ശമ്പള സ്‌കെയിലില്‍ ഒന്‍പതു മണിക്കൂര്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ അനധികൃതമായി സ്ഥലം മാറ്റുന്നത്‌. 

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ബ്രാഞ്ചിലെ ശ്രീലതയെ ശ്രീകണ്‌ഠാപുരത്തേയ്‌ക്ക്‌ പ്രതികാരനടപടിയായി സ്ഥലം മാറ്റിയിരുന്നു. യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ശ്രീലതയ്‌ക്ക്‌ ഒന്നര വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ആറാമത്തെ സ്ഥലം മാറ്റമാണിത്‌. ഇതിനെ ചോദ്യം ചെയ്‌താണ്‌ തലശ്ശേരി ബ്രാഞ്ചില്‍ സമരം ആരംഭിച്ചത്‌. 

ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ ജോലി ചെയ്യുന്ന അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാരെ കൂട്ടിയോജിപ്പിച്ച്‌ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി(AITUC) യൂണിയന്‍ ഉണ്ടാക്കിയിരുന്നു. യൂണിയന്‍ പ്രവര്‍ത്തനങ്ങളോടു സഹകരിച്ച എല്ലാ തൊഴിലാളികളെയും മണപ്പുറം ഫിനാന്‍സ്‌ ഉത്തരേന്ത്യയിലെ വിവിധ ബ്രാഞ്ചുകളിലേയ്‌ക്ക്‌ സ്ഥലംമാറ്റിയാണ്‌ പ്രതികാരം തീര്‍ത്തത്‌. മണപ്പുറം ഫിനാന്‍സിന്‌ ഇന്ത്യയൊട്ടാകെ 3200 ബ്രാഞ്ചുകളാണുള്ളത്‌. 

തലശ്ശേരിയിലെ സമരം നേരിടുവാന്‍ ബ്രാഞ്ചുതന്നെ അടച്ചുപൂട്ടി. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ (RBI) നിയമങ്ങള്‍ കാറ്റില്‍ പറത്തി മാനേജ്‌മെന്റ്‌ ആറുകോടിയുടെ സ്വര്‍ണ്ണവും പണവും ഒറ്റ രാത്രികൊണ്ട്‌ മാഹി ബ്രാഞ്ചിലേയ്‌ക്ക്‌ മാറ്റിയിരുന്നു. ഒരു ബ്രാഞ്ച്‌ മാറ്റുന്നതിനോ നിറുത്തലാക്കുന്നതിനോ 3 മാസംമുമ്പ്‌ RBI യുടെ അനുമതി ലഭിക്കണമെന്ന കര്‍ശനവ്യവസ്ഥയുള്ളപ്പോഴാണ്‌ യാതൊരുവിധ സെക്യൂരിറ്റിയും ഇല്ലാതെ 6 കോടിയുടെ സ്വത്തുക്കള്‍ രായ്‌ക്കുരാമാനം ബ്രാഞ്ച്‌ മാനേജരുടെ വണ്ടിയില്‍ മാഹി ബ്രാഞ്ചിലേയ്‌ക്ക്‌ മാറ്റിയത്‌. 

തലശ്ശേരി ബ്രാഞ്ചില്‍തന്നെ യൂണിയനില്‍ ചേര്‍ന്ന കൃഷ്‌ണജിത്ത്‌ എന്ന തൊഴിലാളിയെ ഒറ്റ ദിവസംകൊണ്ട്‌ ഡല്‍ഹി ബ്രാഞ്ചില്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെടുകയാണുണ്ടായതെന്ന്‌്‌ കൃഷ്‌ണജിത്ത്‌ ഗ്ലോബല്‍ മലയാളത്തോടു പറഞ്ഞു. 

തുച്ഛമായ ശമ്പളത്തില്‍ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ ശമ്പള വര്‍ധനവോ മറ്റാനുകൂല്യങ്ങളോ ആവശ്യപ്പെടാതെ അനധികൃതമായി സ്ഥലം മാറ്റുന്നത്‌ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ടാണ്‌ സമരം നടത്തുന്നത്‌. സമരം സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ തൊഴിലാളികള്‍.