Breaking News

Trending right now:
Description
 
Oct 03, 2012

മനസില്‍ ജീവിതദുരിതത്തിന്റെ പെരുമ്പറ, മുഖത്ത്‌ മായാത്ത പുഞ്ചിരി

മലയാളി നഴ്‌സുമാര്‍ക്ക്‌ ലോകമെങ്ങും പെരുമ, കേരളത്തില്‍ ആട്ടും തുപ്പും ഗ്ലോബല്‍ മലയാളം പരമ്പര - 2
image E.S. Gigimol

ഒരു ആശുപത്രി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നഴ്‌സുമാരുടെ അത്യാവശ്യമുണ്ടോ? ഈ ചോദ്യം പല ആശുപത്രി മാനേജ്‌മെന്റുകളോടു ചോദിച്ചാലും ഇതുവരെ ഉത്തരം "ഇല്ല" എന്നായിരുന്നു. ഡോക്ടര്‍മാരും സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും രോഗികളുമുണ്ടെങ്കില്‍ നഴ്‌സുമാര്‍ക്ക്‌ കാര്യമായ റോളൊന്നുമില്ലെന്ന തോന്നലായിരുന്നു പലര്‍ക്കും.

എവിടെനിന്നും എപ്പോഴും കിട്ടാവുന്ന നഴ്‌സുമാര്‍ പണി മുടക്കിയാല്‍ നൂറുകണക്കിനു പേരെ പകരം കിട്ടും എന്നതായിരുന്നു പലരുടെയും ചിന്ത. ജോലി പരിചയത്തിനായി കുറെനാള്‍ ജോലിനോക്കി വിദേശങ്ങളിലേയ്‌ക്കു പറക്കാന്‍ പാസ്‌പോര്‍ട്ടില്‍ മുറുകെപ്പിടിച്ചു കഴിയുന്നവരാണ്‌ പുതിയതായി വരുന്ന നഴ്‌സുമാര്‍ എന്നൊരു തോന്നല്‍ പൊതുവെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞ ശമ്പളവും സ്റ്റൈപ്പന്‍ഡും കൊടുത്താല്‍ മതി എന്നതൊരു പതിവായി. ബോണ്ട്‌ പോലെയുള്ള കാടന്‍ നടപടികള്‍ ഇവിടെ തുടരാന്‍ ഇടയാക്കിയതും ഇക്കാര്യം തന്നെ. സേവനത്തിന്റെ മാലാഖമാരായി വാഴ്‌ത്തിപ്പാടി അവരുടെ മാന്യമായ അവകാശങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കാനായിരുന്നു പല മാനേജ്‌മെന്റുകള്‍ക്കും താത്‌പര്യം.

ലക്ഷങ്ങളും കോടികളും നടത്തി നടത്തുന്ന ആശുപത്രികളില്‍ രോഗികള്‍ക്കു കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുന്നതിനു കാരണം നഴ്‌സുമാര്‍ക്കു നല്‌കുന്ന കുറഞ്ഞ വേതനമാണെന്നും സമൂഹവും ഇത്‌ അംഗീകരിക്കണമെന്നുമുള്ള രീതിയില്‍ സംസാരിക്കുന്നവരും കുറവല്ല. കേരളത്തിനു പുറത്ത്‌ കുറഞ്ഞ വേതനം എണ്ണായിരം രൂപയായിട്ടും കേരളത്തില്‍ മാത്രം രണ്ടായിരം മൂവായിരം അയ്യായിരം എന്ന രീതിയില്‍ ശമ്പളം മുരടിച്ചു നിന്നതിന്റെ കാരണവും ഇതൊക്കെയാണ്‌.

ജോലിദുരിതങ്ങള്‍ സഹിക്കുമ്പോഴും അവര്‍ കണ്ടത്‌ തങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നു. വിദേശ പണം സമ്പാദിക്കാനുള്ള എളുപ്പജോലിയായി നഴ്‌സിങ്ങ്‌ മേഖല മാറിയത്‌ 1980-കളുടെ ആരംഭത്തോടെയാണ്‌. പരമ്പരാഗത അക്കാദമിക്ക്‌ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക്‌ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്നപ്പോള്‍ നഴ്‌സുമാര്‍ നാട്ടിലെ താരങ്ങളായി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നഴ്‌സുമാര്‍ക്ക്‌ സാധ്യതകള്‍ വര്‍ധിച്ചതും യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‌കുന്ന മാന്യമായ ശമ്പളവും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെ കൂട്ടത്തോടെ നഴ്‌സിങ്ങ്‌ മേഖലയിലേയ്‌ക്ക്‌ ആകര്‍ഷിച്ചു.

