Breaking News

Trending right now:
Description
 
Apr 10, 2013

ആനവണ്ടിയെക്കുറിച്ച്‌ പരാതി പറഞ്ഞപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയുടെ മറുപടിയായി കിട്ടിയത്‌ വട്ടെഴുത്ത്‌

Jenatte Binoy
image മലയാള ഭരണഭാഷ മലയാളമാണോ അതോ വട്ടെഴുത്താണോ? ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിയുടെ ഓഫീസില്‍നിന്നും 34342-1424910-19 എന്ന നമ്പരില്‍ ഇ-പോസ്‌റ്റ്‌ ആയി അയച്ച കത്തുകണ്ടാല്‍ ആര്‍ക്കും ഈ സംശയം തോന്നും. ലിപി മാറിപ്പോയതാണെന്ന്‌ ഉത്തരം പറയാമെങ്കിലും ഒന്നു വായിച്ചു നോക്കുക പോലും ചെയ്യാതെയാണോ സര്‍ക്കാരിന്റെ ഔദ്യോഗികമുദ്രയോടുകൂടിയ കത്ത്‌ അയയ്‌ക്കുന്നതെന്ന്‌ അറിയുമ്പോള്‍ ആരും മൂക്കത്തു വിരല്‍വച്ചുപോകും.

കുറെ ദിവസങ്ങള്‍ക്കു മുമ്പ്‌ മൂവാറ്റുപുഴ - എറണാകുളം റൂട്ടിലോടുന്ന കെ.എസ്‌.ആര്‍.ടി.സി ബസില്‍ കയറിയ യാത്രക്കാര്‍ക്കുണ്ടായ ദുരിതം ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അറിയിക്കാന്‍ യാത്രക്കാര്‍ അയച്ച കത്തിന്‌ മറുപടിയായാണ്‌ വട്ടെഴുത്തില്‍ മറുപടി ലഭിച്ചത്‌. ഫെയര്‍‌സ്റ്റേജ്‌ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ വഴിയില്‍ പണിമുടക്കിയപ്പോള്‍ അതുവഴി വന്ന എസി ലോ ഫ്‌ളോര്‍ ബസില്‍ എല്ലാവരും തിക്കിക്കയറി. അപ്പോഴാണ്‌ ഇടിവെട്ടിയപോലെ കണ്ടക്ടറുടെ അറിയിപ്പ്‌ വന്നത്‌. മുഴുവന്‍ ചാര്‍ജും എടുത്താലേ യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്ന കടുംപിടുത്തത്തിനു മുന്നില്‍ വഴങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. 48 രൂപ അധിക ചാര്‍ജ്‌ കൊടുത്ത്‌ എല്ലാവരും എറണാകുളം വരെ യാത്ര ചെയ്‌തു.

സാധാരണഗതിയില്‍ വഴിയില്‍ യാത്ര മുടങ്ങിയാല്‍ സ്വന്തം ചെലവില്‍ യാത്രക്കാരെ എത്തിക്കുന്നതാണ്‌ ലോകമെങ്ങുമുള്ള ഗതാഗതകമ്പനികളുടെ രീതി. എയര്‍ലൈനും ട്രെയിനുമെല്ലാം ഈ രീതി തുടരുന്നു. എന്നിട്ടും, ട്രാന്‍സ്‌പോര്‍ട്ടിന്റെ കുത്തകയായ റൂട്ടില്‍ യാത്രക്കാര്‍ക്കു നേരെയുണ്ടായ അവഗണന അറിയിച്ച്‌ അധികം ഈടാക്കിയ തുക മടക്കി നല്‌കണമെന്ന്‌ ആവശ്യപ്പെട്ട കത്തിനാണ്‌ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ വട്ടെഴുത്തില്‍ മറുപടി കിട്ടിയത്‌. വിചിത്രമായ ഒരു ഇംഗ്ലീഷ്‌ വാചകം മാത്രം വായിച്ചെടുക്കാം. അത്‌ ഇങ്ങനെയാണ്‌ : Pleaserequesting and for return-take high bus charge-regardin.

മന്ത്രിയുടെ മറുപടി യുടെ ലിപി വായിച്ചറിയാന്‍ സാധിക്കുന്നില്ലാത്തതിനാല്‍ പരിഭാഷ അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യാത്രക്കാര്‍ വീണ്ടും കത്തയച്ച്‌ കാത്തിരിക്കുകയാണ്‌.