Breaking News

Trending right now:
Description
 
Apr 08, 2013

കണ്ണീരായി, പുകിലായി, ഉല്ലാസ്‌ പന്തളം സ്റ്റാറായി

ഇ.എസ്‌. ജിജിമോള്‍, Special Correspondent
image
ഏഷ്യാനെറ്റ്‌ കോമഡി സ്‌റ്റാര്‍ പ്രോഗ്രം അവസാനിച്ചത്‌ ചിരിപ്പിച്ചല്ല കരയിപ്പിച്ചാണ്‌. ഒന്നാം സ്ഥാനം കിട്ടിയവര്‍ക്കെതിരെ രണ്ടാം സ്ഥാനക്കാര്‍ രംഗത്ത്‌ വരുകയും സമ്മാനം ബഹിഷ്‌ക്കരിക്കുകയും ചെയ്‌തതോടെ കോമഡി സ്‌റ്റാര്‍ ട്രാജഡി സ്‌റ്റാറായത്‌. പരിപാടിയുടെ അവതാരകനായ ജഗദീഷിനെതിരെ ആഞ്ഞടിച്ച ഉല്ലാസ്‌ പന്തളം പ്രേക്ഷകരെ കണ്ണീരണിയിക്കുകയും ചെയ്‌തു. അതോടെ സംഘം തിരിഞ്ഞ്‌ ഉല്ലാസിനായി നടത്തിയ പോരാട്ടം ഇന്‍ര്‍നെറ്റ്‌ ലോകത്ത്‌ ഒരു പുതിയ പുകില്‍ തന്നെയായിരുന്നു. 


കോമഡി സ്‌റ്റാര്‍ മത്സരത്തില്‍ മികച്ച കൊമേഡിയനുള്ള അവാര്‍ഡ്‌ സ്വന്തമാക്കിയ ഉല്ലാസ്‌ ഓസ്‌ട്രേലിയയില്‍ കോമഡി ഷോ അവതരിപ്പാക്കാനുള്ള തിരക്കിലാണ്‌. ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌നറായ ഗ്ലോബല്‍ മലയാളം പ്രതിനിധി നടത്തിയ പ്രത്യേക അഭിമുഖം

ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ വിവാദം ഇപ്പോഴും മുറിവായി മനസില്‍ നില്‌ക്കുന്നുണ്ടോ?


ശരിക്കും പറഞ്ഞാല്‍ ആ വിവാദം ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്‌. നന്നായി അവതരിപ്പിച്ച പരിപാടിയായിരുന്നു ഞങ്ങളുടേത്‌. ഒന്നാം സ്ഥാനം കിട്ടുമെന്നു തന്നെ കരുതിയിരിക്കുമ്പോഴാണ്‌ രണ്ടാം സ്ഥാനത്തേയ്‌ക്ക്‌ തള്ളപ്പെട്ടതായി അറിയന്നത്‌. ശരിക്കും ഷോക്കടിച്ചതു പോലെയായി. അപ്പോള്‍ ആ പരിപാടി ബഹിഷ്‌കരിക്കാനാണ്‌ തോന്നിയത്‌. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത്‌ വേണ്ടായിരുന്നുവെന്ന്‌ തോന്നുന്നു.

ശരിക്കും ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പരിപാടിയാണ്‌ എന്നെ നല്ലൊരു കൊമേഡിയനാക്കി മാറ്റിയത്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിവാദം ഉണ്ടായത്‌ ഒരു പരിധി വരെ എനിക്ക്‌ ഗുണം ചെയ്‌തു. ഒന്നാം സ്ഥാനക്കാരെക്കാള്‍ കൂടുതല്‍ ജനം ശ്രദ്ധിച്ചതും കൂടെ നിന്നതും ഞങ്ങള്‍ക്കൊപ്പമാണ്‌. എവിടെ പ്രോഗ്രാം അവതരിപ്പിക്കാന്‍ ചെന്നാലും കാണികള്‍ പറയും നിങ്ങളുടെ പരിപാടി നന്നായിരുന്നു കേട്ടോ. ഇതാണ്‌ ഏറ്റവും അംഗീകാരം.

ഒന്നാം സ്ഥാനം കിട്ടിയിരുന്നുവെങ്കില്‍ ഞങ്ങളെ പ്രേക്ഷകര്‍ ഒരു പക്ഷേ, മറന്നു പോയേനെ. ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നു.

മിമിക്രി എന്നാല്‍ അനുകരണ കലയാണല്ലോ, ഉല്ലാസ്‌ ആരെയാണ്റ്റവും കൂടുതല്‍ അനുകരിക്കുന്നത്‌?

