Breaking News

Trending right now:
Description
 
Apr 13, 2013

കിക്ക്‌ ബോക്‌സിംങ്‌ ലോക ചാമ്പ്യന്‍ഷിപ്പിലേയ്‌ക്ക്‌ കേരളത്തില്‍നിന്നൊരു മിന്നുംതാരം

ജിജി ഷിബു
image ഇന്ത്യയ്‌ക്കുതന്നെ അത്ര പരിചിതമല്ലാത്ത കിക്ക്‌ ബോക്‌സിംഗില്‍ ലോകമത്സരത്തില്‍ പങ്കെടുക്കാന്‍ ആദ്യമായി കേരളത്തില്‍നിന്നൊരു താരം. കടലിന്റെ വിളികേട്ട്‌ വയനാടന്‍ ചുരമിറങ്ങി വന്ന മിഥുന്‍ ജിത്തെന്ന മറൈന്‍ എന്‍ജിനീയറാണ്‌ പുതിയ ഉയരങ്ങളിലേയ്‌ക്ക്‌ ഉറ്റുനോക്കുന്നത്‌. അടുത്ത മേയില്‍ ക്രൊയേഷ്യയില്‍ നടക്കുന്ന കിക്‌ ബോക്‌സിങ്ങ്‌ വേള്‍ഡ്‌ കപ്പ്‌ ചാമ്പ്യന്‍ഷിപ്പില്‍ മിഥുന്‍ പങ്കെടുക്കും. കരാട്ടെയില്‍ ഒറ്റക്കാലുകൊണ്ട്‌ ഒരു മിനിട്ടില്‍ 310 കിക്കെടുത്തു ഗിന്നസ്‌ വേള്‍ഡ്‌ റിക്കോര്‍ഡില്‍ സ്ഥാനം പിടിച്ച്‌ മിഥുന്‍ ജിത്ത്‌ ശ്രദ്ധനേടിയിരുന്നു.

കരാട്ടെയില്‍ പതിനേഴ്‌ തവണ ദേശീയ ചാമ്പ്യനായിരുന്നു മിഥുന്‍. ഇന്റര്‍നാഷണല്‍ മത്സരങ്ങളിലും വിജയിച്ച മിഥുന്റെ കരാട്ടെ സ്റ്റൈല്‍ കണ്ട്‌ തായ്‌ലന്‍ഡിലെ ഗോള്‍ഡന്‍ ഗ്ലോറി എന്ന ലോകപ്രശസ്‌തമായ കിക്ക്‌ബോക്‌സിംഗ്‌ സ്ഥാപനം പരിശീലനത്തിന്‌ ക്ഷണിക്കുകയായിരുന്നു. അന്താരാഷ്ട്ര ട്രെയിനര്‍മാരായ ബാസ്‌ബൂണ്‍, കോര്‍ഹര്‍മാസ്‌, മൈക്ക്‌ തുടങ്ങിയവരുടെ കീഴിലാണ്‌ ഗോള്‍ഡന്‍ ഗ്ലോറി ക്ലബില്‍ പരിശീലനം നേടിയത്‌. കെനോറിയൊ സ്‌റ്റെലാണ്‌ മിഥുന്റെ പ്രത്യേകത. ജോഫിന്‍ ലാലിന്റെ കോട്ടയത്തെ പ്രമുഖ ജിംനേഷ്യമായ ഫോര്‍ തെര്‍ട്ടീന്‍ എംഎംഎയിലാണ്‌ മിഥുന്‍ ഇപ്പോള്‍ പരിശീലിക്കുന്നത്‌. പന്ത്രണ്ടാമത്തെ വയസില്‍ കരാട്ടെ ബ്ലാക്ക്‌ ബെല്‍റ്റ്‌ നേടിയ മിഥുന്‍ ഷിഹാന്‍ ഗിരീഷ്‌ പെരുംത്തട്ടയുടെ കീഴിലാണ്‌ പരിശീലനം നേടിയത്‌.


