Breaking News

Trending right now:
Description
 
Apr 13, 2013

തോണിമറിഞ്ഞിട്ടും കുലുങ്ങാത്ത കൃഷിമന്ത്രിയെ റിമോട്ട്‌ കാട്ടി പേടിപ്പിക്കല്ലേ!!

E.S. Gigimol
image "ഓണത്തിന്‌ ഒരു മുറം പച്ചക്കറി," "എല്ലാ വീട്ടിലും അടുക്കളത്തോട്ടം," "വീട്ടിലൊരു കോഴി, സ്‌കൂളിലൊരു മുട്ട" എന്നുതുടങ്ങി കഴിഞ്ഞ കാലത്ത്‌ കൃഷിമന്ത്രിമാര്‍ നടപ്പാക്കിയ പദ്ധതികള്‍ ആരെങ്കിലും ഓര്‍ത്തിരിക്കുന്നുണ്ടോ? ഹൈടെക്കായി ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ മന്ത്രിസഭ വീഴുമ്പോള്‍ ആ കൃഷിയോര്‍മകളും കൊഴിഞ്ഞുപോകും. എന്നാല്‍, നിത്യഹരിതമായ കാഴ്‌ചകള്‍, ഓര്‍മകള്‍ നിലനില്‍ക്കാന്‍ എന്താണ്‌ മാര്‍ഗം എന്ന്‌ ആലോചിച്ച്‌ കഴിഞ്ഞ കുറെ ദിവസമായി ഉറങ്ങാനും ഉണ്ണാനും എന്തിന്‌ കാലൊന്നു പൊക്കി കസര്‍ത്തുകാണിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന കൃഷിമന്ത്രി.

ആലോചന തന്നെ ആലോചന. എങ്ങനെ ആലോചിക്കാതിരിക്കും. വരുന്നത്‌ കര്‍ഷകന്‌ കണിയൊരുക്കുന്ന വിഷുവാണ്‌. വിഷുവും കൃഷിയും ടിവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ആലോചിച്ചിട്ട്‌ ഒരു എത്തുംപിടിയും കിട്ടാതിരിക്കുമ്പോഴാണ്‌ മന്ത്രി ടിവിയില്‍ കൃഷിദീപം പരിപാടി കാണുന്നത്‌. എത്രയെത്ര കോടികളാണ്‌ കൃഷി വികസനത്തിനായി ചെലവാക്കിയത്‌. എന്നിട്ടും ഏതെങ്കിലും ചാനല്‍ അതൊരു വാര്‍ത്തയാക്കിയോ? കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത കാര്‍ഷികപരിപാടിയില്‍ കൃഷിമന്ത്രി ഒരു പാളത്തൊപ്പി കര്‍ഷകനെ ഇന്റര്‍വ്യൂ ചെയ്‌തു. നിലവിളക്കു കൊളുത്തുന്നതിനു പകരം അഭിമുഖത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചത്‌ മുഖ്യമന്ത്രി. ഇത്ര അത്യപൂര്‍വ പദ്ധതി നടപ്പാക്കിയിട്ട്‌ നാട്ടുകാര്‍ ആരെങ്കിലും അതു കണ്ടോ? എന്തിന്‌ നമ്മുടെ എംഎല്‍എമാര്‍പോലും ഈ പുതുമയുള്ള പരിപാടി കണ്ടില്ലല്ലോ? ഇതെല്ലാം ഓര്‍ത്ത്‌ ഖിന്നനായിരിക്കുമ്പോഴാണ്‌ ലെവന്മാര്‍ക്കെല്ലാം ഒരു ടിവി കൊടുത്തുകളയാം എന്നൊരു പൂതി തോന്നിയത്‌.