മിമിക്രി എന്നു കേട്ടാല്‍ പലരും കരുതുന്നത്‌ സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദം അനുകരിക്കലാണെന്നാണ്‌. എന്നാല്‍ അതെല്ലാം മറന്നേക്കൂ എന്നാണ്‌ എനിക്ക്‌ എന്റെ പരിപാടി കാണുന്നവരോട്‌ പറയാനുള്ളത്‌. കാരണം അനുകരിക്കാന്‍ എനിക്ക്‌ അറിഞ്ഞൂകൂടാ അതു തന്നെയാണ്‌ കാരണം. ഞാന്‍ കോമഡി സ്‌കിറ്റുകളാണ്‌ അവതരിപ്പിക്കുന്നത്‌. അനുകരിക്കലിനെക്കാള്‍ മിമിക്രി രംഗത്ത്‌ കൂടുതല്‍ സാധ്യത ഇത്ര വിമര്‍ശനാത്മകമായ കോമഡി സ്‌കിറ്റുകള്‍ക്കാണ്‌. പിന്നെ അനുകരിക്കാന്‍ എനിക്ക്‌ അത്ര കഴിവില്ല. അനുകരിക്കലിന്‌ പത്തുമിനിറ്റില്‍ കൂടുതല്‍ സ്റ്റേജില്‍ പിടിച്ചു നില്‌ക്കാനാവില്ല.

കോമഡി പരിപാടികള്‍ ചിരിപ്പിക്കാനായി ആരെയും വേദനിപ്പിക്കുന്ന പരിഹാസമാണ്‌ നടത്തുന്നതെന്ന്‌ ആരോപണം ഉണ്ടല്ലോ, പ്രത്യേകിച്ച്‌ സ്‌ത്രീകളെ പരിഹസിക്കുന്നത്‌ അതിരു കടക്കുന്നില്ലേ?

ഞങ്ങളുടെ കോമഡി സ്‌കിറ്റുകളെക്കുറിച്ച്‌ അതുപ്പോലൊരു വിമര്‍ശനം ആരും ഉന്നയിച്ചിട്ടില്ല. വിലക്കയറ്റം, മാലിന്യപ്രശ്‌നം, തുടങ്ങിയ സാമൂഹിക വിഷയങ്ങള്‍ കുറിക്കുക്കൊള്ളുന്ന രീതിയില്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ ഞങ്ങള്‍ വിജയിക്കുകയും ചെയ്‌തു. പിന്നെ പലപ്പോഴും കോമഡി പ്രോഗ്രാമുകള്‍ മത്സരം കൂടുമ്പോള്‍ നടത്തുന്ന ചില ചിരിപ്പിക്കല്‍ നമ്പരുകള്‍ പരാജയപ്പെടുമ്പോഴാണ്‌ അതൊരു പരിഹാസമായി ജനത്തിന്‌ തോന്നുക. പരിഹസിക്കാന്‍ വേണ്ടി ഞങ്ങള്‍ തമാശകള്‍ ചെയ്യാറില്ല. അത്തരമൊരു വിമര്‍ശനം ആരും ഇതുവരെ ഉന്നയിച്ചിട്ടുമില്ല.

വിദേശരാജ്യങ്ങളില്‍ പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ പ്രത്യേക പരിശീലനം നടത്താറുണ്ടോ, വിദേശ രാജ്യങ്ങളിലെ പ്രേക്ഷകരെ എങ്ങനെ വിലയിരുത്തുന്നു?

കോമഡി സ്‌റാറില്‍ വന്നതിനുശേഷം ഗള്‍ഫ്‌, യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിട്ടുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രേക്ഷകരിലേയ്‌ക്ക്‌ നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എത്തിക്കാന്‍ എളുപ്പമാണ്‌. കാരണം അവിടെ പരിപാടികള്‍ അവതരിപ്പിക്കന്നത്‌ ഓപ്പണ്‍ സ്‌റേറജല്ല. തമാശകള്‍ വിജയിച്ചാല്‍ അവര്‍ പൊട്ടിച്ചിരിക്കും. ഗള്‍ഫിലോ നാട്ടിലോ ഓപ്പണ്‍ സ്റ്റേജ്‌ പരിപാടി വന്നാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായി പ്രേക്ഷകരില്‍ എത്തണമെന്നില്ല.

മിമിക്രിയിലേയ്‌ക്ക്‌ വന്നിട്ട്‌ എത്ര വര്‍ഷമായി?

