Breaking News

Trending right now:
Description
 
Apr 10, 2013

വരൂ, അല്‌പം ഹിപ്പോക്രാസ്‌ കഴിക്കാം!

Seema Suresh
image ഹിപ്പോക്രാസ്‌ - എന്താ പേരു കേട്ട്‌ അമ്പരന്നോ? ഭയക്കേണ്ടതില്ല. ലോകപ്രസിദ്ധമായ ഒരു വീഞ്ഞാണ്‌ ഹിപ്പോക്രാസ്‌. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വീഞ്ഞില്‍നിന്നു തയാറാക്കുന്ന ഒരു പാനീയം. ധാരാളം സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടാകും, പ്രത്യേകിച്ച്‌ കറുവ. പ്രസിദ്ധ ഗ്രീക്ക്‌ വൈദ്യശാസ്‌ത്രജ്ഞനായിരുന്ന ഹിപ്പോക്രാറ്റസ്‌ ആണ്‌ ഈ വീഞ്ഞ്‌ കണ്ടെത്തിയത്‌. അങ്ങനെയാണ്‌ ഇതിന്‌ ഈ പേരു കിട്ടിയതും. അക്കാലത്ത്‌ സുഗന്ധവിളകള്‍ ചേര്‍ത്ത വീഞ്ഞ്‌ തയാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും റോമാക്കാര്‍ മുന്‍പന്തിയിലായിരുന്നു. 

പഞ്ചസാരയും സുഗന്ധവിളകളും ചേര്‍ത്താണ്‌ അക്കാലത്ത്‌ വിവിധതരം വീഞ്ഞുകള്‍ തയാറാക്കിയിരുന്നത്‌. പഞ്ചസാരയ്‌ക്ക്‌ ഒരു ഔഷധത്തിന്റെ സ്ഥാനമാണ്‌ കല്‍പ്പിച്ചിരുന്നത്‌. സുഗന്ധവിളകളായ കറുവ, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക്‌ എന്നിവ വേറെയും. മദ്യപിച്ച്‌ ലക്കുകെടുക എന്നതായിരുന്നില്ല വീഞ്ഞുകളുടെ അന്നത്തെ ഉപയോഗം. ഔഷധമേന്മകളുടെ കലവറയായാണ്‌ അവയെ കണ്ടിരുന്നത്‌. ദഹനസഹായി എന്ന നിലയ്‌ക്ക്‌ ഡോക്ടര്‍മാര്‍ അത്‌ ശിപാര്‍ശ ചെയ്യുകയും പതിവായിരുന്നു.

പുതിയ വ്യാപാരനാമങ്ങളിലുള്ള പുത്തന്‍ ഇനം വീഞ്ഞുകള്‍ രംഗപ്രവേശം ചെയ്‌തതോടെ ഹിപ്പോക്രാസിന്റെ പ്രാധാന്യം തെല്ലു കുറഞ്ഞു എന്നത്‌ വാസ്‌തവം. എങ്കിലും യൂറോപ്പില്‍ പലയിടത്തും ഇന്ന്‌ ഹിപ്പോക്രാസിന്‌ ആരാധകര്‍ ഏറി വരുന്നു. തയാറാക്കുന്നതിലെ ലാളിത്യവും സ്വാദും ഔഷധഗുണവും ഒക്കെയാവണം ഹിപ്പോക്രാസിന്റെ പുനര്‍ജന്മത്തിന്‌ നിദാം എന്ന്‌ ആരാധകര്‍ കരുതുന്നു.

കറുവയും ഇഞ്ചിയും മാത്രമേ ഇതില്‍ നിര്‍ബന്ധചേരുവകളായൂള്ളൂ. കുരുമുളകും ഗ്രാമ്പൂവും ജാതിപത്രിയും ഏലവും ലഭ്യതയനുസരിച്ച്‌ മതി. തേനോ പഞ്ചസാരയോ വേണം. തയാറാക്കി ഒരു മാസമെങ്കിലും കഴിയാതെ ഹിപ്പോക്രാസ്‌ ഉപയോഗിക്കരുത്‌. കുപ്പിയില്‍ ശുചിയായി അടച്ചുവച്ചാലോ വര്‍ഷങ്ങളോളം ഭദ്രം.