എന്നാല്‍, എല്ലാവരും നഴ്‌സുമാരായില്ല. എന്‍ട്രന്‍സും മാര്‍ക്കും നോക്കി വിലയിരുത്തി ഏറ്റവും യോഗ്യതയുള്ളവര്‍ മാത്രം നഴ്‌സായപ്പോള്‍ അവര്‍ക്ക്‌ തൊഴിലവസരങ്ങള്‍ ലഭിച്ചിരുന്നു. മെഡിക്കല്‍ ജോലിയുടേതായ ഒഴിച്ചുകൂടാനാവാത്ത കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായപ്പോഴും ഇവര്‍ ഇതിനെ അതിജീവിച്ചത്‌ വിദേശത്തും മറ്റും കിട്ടാന്‍ സാധ്യതയുള്ള നല്ല ശമ്പളത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്‌.

കേരളത്തില്‍ നഴ്‌സിങ്ങ്‌ അഡ്‌മിഷന്‍ ലഭിക്കാത്തവര്‍ മാനവിക വിഷയങ്ങള്‍ പോലും എടുത്തു പഠിച്ചവര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ നഴ്‌സിങ്ങ്‌ ഡിഗ്രി സമ്പാദിച്ച്‌ വിദേശത്തേയ്‌ക്ക്‌ പറന്നു. സ്വകാര്യ മേഖലയിലേയ്‌ക്ക്‌ നഴ്‌സിങ്ങ്‌ വിദ്യാഭ്യാസം ഒരു കൊയ്‌ത്തുകാലമായി മാറി. അഭിരുചിയുള്ളവരും ഇല്ലാത്തവരും വിദേശപണം കൊതിച്ച്‌ നഴ്‌സുമാരാകുവാന്‍ ഇറങ്ങി തിരിച്ചതോടെ ആ മേഖലയിലെ ചൂഷണം ഒരു കലയായി മാറ്റുവാന്‍ മാനേജ്‌മെന്റുകള്‍ക്കും സാധിച്ചു.

ബോണ്ട്‌ വ്യവസ്ഥയുടെ പേരില്‍ പണം കൊടുക്കാതെ ഇവരെ പണിയെടുപ്പിക്കുന്നതില്‍ ഒരു മാനേജ്‌മെന്റിനും കുറ്റബോധം തോന്നിയില്ല. ബോണ്ട്‌ വ്യവസ്ഥയില്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ പ്രതികരിക്കാന്‍ അറച്ചുനിന്നു അതല്ലെങ്കില്‍ പേടിച്ചു.

ഇന്ന്‌ സിംഗപ്പൂരില്‍ വലിയൊരു ഹോസ്‌പിറ്റലിലില്‍ ജോലി ചെയ്യുന്ന സാലി പറഞ്ഞ സംഭവം ആരുടെ ഹൃദയത്തെയും തകര്‍ത്ത്‌ കളയും. തീര്‍ത്തും പാവപ്പെട്ട കുടുംബത്തിലെ ഒരംഗമായിരുന്നു സാലി. മൂന്നു മക്കള്‍ അതില്‍ മൂത്തയാളായിരുന്നു സാലി. കിട്ടാവുന്നിടത്തുനിന്നെല്ലാം പണം വാങ്ങിയാണ്‌ സാലിയെ മാതാപിതാക്കള്‍ പഠിപ്പിച്ചത്‌. ചെറിയൊരു ബിസിനസ്‌ സ്ഥാപനം നടത്തിയിരുന്ന അച്ഛന്റെ ബിസിനസ്സ്‌ കൂടി നഷ്ടമായതോടെ ഈ കുടുംബത്തിന്റെ പ്രതീക്ഷ സ്വാഭാവികമായി സാലിയില്‍ ആയി.

പലയിടത്തും ജോലിക്കായി അലഞ്ഞ സാലിക്ക്‌ സര്‍ട്ടിഫിക്കറ്റും മറ്റും ബോണ്ടിന്റെ പേരില്‍ ആശുപത്രിക്കാര്‍ വാങ്ങിവച്ചിരിക്കുകയായിരുന്നു. കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ തന്റെ ആവശ്യങ്ങള്‍ മാറ്റി വച്ച്‌ വീട്ടിലേയ്‌ക്ക്‌ പണം അയച്ചു. നല്ല ഭക്ഷണം കഴിക്കാതെ ആരോഗ്യവും ജോലിയുടേതായ മാനസികപീഡനവും സഹിക്കാനാവാതെ മരണത്തെക്കുറിച്ച ചിന്തിക്കുമ്പോള്‍ പോലും രോഗികളുടെ മുന്നില്‍ പുഞ്ചിരിയോടെ അവരുടെ വേദനകള്‍ കേട്ടു.

