Breaking News

Trending right now:
Description
 
Apr 12, 2013

ഫൊക്കാന വനിതാ ഫോറം ന്യൂയോര്‍ക്ക് റീജിയന്റെ ഉദ്ഘാടനം നടത്തി

മാത്യു മൂലേച്ചേരില്‍
image


ക്വീന്‍സ്: അമ്മു നന്ദകുമാറിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടൊപ്പം ആരംഭിച്ച ചടങ്ങില്‍ ഫൊക്കാനയുടെ അഭ്യുദയകാംക്ഷിയായ ഡോ. എ.കെ.ബി പിള്ള വനിതകള്‍ക്കും, കുട്ടികള്‍ക്കുമെതിരായി കേരളത്തിലും, ലോകമെമ്പാടും നടക്കുന്ന അസമത്വത്തിനെതിരെയും, പീഡനങ്ങള്‍ക്കെതിരെയും സ്ത്രീകളെ ബോധവത്ക്കരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, ഇക്കാര്യങ്ങളില്‍ ഫൊക്കാന വിമന്‍സ് ഫോറം പോലുള്ള സംഘടനകളുടെ പ്രാധാന്യത്തെ പ്രതിപാദിക്കുന്ന 'സ്ത്രീ ശാക്തീകരണ കര്‍മ്മപരിപാടികള്‍' എന്ന പ്രമേയം അവതരിപ്പിച്ചു. ഫൊക്കാനയുടെ തുടക്കം മുതല്‍ സംഘടനയോടൊപ്പം അഭിവൃദ്ധിക്കായി നിലകൊള്ളുകയും, സ്ത്രീ ശാക്തീകരണത്തിനായി വിമന്‍സ് ഫോറങ്ങളും സിംപോസിയങ്ങളും സംഘടിപ്പിച്ചിട്ടുള്ളതുമായ പ്രൊ. ആനി കോശി, ഈ വിമന്‍സ് ഫോറം ഫൊക്കാനയുടെ പുനര്‍ജന്മമാണെന്ന് പ്രമേയത്തെ അനുകൂലിച്ചുകൊണ്ടു സംസാരിച്ചു.

പുരുഷന്മാര്‍ സ്ത്രീയുടെ നട്ടെല്ലാണ്, സ്ത്രീകള്‍ അവരുടെ ധര്‍മ്മം അറിഞ്ഞു എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഡോ. എന്‍.പി.ഷീല ഉദ്ബോധിപ്പിച്ചു. ഒരു കാലത്ത് ദേവിയായും, അമ്മയായും, സഹോദരിമാരായും സ്ത്രീകളെ കാണുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സമൂഹം കാലത്തിന്റെ പരിക്രമണത്തില്‍ എവിടെയോ പുരുഷ മേല്‍ക്കോയ്മ അവരുടെമേല്‍ അടിച്ചേല്പ്പിക്കുകയും, ഇന്നീ ആധുനീക നൂറ്റാണ്ടിലും സാമൂഹിക നീതി നിഷേധിക്കപ്പെട്ടു രണ്ടാംകിട പൗരന്മാരായി കഴിയുന്ന അവരെ കൈപിടിച്ചുയര്‍ത്തുവാന്‍ ഫൊക്കാന മുന്നിട്ടിറങ്ങുന്നതു കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഭ്യുദയകാംക്ഷിയും റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേറ്ററുമായ ആനി പോള്‍ പറഞ്ഞു.

ഒരു വനിതാ പ്രസിഡന്റ് ഫൊക്കാനയ്ക്കുണ്ടായതില്‍ അഭിമാനം ആണുള്ളതെന്നു ഈ യോഗത്തിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ലീലാ മാരാട്ട് പറഞ്ഞു. മറിയാമ്മ പിള്ള പ്രസിഡന്റായ കാലംമുതല്‍ സംഘടനയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുവാനായി ചെയ്യുന്ന വിവിധോന്മുഖമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ പ്രസംഗിച്ചു. എല്ലാ റീജിയനുകളിലും ഇതുപോലുള്ള വനിതാ ഫോറങ്ങള്‍ സംഘടിപ്പിക്കുവാനുള്ള മറിയാമ്മ പിള്ളയുടെ തീരുമാനം അനുമോദനീയമാണെന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു.

പ്രസിഡന്റ് മേരി ഫിലിപ്പ്, സെക്രട്ടറി ലൈസി അലക്സ്, ട്രഷറര്‍ ബാല വിനോദ്, വൈസ് പ്രസിഡന്റ് റജീനാ ജയിംസ്, ജൊയിന്റ് സെക്രട്ടറി ജയ കൊച്ചുകുടിയില്‍, മറ്റു കമ്മിറ്റി മെംബര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനുതകുന്ന ശില്പശാലകളും, ക്യാമ്പുകളും സംഘടിപ്പിക്കുമെന്നും കൂടുതല്‍ സ്ത്രീകളെ സംഘടയിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രസിഡന്റ് മേരി തോമസ് പറഞ്ഞു.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഐസക്ക്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ ശബരി നാദ്, ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ് അഡ്വ. വിനോദ് കേയാര്‍ക്കെ, മുന്‍ കേരള സമാജം നേതാവ് ജോണ്‍ പോള്‍, ലാന മെംബര്‍ നന്ദകുമാര്‍ ചാണയില്‍, ജയിംസ് എളംപുരേടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ന്യൂയോര്‍ക്കിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി നിരവധി സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ യോഗത്തിന്റെ മുഖ്യ സംഘാടക ലീലാ മാരേട്ടായിരുന്നു. രാവിലെ പത്തര മണിക്ക് തുടങ്ങിയ യോഗം ഉച്ചകഴിഞ്ഞ് ഒന്നരക്ക് അവസാനിച്ചു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധയിനം സെമിനാറുകള്‍ സംഘടിപ്പിക്കുവാനും അതിനാവശ്യകരമായ ധനശേഖരണം നടത്തുവാനും ന്യൂയോര്‍ക്ക് റീജിയന്‍ വനിതാഫോറം തീരുമാനിച്ചു.