കേരളത്തില്‍ കൃഷിയില്‍ താല്‌പര്യം കുറയാന്‍ കാരണമെന്താണ്‌? ദൂരദര്‍ശന്‍, പിന്നെ നമ്മുടെ സ്വന്തം ചാനലുകള്‍ എന്നു വേണ്ട എല്ലാ കുന്ത്രാണ്ടങ്ങളും പശു, പന്നി, വാത്ത എന്നുവേണ്ട ഈ ഭൂമിയിലെ സര്‍വചരാചരങ്ങളെയും ഭക്ഷ്യയോഗ്യമായി വളര്‍ത്താം എന്നതിനെക്കുറിച്ച്‌ അനുഭവ ചിത്രങ്ങളിലൂടെ ക്ലാസെടുക്കുന്നുണ്ട്‌. എന്നാല്‍, ഇതിനൊക്കെ ഫണ്ട്‌ അനുവദിക്കേണ്ട നമ്മുടെ എംഎല്‍എമാര്‍ കാണുന്നുണ്ടോയെന്ന്‌ കൃഷിമന്ത്രിയ്‌ക്ക്‌ ഒരു സംശയം. ആ സംശയത്തില്‍ നിന്നാണ്‌ സ്വന്തമായി ടിവി കൊടുത്താലെങ്കിലും എംഎല്‍എമാര്‍ കൃഷിദീപം പരിപാടി കാണുകയും അതിന്റെ ആവേശത്തില്‍ പച്ചക്കറികള്‍, ജാതിതൈകള്‍, വാഴകള്‍ എന്നിത്യാദികളെല്ലാം നട്ടുപിടിപ്പിച്ച്‌ കേരളം കാര്‍ഷികസമൃദ്ധിയിലേയ്‌ക്ക്‌ മാറുന്നത്‌ ഫ്രെയിം ബൈ ഫ്രെയിമായി നമ്മുടെ കൃഷിമന്ത്രി സ്വപ്‌നം കാണുന്നത്‌. അതൊരു തെറ്റാണോ സര്‍?

മുന്തിയ ഐപാഡ്‌ കൊടുത്തപ്പോള്‍ കാണാതിരുന്ന കുറ്റം കുഞ്ഞനൊരു ടിവി കൊടുത്തപ്പോള്‍ കാണുന്നതെന്ന്‌ അദ്ദേഹം ചോദിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌. എംഎല്‍എമാര്‍ക്ക്‌ ലാപ്‌ടോപ്‌ കൊടുത്തപ്പോഴും രണ്ടുകൈയും നീട്ടി സ്വീകരിച്ചത്‌ 140 സാമാജികരാണ്‌. അതായത്‌ നീണ്ടുവന്നത്‌ 280 കൈകള്‍. അതെല്ലാം ഇപ്പോള്‍ പരണയിലാണെന്നതിനെക്കുറിച്ച്‌ ആരും പരാതി പറയുന്നില്ലല്ലോ? ഇപ്പോള്‍, സമ്മാനം കിട്ടിയ എല്‍സിഡി ടിവിയില്‍ പുറംകാലുകൊണ്ട്‌ തൊഴിച്ച്‌ ഇല്ലാത്ത പിക്‌ചര്‍ ട്യൂബ്‌ പൊളിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷനേതാവിന്റെ ശ്രമത്തില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്‌ മോഹനന്‍ കര്‍ഷകോത്തമയ്‌ക്കു കാണാന്‍ കഴിയുക. വ്യവസായവകുപ്പ്‌ ഓരോരുത്തര്‍ക്കും അടിപൊളി ഐഫോണ്‍ കൊടുത്തപ്പോള്‍ ആരെങ്കിലും വേണ്ടെന്നു പറഞ്ഞോ? കൃഷിവകുപ്പ്‌ അല്‍പം ലാഭമുണ്ടാക്കിയപ്പോള്‍ അതിലൊരു വിഹിതം സഹപ്രവര്‍ത്തകര്‍ക്ക്‌ ഇരിക്കട്ടെ എന്നു കരുതിയ കൃഷിമന്ത്രി ഇപ്പോള്‍ സര്‍വത്ര കുറ്റക്കാരനായി. വരള്‍ച്ചയേയും എല്‍സിഡി ടിവിയേയും കൂട്ടിപ്പറയുന്നത്‌ എന്തിനാണ്‌? ഇരുപത്‌ ഇഞ്ച്‌ ടിവി തീരെ ചെറുതായി പോയെന്നും, കുറഞ്ഞത്‌ നാല്‍പ്പത്തെട്ട്‌ ഇഞ്ചെങ്കിലും വേണമായിരുന്നുവെന്നും രഹസ്യം പറയുന്നവര്‍ പദ്ധതിയെ കുറ്റം പറയുന്നതു ശരിയാണോ?