ആയിടയ്‌ക്കാണ്‌ സിംഗപ്പൂരിലേയ്‌ക്ക്‌ പോകുവാനുള്ള ഒരവസരം സാലിക്ക്‌ ഒത്തുകിട്ടിയത്‌. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടു എന്ന സന്തോഷത്തില്‍ മതിമറന്ന്‌ അവള്‍ ഹോസ്‌പിറ്റല്‍ മാനേജരുടെ മുമ്പിലേയ്‌ക്ക്‌ ഓടി. തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെത്തരണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. ബോണ്ട്‌ തീരുവാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂവെന്നതായിരുന്നു സാലിയുടെ ആശ്വാസം.

എന്നാല്‍, മാനേജര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കാന്‍ വിസമതിച്ചു. കരഞ്ഞ്‌ കാലുപിടിച്ചപ്പോള്‍ ഒരു വഷളന്‍ ചിരിയോടെ മാനേജര്‍ വളച്ചൊടിക്കാതെ കാര്യം പറഞ്ഞു. വഴങ്ങിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‌കണം. ഒരു ഗതിയും ഇല്ലാത്ത സാലിക്ക്‌ പണം നല്‌കുന്നതിനെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കാനാകുമായിരുന്നില്ല.

ഇന്ന്‌, വീട്ടുകാരുടെ കടങ്ങള്‍ വീട്ടി, സഹോദരിമാരെ നല്ലനിലയില്‍ വിവാഹം കഴിപ്പിച്ചയച്ചു. നഴ്‌സുമാര്‍ക്ക്‌ അക്കാലത്ത്‌ നല്ലൊരു സംഘടനയുണ്ടായിരുന്നുവെങ്കില്‍ മാനേജരുടെ മുഖത്തു നോക്കി നല്ലൊരു ആട്ടും കരണംപൊട്ടുന്നൊരു അടിയും കൊടുത്തേനെയെന്ന്‌ സാലി പറയുന്നു.

ഒരു ഹോസ്‌പിറ്റലിന്റെ ജീവനാഡി ഡോക്ടര്‍മാരാണ്‌. അതില്‍ തര്‍ക്കമില്ല. രോഗം നിര്‍ണയിച്ച്‌ മരുന്ന്‌ നല്‌കുന്ന ഡോക്ടറുടെ പ്രാഗല്‌ഭ്യം ഹോസ്‌പിറ്റലിന്റെ പ്രശസ്‌തിയുടെ അടിസ്ഥാനശിലയാണ്‌. എന്നാല്‍, ഹോസ്‌പിറ്റലിന്റെ ആത്മാവാണ്‌ നഴ്‌സുമാര്‍. ഒരു ഹോസ്‌പിറ്റലിനെ രോഗികള്‍ വിലയിരുത്തുന്നത്‌ നഴ്‌സുമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നാണ്‌. എന്നാല്‍ ഈ ആത്മാവും തലച്ചോറും തമ്മിലുള്ള ബന്ധം ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ സാലറിയുടെ കാര്യത്തില്‍ നോക്കാറില്ല.

സാധാരണ ഒരു എംബിബിഎസ്‌ ഡോക്ടറിന്‌ പോലും മിനിമം 42000 - 60000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ ഒരു നഴ്‌സിന്‌ നല്‌കുന്നത്‌ 2500-5000 രൂപയാണ്‌. സ്‌പെഷ്യലൈസ്‌ ചെയ്‌ത ഡോക്ടര്‍മാര്‍ക്ക്‌ ലഭിക്കുന്ന സാലറി അവര്‍ നിശ്ചയിക്കുന്നതാണ്‌. നാലും അഞ്ചും ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടര്‍മാര്‍ കേരളത്തില്‍ കുറവല്ല. ഒരു ആശുപത്രിയിലെ ആകെ ചെലവിന്റെ 80% ഡോക്ടര്‍മാര്‍ക്ക്‌ ശമ്പളമായി നല്‌കുമ്പോള്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാം ജീവനക്കാര്‍ക്കുകൂടി ലഭിക്കുന്നത്‌ വെറും പത്ത്‌ ശതമാനം മാത്രമാണ്‌.