ബോക്‌സിങ്ങിന്‌ സര്‍ക്കാര്‍ തലത്തില്‍ ഏറെ പ്രേത്സാഹനം ലഭിക്കുമ്പോള്‍ കിക്ക്‌ ബോക്‌സിങ്ങിന്‌ ഇന്ത്യയില്‍ അത്ര പിന്തുണ ലഭിക്കുന്നില്ല. മറ്റു രാജ്യങ്ങള്‍ ഈ കായികവിനോദത്തെ വളരെ വലിയ പിന്തുണ നല്‌കുമ്പോള്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ സംശയത്തോടെയാണ്‌ ഈ മത്സരത്തെ വീക്ഷിക്കുന്നത്‌. കിക്‌ ബോക്‌സിങ്ങ്‌ കരാട്ടെയുടെ വികസിത രൂപമാണ്‌. പ്രതിരോധത്തില്‍ ഊന്നിയുള്ള ഈ കളി ശരീരത്തിന്റെ ഫിറ്റ്‌നസിനും സഹായിക്കുന്നു. പ്രഫഷണല്‍ ഗെയിമായ കിക്‌ ബോക്‌സിങ്ങില്‍ റേറ്റ്‌ ചെയ്യപ്പെടുന്ന താരങ്ങള്‍ക്ക്‌ ലക്ഷങ്ങളാണ്‌ വില.

ഏറെ അപകട സാധ്യതയുള്ള ഈ കളിയിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ എത്തിയത്‌ കരാട്ടെയോടുള്ള അത്യധികമായ സ്‌നേഹംകൊണ്ടാണെന്ന്‌ മിഥുന്‍ വ്യക്തമാക്കി. കടലിനെ സ്‌നേഹിക്കുന്ന മിഥുന്‌ കരാട്ടെ കഴിഞ്ഞാല്‍ ഏറെ പ്രിയം കടലിന്റെ ഓളങ്ങളെ പ്രതിരോധിച്ച്‌ അജയനായി നില്‌ക്കുന്ന കപ്പലിനെയാണ്‌. അതുകൊണ്ട്‌ മറൈന്‍ എന്‍ജിനീയറിംഗ്‌ പ്രഫഷനാക്കുവാനാണ്‌ ആഗ്രഹം. എങ്കിലും വേള്‍ഡ്‌ കപ്പ്‌ ചാമ്പ്യന്‍ഷിപ്പ്‌ കളിയിലെ വിജയപരാജയങ്ങളെ അടിസ്ഥാനമാക്കി കിക്‌ ബോക്‌സിങ്ങ്‌ പ്രഫഷന്‍ ആക്കണോയെന്ന്‌ തീരുമാനിക്കുക എന്ന്‌ മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

 

ഗിരീഷ്‌ പെരുംത്തട്ട

ഇപ്രാവശ്യം ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്ന്‌ 13 പേരാണ്‌ പങ്കെടുക്കുന്നത്‌. ഡല്‍ഹിയില്‍ മെയ്‌ ഒന്നു മുതല്‍ പതിനഞ്ചുവരെ പരിശീലനം നടക്കും.

യുഎസ്‌ പൗരനായ റോള്‍ മേസയുടെ 281 കിക്കെന്ന വേള്‍ഡ്‌ റിക്കോര്‍ഡു തകര്‍ത്താണ്‌ 2011-ല്‍ മിഥുന്‍ ഗിന്നസ്‌ ബുക്കില്‍ കയറിയത്‌. മൂന്നു മിനുട്ട്‌കൊണ്ടു 608 എന്ന പുതിയ ഗിന്നസ്‌ റിക്കോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. വയനാടു സ്വദേശിയായ മിഥുന്‍ ജൂഡോ, റെസ്‌ലിങ്ങ്‌ തുടങ്ങിയ വിവിധ കളികളില്‍ പരിശീലനം നേടിയിട്ടുണ്ട്‌. തായമ്പക വിദഗ്‌ധനുമാണ്‌ മിഥുന്‍ ജിത്ത്‌. കവയിത്രിയ മേരി ലില്ലിയാണ്‌ മാതാവ്‌. സഹോദരന്‍ നിഥിന്‍ മര്‍ച്ചന്റ്‌ നേവിയില്‍ തേഡ്‌ ഓഫീസറാണ്‌.