തോണി മറിഞ്ഞ്‌ തോട്ടില്‍ വീണിട്ടും കുലുങ്ങാതെ അരിവാള്‍ ആഞ്ഞുവീശി കൊയ്‌തുകയറിയ മന്ത്രിയെയാണ്‌ റിമോട്ട്‌ കാണിച്ച്‌ പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. ഈ തോണി അപകടത്തെക്കുറിച്ച്‌ ഏതെങ്കിലും ചാനല്‍ ചര്‍ച്ച നടത്തിയോ എന്ന്‌ എംഎല്‍എമാര്‍ അറിയേണ്ടേ? നടത്തിയിരുന്നെങ്കില്‍ ബജറ്റില്‍ "കൃഷിയ്‌ക്ക്‌ ഒരു തോണി" പദ്ധതി നടപ്പിലാക്കിയേനെ.

ഒരു പഞ്ചായത്തില്‍ 15,000 രൂപയില്‍ കുറയാത്ത പണത്തിന്റെ പച്ചക്കറി വിത്തുകളാണ്‌ കൃഷി വകുപ്പ്‌ നല്‌കിയത്‌. അങ്ങനെ 1000 പഞ്ചായത്തുകളില്‍ ഒരു ഒന്നൊന്നൊര കോടി ചില്വാനം മുടക്കി പച്ചക്കറി വ്യാപനം നടത്തി. ഈ വിത്ത്‌ മുളച്ചോ മുളയ്‌ക്കാന്‍ യോഗ്യമായ വിത്താണോ കൊടുത്തത്‌ എന്നൊക്കെ ഏതൊരു കൃഷിമന്ത്രിയ്‌ക്കും അറിയാന്‍ ആഗ്രഹമുണ്ട്‌. എന്നാല്‍ നാട്ടുകാര്‍ കമാന്ന്‌ മിണ്ടാതെ സര്‍ക്കാര്‍ കൊടുത്ത കുറ്റിപ്പയറും ക്യാരറ്റും തിന്ന്‌ മിണ്ടാണ്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ കര്‍ഷകകൂട്ടായ്‌മകള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വിത്താണ്‌ കേരളത്തില്‍ നാടുനീളെ കൊടുത്തതെന്ന്‌ അടക്കം പറയുന്നവരും കണ്ട്‌ കണ്ണുതള്ളിപ്പോകണം കേരളത്തിലെ കൃഷി എന്നു മന്ത്രിക്കു തോന്നിയാല്‍ അതില്‍ കുററം പറയണോ?