മൂന്നുവര്‍ഷം അറേബ്യന്‍ ഗള്‍ഫില്‍ പണിയെടുത്തതിനു ശേഷം ചില സാങ്കേതിക കാരണങ്ങളാലാണ്‌ രവിക്ക്‌ നാട്ടിലേയ്‌ക്ക്‌ മടങ്ങേണ്ടി വന്നത്‌. അങ്ങനെ അഞ്ചുവര്‍ഷത്തെ തൊഴില്‍പരിചയവുമായി നാട്ടിലെ ഒരു ആശുപത്രിയില്‍ ജോലി ലഭിച്ചു. വെറും 2500 രൂപയായിരുന്നു ശമ്പളം.

തൊഴിലുറപ്പുകാര്‍ക്ക്‌ പോലും മിനിമം 162 രൂപ ദിവസം സര്‍ക്കാര്‍ നല്‌കുമ്പോഴാണ്‌ നാലും അഞ്ചും വര്‍ഷം പഠിച്ച്‌ പ്രഫഷണല്‍ ഡിഗ്രി എടുത്ത്‌ പുറത്തിറങ്ങുന്ന ഒരു നഴ്‌സിന്‌ മിനിമം സാലറി ലഭിക്കുന്നില്ലെങ്കില്‍ ഒരു ദിവസം ലഭിക്കുന്നത്‌ വെറും മുപ്പതോ നാല്‌പതോ രൂപ. മിനിമം സാലറിയുണ്ടെങ്കില്‍ കിട്ടുന്നത്‌ 150 അല്ലെങ്കില്‍ 200 രൂപ.

ഡോക്ടര്‍ രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ ആ രോഗിയുടെ പൂര്‍ണഉത്തരവാദിത്വം പിന്നെ നഴ്‌സിന്റെ കൈയിലാണ്‌. പലര്‍ക്കും 8 മുതല്‍ 14 മണിക്കൂര്‍ ഡ്യൂട്ടിയാണ്‌ ചെയ്യേണ്ടത്‌. ഐസിയുവിലും മറ്റും പണിയെടുക്കുന്ന നഴ്‌സുമാര്‍ മാനസികസമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ നില്‌ക്കുന്നത്‌ പറയാം. ജോലി സമയം കഴിഞ്ഞ്‌ ഓവര്‍ടൈം ചെയ്‌തതിന്റെ പേരില്‍ ആര്‍ക്കും ഒരു രൂപ കൂടുതല്‍ കൊടുക്കാന്‍ മാനേജ്‌മെന്റ്‌ തയാറാകില്ല.

ഡ്യൂട്ടി സമയം ഒന്നരയ്‌ക്ക്‌ തീര്‍ന്നുവെന്ന്‌ കരുതിയാണ്‌ നീനയെ വിളിച്ചത്‌. ഇറങ്ങാന്‍ നേരത്താണ്‌ ഒരു ആക്‌സിഡന്റ്‌ കേസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. എട്ടോളം പേര്‍ അത്യാഹിതവിഭാഗത്തില്‍ എത്തിയതോടെ നീനയ്‌ക്ക്‌ തിരിച്ച്‌ ഡ്യൂട്ടിയില്‍ കയറേണ്ടി വന്നു. ഡോക്ടര്‍മാര്‍ പത്തോം പതിനഞ്ചോ മിനിട്ട്‌ ഒരു രോഗിയെ നോക്കി നഴ്‌സിന്റെ കൈയില്‍ ഏല്‍പ്പിക്കുമ്പോള്‍ ശമ്പളമില്ലാത്ത ജോലിയാണ്‌ താന്‍ ചെയ്യുന്നതെന്ന കാര്യം പലപ്പോഴും നഴ്‌സുമാര്‍ മറന്നു പോകും. ആഹാരംപോലും കഴിക്കാതെ മണിക്കൂറോളം ജോലിയെടുക്കുമ്പോള്‍ പലരും തളര്‍ന്നു പോയിരിക്കും. വാര്‍ഡുകളില്‍ രോഗിയുടെ മാത്രമല്ല കൂട്ടിരുപ്പുകാരുടെയും മാനസികസമര്‍ദ്ദങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടി വരേണ്ടത്‌ നഴ്‌സുമാരാണ്‌.

കുറഞ്ഞ വേതനത്തിന്‌ പണിയെടുക്കുമ്പോഴും അവരുടെ പ്രതീക്ഷ എന്നെങ്കിലും വിദേശത്ത്‌ പോകാം എന്നതാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതോടെ ആ പ്രതീക്ഷയും കുറഞ്ഞു.

അതിനെക്കുറിച്ച്‌ നാളെ.

നഴ്‌സുമാര്‍ കൂട്ട ആത്മഹത്യയിലേയ്‌ക്കോ?