Breaking News

Trending right now:
Description
 
Apr 10, 2013

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.

മാത്യു മൂലേച്ചേരില്‍
image ഗ്രീന്‍ബര്‍ഗ്ഗ്:വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2013-ലെ പ്രവര്‍ത്തനോദ്ഘാടനം ഈസ്റ്റര്‍ വിഷു ഫാമിലി നൈറ്റ് മുതലായ ആഘോഷങ്ങളോടനുബന്ധിച്ച് ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസില്‍ വച്ച് ഏപ്രില്‍ 5 - ന് നടത്തി.പ്രസിഡന്റ് ജൊയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മാര്‍ തീത്തോസ് തിരുമേനി ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള വെസ്റ്റ് ചെസ്റ്റര്‍ ബോര്‍ഡ് ഓഫ് ലെജിസ്ലേറ്റര്‍ ചെയര്‍മാന്‍ കെന്‍ ജെങ്കിന്‍സ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.

ജെനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്റെ ആമുഖ പ്രസംഗത്തോടുകൂടി തുടങ്ങിയ പരിപാടികളില്‍ ജെസ്സി ഇട്ടന്‍ എലിസബേത്ത് ഇട്ടന്‍ എന്നിവര്‍ ദേശീയ ഗാനം ആലപിക്കുകയും പ്രസിഡന്റ് ജൊയി ഇട്ടന്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ 38 വര്‍ഷങ്ങളായി വെസ്റ്റ് ചെസ്റ്റര്‍ മലയാളികളുടെ കലാസാംസ്കാരിക രംഗത്തു നിറ ദീപമായി നിലകൊള്ളുകയും അവരുടെ പ്രവാസി ജീവിതത്തില്‍ ഒരു തുണയായി കൂടെയിരിക്കുകയും ചെയ്തിട്ടുള്ള വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്നോട്ടുള്ള വര്‍ഷങ്ങളിലും വീഴ്ച്ചയില്ലാതുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുമെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. 

അഭിവന്ദ്യ തീത്തോസ് തിരുമേനി നിലവിളക്കു തെളിയിച്ച് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.വിഭിന്ന സംസ്കാരങ്ങളുടെ കലവറയായ അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ യുവതലമുറയിലേക്ക് മലയാളി സംസ്കാര പൈതൃകം പകര്‍ന്നു കൊടുക്കുന്നതില്‍ എന്നും മുന്നിട്ടു നിന്നിട്ടുള്ള വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഭാവിയിലും ഇതുപോലെ അനുഗൃഹീതമായി പ്രവര്‍ത്തിക്കുവാന്‍ ആവശ്യകരമായ നന്മകള്‍ നല്‍കി ദൈവം അനുഗ്രഹിക്കട്ടേയെന്നും തന്റെ ഈസ്റ്റര്‍ മെസ്സേജില്‍ അദ്ദേഹം പറഞ്ഞു. 

വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസി മലയാളികളായ നാം വര്‍ദ്ധിച്ച സ്നേഹത്തോടും സാഹോദര്യത്വത്തോടും കൂട്ടായ്മയോടും കൂടി ജീവിക്കുകയും സഹവര്‍ത്തിക്കുകയും ചെയ്യുന്നത് മതവൈരത്താല്‍ പൊറുതിമുട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ കേരള നാട്ടിലെ എല്ലാ ജനങ്ങളും കണ്ടു പഠിക്കേണ്ട ഒന്നു തന്നെയാണെന്ന് ഈ വര്‍ഷത്തെ വിഷു മെസ്സേജില്‍ക്കൂടെ നായര്‍ ബനവലന്റ് അസോസിയേഷന്‍ ചയര്‍മാന്‍ ഡോ. അശോക് കുമാര്‍ ഉദ്ബോധിപ്പിച്ചു.

 ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ തോമസ് കോശി വെസ്റ്റ് ചെസ്റ്റര്‍ ബോര്‍ഡ് ഓഫ് ലെജിസ്ലേറ്റര്‍ ചെയര്‍മാന്‍ കെന്‍ ജെങ്കിന്‍സിനെ വേദിയില്‍ പരിചയപ്പെടുത്തി. വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ മലയാളികള്‍ക്കും കൂടാതെ വെസ്റ്റ് ചെസ്റ്റര്‍ കമ്മ്യൂണിറ്റിക്കും എന്നും ക്രീയാത്മകമായ നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെടേണ്ടത് തന്നെയാണെന്ന് അസോസിയേഷന് സര്‍ട്ടിഫിക്കേറ്റ് ഒഫ് അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചുകൊണ്ട് കെന്‍ ജെങ്കിന്‍സ് പറഞ്ഞു. 