17 വര്‍ഷമായി മിമിക്രി പരിപാടി അവതരിപ്പാക്കാന്‍ തുടങ്ങിയിട്ട്‌. ഞങ്ങളുടെ പന്തളത്തെ അമ്പലത്തിലെ ഉത്സവുമായി ബന്ധപ്പെട്ട്‌ ഞാനും സുഹൃത്തുകളും ചേര്‍ന്ന്‌ ഒരു മിമിക്രി ട്രൂപ്പ്‌ ഉണ്ടാക്കി പരിപാടി അവതരിപ്പിച്ചു. പരിപാടി വിജയിച്ചു. എന്റെ ചേട്ടന്‍ പന്തളം ബാലന്‍ ഗാനമേള ട്രൂപ്പ്‌ നടത്തുന്നുണ്ട്‌. പരിപാടി വിജയമായതോടെ ചേട്ടന്റെ ഗാനമേള പരിപാടികള്‍ക്കൊപ്പം ഞങ്ങളെയും കൂട്ടി. അങ്ങനെയാണ്‌ മിമിക്രി പരിപാടിയിലേയ്‌ക്ക്‌ വരുന്നത്‌

സ്‌കൂള്‍ യൂത്ത്‌ ഫെസ്റ്റിവലിനും മറ്റും പങ്കെടുത്തിട്ടുണ്ടോ?

ഇല്ല, മിമിക്രി ഇഷ്ടമായിരുന്നു അത്രമാത്രം.

മിമിക്രി പരിപാടിയുമായി നടന്നപ്പോള്‍ ആദ്യകാല പ്രതികരണവും ഇപ്പോഴത്തെ സുഹൃത്തുക്കളുടെയും പ്രതികരണവും എന്തായിരുന്നു?

ഞാന്‍ പെയിന്റിങ്ങ്‌ തൊഴിലാളിയായിരുന്ന കാലത്താണ്‌ മിമിക്രിയിലേയ്‌ക്ക്‌ വരുന്നത്‌. ജോലിയുടെ ഇടവേളകളിലാണ്‌ പരിപാടിയ്‌ക്ക്‌ പോകുന്നത്‌. അച്ഛന്‍ വരെ ചോദിച്ചിട്ടുണ്ട്‌ നിനക്ക്‌ വേറെ വല്ലോ ജോലിക്കും പോയികൂടെന്ന്‌. മിമിക്രിയെ ആരും ഒരു കലയായി അംഗീകരിച്ചിട്ടില്ല. എന്തോ ഒരു കോപ്രായം എന്നുമാത്രമാണ്‌ ജനത്തിന്റെ ചിന്ത. അതുകൊണ്ടാവാം പലരും നിരുത്സാഹപ്പെടുത്തിയത്‌.

ഞാന്‍ കോമഡി സ്‌റ്റാര്‍ പരിപാടിയില്‍ പങ്കെടുത്തതോടെ എന്നെ പലരും അംഗീകരിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച്‌ വെറും കോമാളിത്തരമെന്ന്‌ പുച്ഛിച്ചവര്‍. അതേ ആളുകള്‍ ഇന്ന്‌ ചോദിക്കും മിമിക്രിക്കൊണ്ട്‌ രക്ഷപ്പെട്ടുപോയല്ലേ. എന്നെപ്പോലെ നൂറുകണക്കിന്‌ കലാകാരന്മാര്‍ ഇവിടെ ഉണ്ട്‌. അംഗീകാരം കിട്ടുന്നതിനും ഭാഗ്യത്തിനും വലിയ പങ്കുണ്ട്‌. ഞാന്‍ പതിനേഴ്‌ വര്‍ഷമായി ഇവിടെ ഉണ്ട്‌. എന്നാല്‍ കോമഡി സ്‌റ്റാര്‍ പരിപാടിയിലൂടെയാണ്‌ എന്നെ ജനം തിരിച്ചറിഞ്ഞത്‌. തീര്‍ച്ചയായും അതൊരും വലിയ ഭാഗ്യം തന്നെയാണ്‌. ഇന്ന്‌ ദുബായ്‌, അമേരിക്ക, കാനഡ, യുകെ, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇനി ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ പോകാനുള്ള ഒരുക്കത്തിലാണ്‌.

സിനിമയില്‍ അവസരം ലഭിച്ചോ?

നാല്‌ നിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തു, ജയസൂര്യ, മനോജ്‌ കെ. ജയന്‍, സുരാജ്‌ തുടങ്ങിയ പ്രമുഖരുടെ കൂടെ കിട്ടിയ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. പുതിയ അവസരങ്ങള്‍ പലതും തേടിവരുന്നു.

കുടുംബം?

ഭാര്യ നിഷ, മക്കള്‍: ഇന്ദ്രജിത്ത്‌, സൂര്യജിത്ത്‌