
അര്‍ബുദ ചികിത്സയ്ക്ക് പാമ്പിന്‍വിഷം ഫലപ്രദമാണെന്ന് യുകെയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. പാമ്പ്, പല്ലി എന്നിവയുടെ വിഷത്തെ വിഘടിപ്പിച്ചാണ് മരുന്നിന് ആവശ്യമായ തന്മാത്രാഘടകം വേര്‍തിരിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കും പാമ്പിന്‍വിഷം ഉപയോഗിക്കാനാവും. ഇരകളുടെ ശരീരത്തിലെ ജൈവ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ശേഷിയുള്ള മാരക വിഷ തന്മാത്രകളാണ് പാമ്പിന് വിഷത്തിലുള്ളത്. രക്തം കട്ടിയാകുന്നതും നാഡീജരമ്പുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതും മരണത്തിലേക്കു നയിക്കുന്നതും ഈ വിഷ തന്മാത്രകളാണ്. ഇവയുടെ വിഷസ്വഭാവം നിലനിര്‍ത്തി ഘടകങ്ങളെ വേര്‍തിരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ഗവേഷകരെ ഇത്രനാള്‍ ഈ പരീക്ഷണത്തില്‍നിന്നു പിന്തിരിപ്പിച്ചതെന്നു ലിവര്‍പൂള്‍ സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോ.നിക്കോളാസ് കേസ്വെല്ല് പറഞ്ഞു. അടുത്തിടെ നടത്തിയ പരീക്ഷണത്തില്‍ പാമ്പിന്‍വിഷത്തിലെ ചില തന്മാത്രകള് മാരകമല്ലെന്നു കണ്ടത്തിയതോടെയാണ് ചികിത്സാ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണം വിജയകരമായത്. ഡോക്ടര്‍മാര്‍ മരുന്നു പ്രയോഗത്തിലൂടെ രോഗബാധിതമായ ശരീരകലകളെ തിരുത്തുന്ന അതേ രീതിയാണ് പാമ്പിന് വിഷവും മറ്റുകലകളെ ബാധിക്കുന്നതെന്നു ഡോ.നിക്കോളാസും സംഘവും പറയുന്നു. വിഷത്തെ എങ്ങനെ വിഷരഹിതമായ മാംസ്യ തന്മാത്രകളാക്കി (പ്രോട്ടീന്‍) മാറ്റാമെന്ന ഗവേഷണഫലമായി വിഷത്തില്‍നിന്നു തന്നെ സൗഖ്യദായകമായ മരുന്നുകളും വികസിപ്പിക്കാനാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേര്‍ണലില്‍ ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരുന്നു.