ഈവര്‍ഷത്തെ കുടുബസംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമാണുള്ളതെന്ന് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ളയും ഇത്രയധികം ജനങ്ങള്‍ ഈ പരിപാടിയിലേക്ക് കടന്നു വന്നതില്‍ നിന്നും അവരുടെ മനസ്സില്‍ അസോസിയേഷനുള്ള സ്ഥാനം എന്താണെന്നു ഇതില്‍ക്കൂടി മനസ്സിലാക്കുവാന്‍ സാധിക്കുമെന്നു ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസും അഭിപ്രായപ്പെട്ടു. 

ലിസാ ജോസഫിന്റെ നേതൃത്തിലുള്ള നാട്യ മുദ്ര ഓഫ് വെസ്റ്റ് ചെസ്റ്ററിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ബിന്ദാ പ്രസാദ് ടീമിന്റെ നൃത്തങ്ങളും തഹസില്‍ ശബരി നാദ് പാര്‍ത്ഥസാരഥി പിള്ള അലക്സ് മുണ്ടക്കല്‍ നികിള്‍ ബില്ലി രാമദാസ് കൊച്ചുപറമ്പില്‍ മുതലായവരുടെ ഗാനങ്ങളും ചടങ്ങ് മധുരോത്തരമാക്കുവാനും വര്‍ണ്ണാഭയേകുവാനും ഇടയാക്കി.കെ.ജെ. ഗ്രിഗറി രത്നമ്മ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വിഷുക്കണി എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു.രാജന്‍ ടി. ജേക്കബിന്റെ നേതൃത്വത്തില്‍ റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. 

ഗണേഷ് നായരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വെബ് സൈറ്റ് ഫൊക്കാന ജെനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ ഭാവിക്കും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ വെബ്സൈറ്റ് ഒരു മുതല്‍ക്കൂട്ടു തന്നെയായിരിക്കുമെന്നു തത് അവസരത്തില്‍ വൈസ് പ്രസിഡന്റ് രാജന്‍ ടി. ജേക്കബ് പറഞ്ഞു. 

ഇത്രയധികം ആളുകളും മനോഹരമായ പ്രോഗ്രാമുകളുമുള്ള ഒരു ഫാമിലി നൈറ്റ് അസോസിയേഷന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. ഇത് കോര്‍ഡിനേറ്റ് ചെയ്ത ഗണേഷ് നായര്‍ എം.വി. കുര്യന്‍ ലീന ആലപ്പാട്ട് എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു തന്റെ നന്ദി പ്രകാശനത്തില്‍ ട്രഷറര്‍ കരൂര്‍ രാജന്‍ പറഞ്ഞു. 

 ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഐസക്ക്ട്ര സ്റ്റീ ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ ഫോമ റീജിയണല്‍ പ്രസിഡന്റ് എ. വി. വര്‍ഗീ ജൊയിന്റ് സെക്രട്ടറി വര്‍ഗീസ് തൈക്കൂട്ടം കൊച്ചുമ്മന്‍ ടി. ജേക്കബ്ജെ . മാത്യൂസ് എം.വി. കുര്യന്‍ സുരേന്ദ്രന്‍ നായര്‍ കെ.ജി ജനാര്‍ദ്ദനന്‍ കെ.കെ. ജോണ്‍സണ്‍ രാജ് തോമസ് കുര്യാക്കോസ് വര്‍ഗീസ് ബിനു വര്‍ഗീസ് രത്നമ്മ രാജന്‍ ജോണ്‍ കെ. മാത്യു കെ.ജി ഗ്രിഗറി എം.വി ചാക്കോ ഡോ. ഫിലിപ്പ് ജോര്‍ജ്ജ് എന്നിവര്‍ അനുമോദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 

ഈ ഫാമിലി നൈറ്റില്‍ പങ്കെടുത്ത മറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ സാമുദായിക നേതാക്കള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും പ്രസിഡന്റ് ജൊയി ഇട്ടനും സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും ആശംസകള്‍ നേരുന്നു.