ഇനി കോഴിമുട്ടയുടെ കാര്യമോ. .. നമ്മുടെ മൃഗസംരക്ഷണ വകുപ്പ്‌ നല്‌കിയ കണക്ക്‌ പരിശോധിച്ചാല്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ കോടി രൂപയാണ്‌ ജനകീയാസൂത്രണത്തിലൂടെ കേരള സംസ്ഥാനത്ത്‌ ചെലവാക്കിയത്‌. എത്ര കോഴികള്‍ പറന്നുപോയി, എത്രയെണ്ണം മൃതിയടഞ്ഞു, എത്ര കോഴികള്‍ ജീവിച്ചിരിപ്പുണ്ട്‌, അവരില്‍ എത്രപേര്‍ സര്‍ക്കാര്‍ ഏല്‌പിച്ച മുട്ടയിടല്‍ കൃത്യമായി ചെയ്യുന്നുണ്ട്‌ എന്നിങ്ങനെ കണക്കുകള്‍ ആരും കാണാതെ പോകുന്നത്‌ ടിവിയില്ലാത്തതുകൊണ്ടാണ്‌. നാട്ടില്‍ കോഴി കിട്ടാത്ത വീട്ടമ്മമാര്‍ പഞ്ചായത്ത്‌ മെമ്പറെ ലൈവായി കേരളത്തിന്റെ സ്വന്തം വട്ടെഴുത്തില്‍ ചീത്തവിളിക്കുന്നത്‌ കേള്‍ക്കാന്‍ ഏത്‌ മന്ത്രിയും ആഗ്രഹിച്ചു പോകും.

കുട്ടനാട്ടില്‍ മങ്കൊമ്പ്‌ സ്വാമി ആവിഷ്‌കരിച്ച പദ്ധതി പ്രകാരം കോടികള്‍ മുടക്കി കരിങ്കല്‍കൃഷി നടത്തുന്ന കാര്യം നാട്ടുകാര്‍ കണ്‍കുളിര്‍ക്കേ കാണേണ്ടതാണ്‌. അതിനെക്കുറിച്ച്‌ എംഎല്‍എമാര്‍ക്ക്‌ അറിവില്ലാതെ പോകരുതെന്നും കൃഷിമന്ത്രി കരുതിയിട്ടുണ്ടാകും.

നെല്ല്‌, കപ്പ, കോഴി എന്നുവേണ്ട ഒരുമാതിരിപ്പെട്ട എല്ലാവിധ സാധനങ്ങളും കൃഷി വകുപ്പ്‌ നമ്മുടെ കര്‍ഷകര്‍ക്ക്‌ നല്‌കുന്നു. സൗജന്യമായി കിട്ടുന്നത്‌ മേടിക്കാനുള്ള ആവേശം നട്ടുകിളിര്‍പ്പിക്കാന്‍ കര്‍ഷകര്‍ കാണിക്കാത്തതിനാല്‍ ഒരു മണ്ഡലത്തില്‍ ഒരു ടിവി വച്ച്‌ കൃഷിക്കാരെ പേടിപ്പിക്കാം. നിങ്ങള്‍ വിത്ത്‌ അവിടെ കൊണ്ടിട്ടിരിക്കുന്നത്‌ എംഎല്‍എ കാണുന്നുണ്ട്‌ കേട്ടോ. അങ്ങനെ നാണിച്ച്‌ കൃഷിക്കാര്‍ തൂമ്പയും എടുത്ത്‌ പറമ്പിലേയ്‌ക്ക്‌ ഓടും. സിറ്റിയില്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ മന്ത്രി വിത്ത്‌ നട്ട്‌ കിളിര്‍പ്പിച്ച്‌ ചാക്കിലാക്കി വീട്ടിലെത്തിച്ചത്‌. ഒരു ചാക്കിന്‌ 20 രൂപ വൃക്തികള്‍ നല്‌കണം. 80 രൂപ സര്‍ക്കാര്‍ ഇടും. ഇപ്പോള്‍ തിരുവനന്തപുരത്തും കൊച്ചിയിലും പച്ചക്കറിയ്‌ക്ക്‌ കുത്തനെ വില കുറഞ്ഞു..... ഹോ ഈ കൃഷിമന്ത്രിയെ സമ്മതിക്കണം. പാവം ഇദ്ദേഹം നല്ല മന്ത്രിയാണെന്ന്‌ ഇനിയെങ്കിലും നാട്ടുകാര്‍ സമ്മതിച്ചു തരണം.